Movie prime

മാലിക്കിന്റെ വിവാദ ഭൂമികയിൽ...

 
 വാർത്തയിലെ സത്യസന്ധതയ്ക്കും ആധികാരികതയ്ക്കും ഒപ്പം സാമൂഹിക പ്രതിബദ്ധതയും പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ പൂർണ്ണ മികവ് അസാധ്യമായിരിക്കാം. പക്ഷെ, പ്രായോഗികമായ ഒരു സംതുലിതാവസ്ഥ ഉറപ്പു വരുത്താനാവും. 
 

ഫഹദ് ഫാസില്‍ ചിത്രമായ മാലിക്കിന്റെ വിജയം, മലയാളികള്‍ മറന്ന് പോയൊരു സംഭവത്തിന്റെ ഓര്‍മ്മകളെ തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ്. 2009 ല്‍ നടന്ന തിരുവനന്തപുരത്തെ ബീമാപള്ളി പോലീസ് വെടിവെയ്പാണ് ആ സംഭവം. സിനിമയിലെ റമദാപള്ളി, രൂപത്തിലും ഭാവത്തിലുമെല്ലാം പ്രശസ്തമായ ബീമാപള്ളിയെ അനുസ്മരിപ്പിക്കുന്നത് കൊണ്ട് കൂടിയാകാം ഈ സാദൃശ്യം എന്നതും സത്യമാണ്. മാത്രവുമല്ല, കേരളത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ചത്
എന്ന് അടിവരയിട്ട് പറയേണ്ട ജയിലിന് മുന്നിലെ ബോംബാക്രമണവും കൊലപാതകവുമെല്ലാം ആ കാലത്തേക്കാണ് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്.

Rajmohan DS
രാജ്‌മോഹൻ ഡി എസ്

2009 മെയ് 17നാണ് ബീമാപള്ളിയിലെ വെടിവെയ്പ് നടന്നത്. വെടിവെയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് മാലിക്കിലൂടെ ആ കാലം പുനരാവിഷ്‌ക്കരിക്കപ്പെടുമ്പോള്‍ ബീമാ പള്ളിയില്‍ അന്ന് നടന്ന സംഭവങ്ങള്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ പലതും എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ഓര്‍ക്കുന്നത് പ്രസക്തമായിരിക്കും.

2009 ആകുമ്പോഴേക്കും മലയാളത്തില്‍ നിരവധി വാര്‍ത്താചാനലുകള്‍ സജീവമായി കഴിഞ്ഞിരുന്നു. പലതും കൂടുതല്‍ പ്രേക്ഷകരെ നേടാൻ  സകല വിധ ഗിമ്മിക്‌സും കാണിക്കുന്ന തിരക്കില്‍ വര്‍ഗ്ഗീയത ഉണര്‍ത്തി വിടുന്ന രീതിയില്‍ സംഭവത്തെ തങ്ങളാല്‍ ആവുംവിധം വളച്ചൊടിക്കാന്‍ ശ്രമിച്ചിരുന്നു. വെടിവെയ്ക്കാന്‍ ഉത്തരവിട്ടത് ആരാണെന്ന വിവാദമായിരുന്നു പലരും വാര്‍ത്തയാക്കിയത്.  അന്ന് സഞ്ജയ് കൗള്‍ ആയിരുന്നു തിരുവനന്തപുരം ജില്ലാ കളക്ടര്‍. കെ.ബിജു സബ്കളക്ടറും. മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനും ആഭ്യന്തര മന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണനും പോലീസ് നടപടി തെറ്റായിരുന്നു എന്ന നിലപാടിലായിരുന്നു. 

വെടിവെയ്പില്‍ 16 വയസുള്ള ഫിറോസ് എന്ന കുട്ടി കൊല്ലപ്പെട്ടിരുന്നു. ഫിറോസിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ പോലും പല ചാനലുകളും നിരന്തരം കാട്ടി വര്‍ഗീയത ഉയര്‍ത്തിവിടാന്‍ ശ്രമിച്ചപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഇക്കാര്യത്തില്‍ അങ്ങേയറ്റം മാന്യതയാണ് കാട്ടിയത്. ദൃശ്യങ്ങളുടെ കാര്യത്തിലും വാര്‍ത്തയുടെ കാര്യത്തിലുമെല്ലാം അങ്ങേയറ്റം പക്വതയോടെയാണ് മലയാളത്തിന്റെ ആദ്യ സ്വകാര്യ ചാനല്‍ പെരുമാറിയത്. മുസ്ലീങ്ങള്‍ കൂട്ടത്തോടെ തിങ്ങിപ്പാര്‍ക്കുന്ന ബീമാപള്ളിയിലേയും ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ചെറിയതുറയിലേയും ഏതാനും പേര്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളാണ് പിന്നീട് വെടിവെയ്പിലേക്ക് എത്തിച്ചത്. 

