അർബുദ രോഗ ബാധയെത്തുടർന്ന് ഒരു വർഷമായി വിദേശത്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശസ്ത അഭിനേതാവ് ഇർഫാൻ ഖാൻ തിരിച്ചെത്തുന്നു. താൻ മടക്കയാത്രയിലാണ് എന്ന വിവരം ഇർഫാൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
വിജയം തേടിയുള്ള യാത്രകൾക്കിടയിൽ എവിടെയോവെച്ച് സ്നേഹിക്കപ്പെടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നാം മറന്നുപോകുന്നു. ഒരു പ്രതിസന്ധി ഘട്ടമാണ് നമ്മെയത് ഓർമപ്പെടുത്തുന്നത്, ഇർഫാൻ ട്വിറ്ററിൽ കുറിച്ചു. ജീവിതത്തിലേക്കുള്ള ഈ മടങ്ങിവരവിൽ ആശ്വാസമായി വലിയ അളവിൽ സ്നേഹം പകർന്നും പിന്തുണച്ചും ഒപ്പം നിന്നവർക്ക് കൃതജ്ഞത അറിയിക്കുന്നതായും താരം അറിയിച്ചു.
— Irrfan (@irrfank) April 3, 2019
ദേശീയ അവാർഡ് ജേതാവായ നടൻ 2018 മാർച്ച് 5 നാണ് തനിക്കൊരു ‘അപൂർവ രോഗം’ ബാധിച്ചിരിക്കുന്നു എന്ന വിവരം ട്വിറ്ററിലൂടെ പങ്കുവെയ്ക്കുന്നത്. അപ്പോഴും ഇർഫാനെ ബാധിച്ചിട്ടുള്ളത് മാരകമായ എൻഡോക്രൈൻ കാൻസറാണ് എന്നത് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.
അസുഖം ഭേദമായെന്നും ദീപാവലിക്ക് ശേഷം ഇർഫാൻ ഇന്ത്യയിൽ മടങ്ങിയെത്തുമെന്നും കഴിഞ്ഞ ഒക്ടോബറിൽ വക്താവ് അറിയിച്ചിരുന്നു. എന്നാൽ തിരിച്ചെത്തിയാലുടൻ ‘ഹിന്ദി മീഡിയം 2’ ന്റെ ചിത്രീകരണം തുടങ്ങും എന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിയിരുന്നു.