in

കോളറക്കാലത്ത്

കോളറക്കാലത്ത് സ്കൂളിന് മുന്നിലൂടെ ഉന്തുവണ്ടികളിൽ ഇടവിട്ട് ശവങ്ങൾ കടന്ന് പോയി. ജലം വാർന്ന് മൃതമായിത്തീർന്ന ഈ ദേഹങ്ങളിൽ ഈച്ചകളാർത്തു കൊണ്ടിരുന്നു. സ്കൂളിന് മുമ്പിൽ ഞങ്ങൾ കുട്ടികൾ കൂട്ടം കൂടി നിൽക്കും. വെയിലിൽ വിയർത്ത് നനഞ്ഞ കറുത്ത ശരീരമുള്ള മനുഷ്യർ യാതൊരു ഭാവഭേദവും കൂടാതെ വണ്ടി വലിച്ചുകൊണ്ടിരിയ്ക്കും. വണ്ടിയ്ക്കുള്ളിലെ വാടിക്കരിഞ്ഞ മൃതദേഹങ്ങളുടേത് പോലെ ഇവരുടെ കണ്ണുകളും നിർജ്ജീവമായിരിക്കും. മുഖഭാവം കൊണ്ട് ഇവർ ജീവിച്ചിരിക്കുന്ന മൃതദേഹങ്ങളെന്ന് തോന്നിച്ചു. ഉടുത്തിരുന്ന നിറംമങ്ങിയ തോർത്തിൽ ഈച്ചകൾ വലംവച്ചു കൊണ്ടിരുന്നു

മഹാദുരന്തങ്ങളുടെ ചരിത്രത്തിൽ ഉടനീളം ഇത്തരം അനുഭവങ്ങളുടെ തനിയാവർത്തനങ്ങൾ കാണാനാവും. പ്ലേഗും കോളറയും വസൂരിയും പോലുള്ള മാരകമായ പകർച്ച വ്യാധികൾ മനുഷ്യരാശിക്ക് കൂട്ടശവപ്പറമ്പുകൾ തീർത്ത കെട്ട കാലങ്ങൾ. കോളറക്കാലത്തെ അത്തരം അനുഭവങ്ങളെപ്പറ്റിയാണ്    എം എൻ വിജയൻ എഴുതുന്നത്. മാഷിൻ്റെ ആത്മകഥ കാലിഡോസ്കോപ്പിൽ നിന്നുള്ള ഈ ഭാഗം കൊറോണക്കാലത്തെ വായനക്കായി ബി ലൈവ് പ്രസിദ്ധീകരിക്കുന്നു. 

1942- 45 ചരിത്രത്തിൽ കനലുകളെറിഞ്ഞ ഘട്ടമാണ്. ഞാനന്ന് കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂളിൽ പഠിക്കുകയായിരുന്നു. കോളറയും വസൂരിയും യുദ്ധവും അന്നത്തെ ജീവിതത്തോട് സംവദിച്ചു. ദുരിതവും ദാരിദ്ര്യവും ഒരു പേമാരി പോലെ ഇടവിട്ട് ചൊരിഞ്ഞു. ശപ്തമായ ഈ അവസ്ഥയിൽപ്പോലും പ്രത്യാശയുടെ പൂക്കൾ ഏതൊക്കെയോ ഉദ്യാനങ്ങളിൽ വിരിഞ്ഞു് നിന്നിരുന്നു.

കോളറക്കാലത്ത് സ്കൂളിന് മുന്നിലൂടെ ഉന്തുവണ്ടികളിൽ ഇടവിട്ട് ശവങ്ങൾ കടന്ന് പോയി. ജലം വാർന്ന് മൃതമായിത്തീർന്ന ഈ ദേഹങ്ങളിൽ ഈച്ചകളാർത്തു കൊണ്ടിരുന്നു. സ്കൂളിന് മുമ്പിൽ ഞങ്ങൾ കുട്ടികൾ കൂട്ടം കൂടി നിൽക്കും. വെയിലിൽ വിയർത്ത് നനഞ്ഞ കറുത്ത ശരീരമുള്ള മനുഷ്യർ യാതൊരു ഭാവഭേദവും കൂടാതെ വണ്ടി വലിച്ചുകൊണ്ടിരിയ്ക്കും. വണ്ടിയ്ക്കുള്ളിലെ വാടിക്കരിഞ്ഞ മൃതദേഹങ്ങളുടേത് പോലെ ഇവരുടെ കണ്ണുകളും നിർജ്ജീവമായിരിക്കും. മുഖഭാവം കൊണ്ട് ഇവർ ജീവിച്ചിരിക്കുന്ന മൃതദേഹങ്ങളെന്ന് തോന്നിച്ചു. ഉടുത്തിരുന്ന നിറംമങ്ങിയ തോർത്തിൽ ഈച്ചകൾ വലംവച്ചു കൊണ്ടിരുന്നു.

തെരുവിലൂടെ നടന്നു പൊയ്ക്കൊണ്ടിരിക്കെ, നിങ്ങൾ വളരെ പെട്ടന്ന് ഒരു നിലവിളി കേട്ട് നിന്ന് പോവും. ഈ ഒരനുഭവം ആ കാലത്തിന്റേത് മാത്രമായ ഒന്നായിരുന്നു. കോളറയോ വസൂരിയോ ആ ഒരു നിമിഷത്തിൽ ഒരു മനുഷ്യജീവനെടുത്തെന്ന് നിങ്ങൾക്ക് മനസ്സിലാവുന്നു. ഞങ്ങളുടെ സ്കൂളും പരിസരവും പലപ്പോഴും ഇത്തരം നിലവിളികൾ കൊണ്ട് മുഖരിതമാകും. ദൈന്യം നിറഞ്ഞ മുഖത്ത് കണ്ണീരുമായി ദരിദ്രനായ ഒരു വിദ്യാർത്ഥി ജീവിതത്തിന്റെ ഈയൊരു അനുഭവത്തിലേയ്ക്ക് ഓടിയിറങ്ങും.എല്ലാ കർക്കിടവും കോളറയുടെ കഥനവും സഹനവും ജനങ്ങൾക്ക് സമ്മാനിച്ചു കൊണ്ടിരുന്നു.
തെരുവുകളിലും കടത്തിണ്ണകളിലും ശവങ്ങൾ മഴ നനഞ്ഞ് വീണ് കിടന്നു. വസൂരിക്കാലത്ത് രോഗം പിടിച്ചവരെ കോതപറമ്പിലുള്ള പ്രത്യേകസ്ഥലത്തായിരുന്നു കിടത്തിയിരുന്നത്.’വസൂരി ചാപ്പാറ ‘ എന്ന് പറയും. ഇതൊരു തരം ‘ ഐസൊലേഷൻ വാർഡ് ‘ പോലെയായിരുന്നു.
ഏതെങ്കിലും ഒരു വീട്ടിൽ വസൂരിയുടെ വിത്ത് വീണു എന്ന് കേട്ടാൽ നാട് ഏറെക്കുറെ വിജനമാവുകയായി. വസൂരി ബാധിച്ച ഏറെ പ്രിയപ്പെട്ടവരെ വിട്ട് ബന്ധു ഗൃഹങ്ങളിലേയ്ക്കും മറ്റും ജനപ്രവാഹം തുടങ്ങും. വിജനമായ നാട്ടിൻപുറങ്ങളിൽ കള്ളന്മാരും നായ്ക്കളും അലഞ്ഞ് നടക്കും. പാതിരാത്രികളിൽ കുറുക്കന്മാർ സംഘം ചേർന്ന് ഓളിയിടും.

ചാപ്പാറയിലെ ഓലഷെഡ്ഢുകളിൽ ഉപേക്ഷിച്ച് പോകുന്ന രോഗികളിൽ ഭൂരിഭാഗവും മരിക്കും. പലപ്പോഴും പട്ടിണികിടന്നും ദാഹജലം കിട്ടാതെയും ആയിരിക്കും മരണങ്ങൾ. അതിജീവിച്ചവരുണ്ട്. ഇവർ തകർന്ന് പൊടിഞ്ഞ ശരീരഭാഗങ്ങളുമായി വസൂരി ഇറങ്ങുമ്പോൾ തിരിച്ച് വരുന്ന പ്രിയപ്പെട്ടവരെ കാത്തു നിൽക്കും.

ചാപ്പാറയിൽ ഉപേക്ഷിച്ച് പോകുന്നവരെ നോക്കാൻ ചിലരെ കാവലേൽപ്പിക്കാറുണ്ട്. അവർ മിക്കവാറും വസൂരി ബാധിച്ച് ഭേദമായവരായിരിക്കും. തുടർച്ചയായി മദ്യപിച്ച് നിരന്തരം ബീഡി വലിച്ച് ഇവർ രാത്രികളെ പിന്തള്ളും. ചിലപ്പോൾ രാവും പകലും ഇല്ലാതെ ഉറങ്ങും. ഇടയ്ക്ക് നടത്തുന്ന റൗണ്ട്സിൽ വടികൊണ്ട് കുത്തി നോക്കി രോഗിക്ക് ജീവനുണ്ടോ എന്ന്  പരിശോധിക്കും. മരിച്ചവരെ കുഴിച്ച് മൂടും. ചിലപ്പോഴൊക്കെ ചിലരെ ജീവനോടെ തന്നെ അടക്കും.

ഹിന്ദു ദിനപ്പത്രത്തിൽ ജോലി ചെയ്ത എന്റെ ഇളയ അമ്മാവന് വസൂരി ബാധിച്ചു. അദ്ദേഹം അമ്മാവന്മാരിൽ വച്ച് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരാളായിരുന്നു. അമ്മാവൻ ചാപ്പാറയിലെ ഷെഡ്ഢിലേക്ക് മാറിയില്ല. ഇന്ന് ഞാൻ താമസിയ്ക്കുന്ന വീടിന്റെ ഭാഗത്തുള്ള പഴയ മുറിയിൽ അദ്ദേഹം നിശ്ശബ്ദനായി കിടന്നു. അമ്മാവന് വസൂരി ബാധിച്ച ഉടനെ തന്നെ വീട്ടുകാർ പലായനത്തിന് ഒരുങ്ങി. അമ്മാവനെ നോക്കാൻ ഒരാളെ ഏൽപ്പിച്ചു. വസൂരി വന്ന് മാറിയ ഒരാൾ. വസൂരിക്കലയുള്ള അദ്ദേഹത്തിന്റെ കണ്ണുകൾ തീക്ഷ്ണങ്ങളായിരുന്നു.മദ്യപിച്ചെന്നോണം അവ ചുവന്നിരുന്നു.

അമ്മാവനോടും അദ്ദേഹത്തോടും യാത്ര പറഞ്ഞ് ഞങ്ങൾ പുറപ്പെടാനൊരുങ്ങി.”പോകും മുമ്പ് ഒരു കത്തി തന്നിട്ട് പോണേ..”അദ്ദേഹം പറഞ്ഞു.ഞങ്ങൾ നടുങ്ങി. അദ്ദേഹം അമ്മാവനെ കൊന്നിട്ട് പോകുമെന്ന് ഞങ്ങൾ ഭയപ്പെട്ടു. അങ്ങനെയും സംഭവിക്കാറുണ്ടായിരുന്നു. വസൂരി ബാധിച്ചവർ നോക്കാൻ ഏൽപ്പിച്ചിരുന്നവർക്ക് ഒരു ബാധ്യതയായിരുന്നു. പായിൽ കെട്ടിപ്പൊതിഞ്ഞ് ജീവനോടെ ഭൂമിക്കടിയിലേയ്ക്ക് താഴ്ത്തപ്പെട്ടവർ ഏറെയുണ്ടായിരുന്നു.ഞങ്ങളുടെ വിഹ്വലവും സിസ്സഹായവുമായ മുഖത്തു നോക്കിക്കൊണ്ട് അദ്ദേഹം വിലക്ഷണമായി ചിരിച്ചു. ജീവിതത്തിന്റെ മറ്റൊരു പര്യായപദമായി ആ ചിരി എന്റെ മനസ്സിലുണ്ട്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ആരോഗ്യ പ്രവർത്തകരുടെ മാനസികാരോഗ്യം

കൊറോണ വൈറസ് ഭീഷണിക്കിടയിലും സ്മാർട്ടഫോൺ പുറത്തിറക്കി വാവേ