Movie prime

ലിംഗ നിർണയ നിരോധന നിയമം റദ്ദാക്കണം എന്ന ആവശ്യവുമായി ഐ എം എ

1994 മുതൽ രാജ്യത്ത് നിലവിലുള്ള ലിംഗനിർണയ നിരോധന നിയമത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. നിയമം കർശനമായി നടപ്പിലാക്കിയിട്ടും ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നും ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പിന്തുടരുന്നതിലെ പിഴവുകൾ മൂലം രാജ്യവ്യാപകമായി ഡോക്ടർമാർ പീഡിപ്പിക്കപ്പെടുകയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. നിരോധനം എടുത്തുകളയുക എന്ന ലക്ഷ്യത്തോടെ സർക്കാരിനെയും പാർലമെന്റ് അംഗങ്ങളെയും സമീപിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി. നിയമത്തിലെ ചില വ്യവസ്ഥകളിൽ ഇളവുകൾ വേണം എന്ന ആവശ്യം ഐ എം എ മുൻപും ഉന്നയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സംഘടന പൂർണ നിരോധനത്തിനുവേണ്ടി രംഗത്ത് വരുന്നത്. More
 
ലിംഗ നിർണയ നിരോധന നിയമം റദ്ദാക്കണം എന്ന ആവശ്യവുമായി ഐ എം എ

1994 മുതൽ രാജ്യത്ത് നിലവിലുള്ള ലിംഗനിർണയ നിരോധന നിയമത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. നിയമം കർശനമായി നടപ്പിലാക്കിയിട്ടും ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നും ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പിന്തുടരുന്നതിലെ പിഴവുകൾ മൂലം രാജ്യവ്യാപകമായി ഡോക്ടർമാർ പീഡിപ്പിക്കപ്പെടുകയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. നിരോധനം എടുത്തുകളയുക എന്ന ലക്ഷ്യത്തോടെ സർക്കാരിനെയും പാർലമെന്റ് അംഗങ്ങളെയും സമീപിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

നിയമത്തിലെ ചില വ്യവസ്ഥകളിൽ ഇളവുകൾ വേണം എന്ന ആവശ്യം ഐ എം എ മുൻപും ഉന്നയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സംഘടന പൂർണ നിരോധനത്തിനുവേണ്ടി രംഗത്ത് വരുന്നത്.

ലിംഗനിർണയം വലിയ അപകടമാണ് ചെയ്യുന്നതെന്നും ഒരു കാരണവശാലും അത് അനുവദിക്കരുതെന്നും ആവശ്യപ്പെടുന്ന വലിയൊരു വിഭാഗം മെഡിക്കൽ മേഖലയിലുണ്ട്. നിരോധനം നിലവിലുള്ളപ്പോൾ പോലും രാജ്യത്തെ പല സ്വകാര്യ ആശുപത്രികളിലും നിയമവിരുദ്ധമായി ലിംഗനിർണയം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പിറക്കാനിരിക്കുന്നത് പെൺകുഞ്ഞാണ് എന്നറിയുന്നതോടെ കുട്ടിയുടെ മാതാപിതാക്കൾ ഭ്രൂണഹത്യയിലേക്ക് നീങ്ങുന്നു. രാജ്യത്ത് സ്ത്രീകളുടെ സെക്സ് റേഷ്യോ കുറയുന്നതിന് ഇത് കാരണമാകുന്നു.

എന്നാൽ നിയമം നടപ്പിലായിട്ടും സെക്സ് റേഷ്യോ പഴയതു പോലെ തുടരുകയാണെന്ന് ഐ എം എ ദേശീയ പ്രസിഡണ്ട് ശന്തനു സെൻ പറഞ്ഞു. കുറെ ഡോക്ടർമാരെ ഉപദ്രവിക്കുകയല്ലാതെ നിയമം കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.

നിയമത്തിൽ ഇളവുകൾ അനുവദിക്കണമെന്നും പേപ്പർ വർക്കുകളുടെ കാഠിന്യം കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രസവചികിത്സാ വിദഗ്ദ്ധരുടെയും റേഡിയോളജിസ്റ്റുകളുടെയും ദേശീയ സംഘടന സുപ്രീം കോടതി മുൻപാകെ സമർപ്പിച്ച ഹർജി വെള്ളിയാഴ്ച തള്ളിയിരുന്നു. ഇതേ തുടർന്നാണ് സർക്കാരിനെയും പാർലമെന്റ് അംഗങ്ങളെയും സമീപിക്കാൻ ഐ എം എ തീരുമാനിക്കുന്നത്.

കാൽനൂറ്റാണ്ടായി രാജ്യത്ത് നിലവിലുള്ളതാണ് ലിംഗ നിർണയ നിരോധന നിയമം. ഇതേവരെ രജിസ്റ്റർ ചെയ്ത 1337 കേസുകളിൽ 586 ഡോക്ടർമാർ ശിക്ഷിക്കപ്പെട്ടതായും 138 പേർക്ക് ലൈസൻസ് നഷ്ടമായതായും കണക്കുകൾ കാണിക്കുന്നു.

പെൺഭ്രൂണഹത്യയ്ക്കെതിരെ കർശന നിലപാട് എടുക്കുന്നവരും ലിംഗനിർണയ നിരോധന നിയമം പഴുതുകളില്ലാതെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നവരുമായ ഡോക്ടർമാർ ഐ എം എ യുടെ പുതിയ നിലപാടിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വ്യാപാരികൾ അവരുടെ തൊഴിൽ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നതിന് തുല്യമാണ് ഈ ആവശ്യമെന്നും അതിൽ അത്ഭുതമൊന്നും തോന്നുന്നില്ലെന്നും അവർ പരിഹസിച്ചു.

നിയമം ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ കൈക്കൊള്ളണം എന്ന ആവശ്യമാണ് അവർ ഉയർത്തുന്നത്. നിയമം പ്രാബല്യത്തിൽ ഉണ്ടായിട്ടും രാജ്യത്ത് പെൺഭ്രൂണ ഹത്യ തുടരുകയാണ്. 2001ൽ 1000:927 ആയിരുന്നു ആൺ, പെൺ അനുപാതമെങ്കിൽ 2011 ൽ എത്തിയപ്പോൾ പെൺകുഞ്ഞുങ്ങളുടെ ജനന നിരക്ക് പിന്നെയും കുറഞ് 919 ൽ എത്തിയതായി അവർ പറയുന്നു.