എന്നാല്‍ പോലീസ് ചില മാധ്യമങ്ങളെ ഉപയോഗിച്ച് മെനഞ്ഞ കള്ളക്കഥ, വെടിവെയ്പ് ഉണ്ടായത് ചെറിയതുറയിൽ ആണെന്നായിരുന്നു. ബീമാപള്ളി സ്വദേശികള്‍ ഇവിടെ അക്രമം നടത്താന്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നില്‍.എന്നാല്‍ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പോലീസിന്റെ കള്ളക്കഥകള്‍ ഓരോന്നായി പൊളിച്ചടുക്കി.

പില്‍ക്കാലത്തും ബീമാപള്ളി സാമൂഹ്യ വിരുദ്ധരുടേയും കള്ളക്കടത്തുകാരുടേയും അധിവാസ മേഖലയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത കൊടുക്കാൻ പല മാധ്യമങ്ങളും ശ്രമിച്ചിരുന്നു. വ്യാജ സിഡി പിടിക്കാനെത്തിയ പോലീസ് സംഘത്തെ ബീമാ പള്ളി പരിസരത്ത് നിന്ന് തുരത്തിയെന്ന വാര്‍ത്തയൊക്കെ ഇതിന്റെ ഭാഗമായിരുന്നു. ബീമാ പള്ളി വെടിവെയ്പിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പൂന്തുറ കലാപവും ഷാജി കൈലാസിന്റെ കമ്മീഷണര്‍ എന്ന ചിത്രത്തില്‍ പരാമര്‍ശ വിഷയമായിരുന്നു.

Mali Movie still1982 ലെ കെ.കരുണാകരന്റെ ഭരണകാലത്ത് നടന്ന ചാല തീവെയ്പും അനുബന്ധ സംഭവങ്ങളുമെല്ലാം ഇനിയുള്ള കാലത്ത് സിനിമക്ക് പ്രമേയം ആകുമായിരിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ നടുക്കിയ കബീര്‍ കൊലക്കേസും ബോംബേറുമെല്ലാം മാലിക്കില്‍ സംഭവങ്ങളായി കടന്ന് വരുന്നു എങ്കിലും  കബീറിനെ വധിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബീമാപള്ളി വെടിവെയ്പ് നടന്നതെന്നതാണ് സത്യം. കബീര്‍ കൊല്ലപ്പെട്ടത് 1999ലും ബീമാപള്ളി വെടിവെയ്പ്  നടന്നത് 2009ലുമാണ്. എന്തായാലും മാലിക്ക് ഒരു ഡോക്യുമെന്ററിയല്ല. അത് കൊണ്ട് തന്നെ കഥയില്‍ എന്ത് മാറ്റം വരുത്താനും സംവിധായകനും തിരക്കഥാകൃത്തിനും അവകാശവുമുണ്ട്.

വാർത്തയിലെ സത്യസന്ധതയ്ക്കും ആധികാരികതയ്ക്കും ഒപ്പം സാമൂഹിക പ്രതിബദ്ധതയും പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ പൂർണ്ണ മികവ് അസാധ്യമായിരിക്കാം. പക്ഷെ, പ്രായോഗികമായ ഒരു സംതുലിതാവസ്ഥ ഉറപ്പു വരുത്താനാവും. 

ഏതായാലും മാധ്യമങ്ങളുടെ വര്‍ഗ്ഗീയ പ്രീണനങ്ങള്‍ക്ക് ഇന്നും വലിയ മാറ്റമൊന്നുമില്ലാതെ തുടരുമ്പോൾ, ഇത്തരം സംഭവങ്ങളില്‍ ഏഷ്യാനെറ്റ് സ്വീകരിച്ച  മാതൃക മറ്റുള്ളവര്‍ക്കും അനുകരിക്കാവുന്നതാണ്. പക്ഷെ അതിന് എത്ര പേര്‍ തയ്യാറാകും?