in

ആന്റി റിട്രോവൈറൽ മരുന്നുകളിൽ മൂന്നിലൊന്നും ഇന്ത്യയുടെ സംഭാവന

എച്ച് ഐ വി, എയ്ഡ്സ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ ലോകം വലിയ പുരോഗതി നേടിയെന്നും ആഗോള തലത്തിൽ എയ്ഡ്സിനെതിരെയുള്ള ആന്റി റിട്രോവൈറൽ മരുന്നുകളിൽ മൂന്നിലൊന്നും ഇന്ത്യയുടെ സംഭാവനയാണെന്നും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ. 

എന്നാൽ 2030 ഓടെ എച്ച് ഐ വി / എയ്ഡ്സ് ഭീഷണിയെ മറികടക്കാനാവുമോ എന്നതിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുകയാണെന്ന് ഇന്ത്യൻ പ്രതിനിധി പൗലോമി ത്രിപാഠി അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് സംഘടിപ്പിച്ച എയ്ഡ്സ് പ്രതിരോധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. 
എയ്ഡ്സ് നിയന്ത്രണ കാര്യത്തിൽ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. ലോകത്ത് ആകമാനം ഉപയോഗിക്കുന്ന ആന്റി റിട്രോവൈറൽ മരുന്നുകളിൽ മൂന്നിലൊന്നും ഉത്പാദിപ്പിക്കുന്നത് ഇന്ത്യൻ മരുന്ന് കമ്പനികളാണ്. വികസ്വര രാജ്യങ്ങളിൽ രോഗവ്യാപനം തടയുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുന്നു. 

എയ്ഡ്സ് വ്യാപകമായ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളെ  അപേക്ഷിച്ച് പുതിയതായി രോഗം ബാധിക്കുന്നവരുടെ കാര്യത്തിൽ രാജ്യത്ത് എൺപത് ശതമാനത്തിന്റെ  കുറവ് വന്നിട്ടുണ്ട്. മരണ നിരക്കിൽ 71 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിരിക്കുന്നു. എച്ച് ഐ വി ബാധിതരുടെ ക്ഷയരോഗം മൂലമുള്ള മരണ നിരക്കിൽ 84 ശതമാനം കുറവുണ്ട്. രോഗത്തെക്കുറിച്ചുള്ള അവബോധം ഉയർത്തൽ, ചികിത്സ, പ്രതിരോധപ്രവർത്തനങ്ങൾ എന്നിവയിലെല്ലാം ഇന്ത്യക്ക് കാര്യമായ പുരോഗതി നേടാനായെന്ന് ത്രിപാഠി പറഞ്ഞു. ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഉണ്ടായ പുരോഗതി തന്നെയാണ് പ്രധാനം. എച്ച് ഐ വി ബാധിതർക്കൊപ്പം സിവിൽ സമൂഹത്തിന്റെയും സഹകരണം ഗുണം ചെയ്തു.

മെച്ചപ്പെട്ട രോഗ നിർണയ സംവിധാനത്തിലൂടെ രോഗബാധിതരെ പരമാവധി കണ്ടെത്തി ചികിത്സ നൽകുന്നതിൽ ആവണം ഭാവിയിൽ നമ്മുടെ  ഊന്നൽ. ഗവേഷണപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം. പ്രതിരോധ വാക്സിനുകൾ വികസിപ്പിക്കണം. ജീവിതകാലം മുഴുവൻ ആന്റി റിട്രോ വൈറൽ മരുന്നുകൾ ഉപയോഗിക്കേണ്ടിവരുന്ന നിലവിലെ സ്ഥിതിക്ക് മാറ്റം വരണം, ഭാവി വെല്ലുവിളികളെ സംബന്ധിച്ച് അവർ അഭിപ്രായപ്പെട്ടു.കഴിഞ്ഞ വർഷം  സെപ്റ്റംബറിലാണ് എച്ച് ഐ വി, എയ്ഡ്സ് പ്രതിരോധ നിയന്ത്രണ നിയമം പ്രാബല്യത്തിൽ വന്നത്. എയ്ഡ്സ് രോഗികൾക്ക്, യാതൊരു തരത്തിലുള്ള സാമൂഹ്യ വിവേചനങ്ങൾക്കും ഇരയാവാതെ  അന്തസ്സുള്ള ജീവിതം ഉറപ്പുവരുത്താൻ ഉദ്ദേശിച്ചുള്ള ബില്ലാണ് പാർലമെന്റ് പാസാക്കിയത്. തൊഴിൽ, ആരോഗ്യരക്ഷ, വിദ്യാഭാസം, പൊതു സേവനങ്ങൾ, സ്വത്തവകാശം, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലെല്ലാം  എയ്ഡ്സ് രോഗ ബാധിതർ നേരിടുന്ന പല തരത്തിലുള്ള വിവേചനത്തിനെതിരെ ശക്തമായ സാമൂഹ്യ സുരക്ഷയാണ് നിയമം ഉറപ്പു നൽകുന്നത്. 


ചടങ്ങിൽ സംബന്ധിച്ച മുൻ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയും എയ്ഡ്സ് പ്രതിരോധത്തിൽ ഇന്ത്യയുടെ സംഭാവനകൾ എടുത്തുപറഞ്ഞു. ഇന്ത്യൻ മരുന്ന് കമ്പനികൾ വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ മരുന്നുകളാണ് ലോകത്ത്  എച്ച് ഐ വി ചികിത്സയിൽ നിർണായക പങ്കുവഹിക്കുന്നത്. പതിനഞ്ച് കൊല്ലം മുൻപ് രാജ്യം  കടന്നുപോയത് അത്യന്തം അപകടകരമായ അവസ്ഥയിലൂടെ ആയിരുന്നു. രാജ്യം അതിനെ ഇച്ഛാശക്തിയോടെ നേരിട്ടു. ഇന്ന് ലോകത്ത് എയ്ഡ്സ് ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ എൺപത് ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യൻ മരുന്ന് കമ്പനികളാണ്, അദ്ദേഹം പറഞ്ഞു. 

2017 ൽ രാജ്യത്ത് 2.1 ദശലക്ഷം എച്ച് ഐ വി , എയ്ഡ്സ് രോഗബാധിതരാണ് ഉണ്ടായിരുന്നത്. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം നിലവിൽ 7,50,000 പേരാണ് സർക്കാർ നൽകുന്ന സൗജന്യ മരുന്നുകൾ ഉപയോഗപ്പെടുത്തുന്നത്. 2017 ൽ 80,000 പേർക്ക് പുതിയതായി രോഗം ബാധിച്ചു. 69,000 പേർ മരണപ്പെട്ടു. 2000 -2011 കാലയളവിൽ എച്ച് ഐ വി നിയന്ത്രണത്തിൽ രാജ്യം വലിയ പുരോഗതി കൈവരിച്ചെന്നും രോഗബാധിതരുടെ എണ്ണം പകുതിയായി കുറഞ്ഞെന്നും കണക്കുകൾ പറയുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച നാല് പേര്‍ അറസ്റ്റില്‍

നിപ ബാധിച്ച വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരം