Movie prime

ജലീൽ വെച്ച വെടിയിൽ പുകയുന്ന കേരള രാഷ്ട്രീയം 

 

മലപ്പുറം ജില്ലയിലെ എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ വിവാദങ്ങള്‍ കേരളത്തിന്‌ അപമാനമായി മാറുമ്പോള്‍
പരലോകത്തിരുന്ന്‌ ഇതൊക്കെ കണ്ട്‌ ഒരു ആത്മാവ്‌ തേങ്ങുന്നുണ്ടായിരിക്കും. സാക്ഷാല്‍ മുഹമ്മദ്‌ അബ്ദുറഹ്മാന്‍ 
സാഹിബ്ബ്. പുതിയ തലമുറയ്ക്ക് അദ്ദേഹത്തെ അത്ര പരിചയമുണ്ടാവില്ല.  ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലെ തിളക്കമാര്‍ന്ന ഒരധ്യായമായ അദ്ദേഹം 
ആദര്‍ശത്തിന്റെയും സത്യസന്ധതയുടേയും ആര്‍ജവത്തിന്റെയും തികഞ്ഞ പ്രതിരൂപമായിരുന്നു അദ്ദേഹം. 
സ്വാതന്ത്യലബ്ധിക്ക്‌ മുമ്പ്‌ വളരെ ചെറുപ്പത്തില്‍ കെ.പി.സി.സിയുടെ അധ്യക്ഷന്‍ വരെയായ മഹാമനുഷ്യന്‍. അദ്ദേഹത്തിന്റെ പേര്‌ നല്‍കി ആദരിച്ച ഒരു പ്രദേശത്തിന്റെ പേരിലാണ്‌ ഇന്ന്‌ ഈ വിവാദങ്ങള്‍ മുഴുവന്‍ നടക്കുന്നത്‌. എ.ആര്‍ നഗര്‍ എന്നത്‌ അബ്ദുറഹ്മാന്‍ നഗര്‍ എന്നതിന്റെ ചുരുക്കപ്പേരാണ്‌. 

Madhyama lokamകഴിഞ്ഞ ദിവസം ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവറില്‍ എ.ആര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ടി.ജലീലിനെ തള്ളിപ്പറഞ്ഞ വിഷയം ചര്‍ച്ച ചെയ്യുന്നത്‌ കണ്ടപ്പോള്‍ ഓര്‍ത്ത്‌ പോയത്‌ സാക്ഷാല്‍ അബ്ദു റഹ്മാന്‍ സാഹിബിനെ തന്നെയാണ്‌. ഇന്നത്തെ കോണ്‍ഗ്രസുകാര്‍ മറന്ന്‌ പോയ ഒരു വലിയ മനുഷ്യൻ.

ചര്‍ച്ചയില്‍ ലീഗിനെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത മുന്‍ എം.എല്‍.എ അബ്ദുറഹ്മാന്‍ രണ്ടത്താണി പലപ്പോഴും അവതാരകനായ വിനു വി ജോണിന്റെ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ പതറുന്നത്‌ കണ്ടപ്പോള്‍ സത്യത്തില്‍ ദു:ഖം തോന്നി. ലീഗിലെ വലിയ പേരുദോഷം ഉണ്ടാക്കാത്ത നേതാക്കളില്‍ ഒരാളാണ്‌ രണ്ടത്താണി. അദ്ദേഹവും ഈ സകരണസംഘത്തില്‍ നിന്ന്‌ വലിയ തുക ലോണെടുത്തതില്‍ സംശയങ്ങള്‍ ബാക്കിയാണ്‌. 

ചര്‍ച്ചയില്‍ പങ്കെടുത്ത ജോസഫ്‌.സി. മാത്യൂ പറഞ്ഞത്‌ വളരെ പ്രസക്തമായ കാര്യമാണ്‌. പിണറായി വിജയന്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ വേണ്ടി ജലീലിനെ തള്ളിപ്പറയുന്നതിന്റെ അന്തര്‍ധാരയെ പറ്റി അദ്ദേഹം വളരെ വ്യക്തമായി തന്നെ വിലയിരുത്തി. നമ്മുടെ നേതാക്കളുടെ മക്കളുടെയെല്ലാം ബിസിനസുകള്‍ ഗള്‍ഫ്‌ രാജ്യങ്ങളിലാണ്‌. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഖത്തറിലെ വന്‍കിട വ്യവസായി ആണെങ്കില്‍ മുഖ്യമന്ത്രിയുടെ മകനും വിദേശ വ്യവസായി ആണെന്ന കാര്യം ജോസഫ്‌.സിമാത്യൂ പറയാതെ പറഞ്ഞു. മലയാളികളായ വന്‍ വ്യവസായികളുടെ കമ്പനികളില്‍ ജോലിക്ക്‌ പോകുന്ന 
നേതാക്കളുടെ മക്കള്‍ ഇരുട്ടി വെളുക്കും മുമ്പ്‌ ശതകോടീശ്വരന്‍മാരായി വരുന്ന കാഴ്‌ച മലയാളികള്‍ക്ക്‌ ഇപ്പോള്‍ ഏറെ പരിചിതമാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സഹകരണ ബാങ്കുകളില്‍ ഇ.ഡി അന്വേഷണം വന്നാല്‍ പ്രമുഖരായ പല നേതാക്കളും കുടുങ്ങുമെന്ന കാര്യം നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെ അഡ്വ.ജയശങ്കര്‍ സമര്‍ത്ഥിച്ചപ്പോള്‍ പിണറായിയുടെ കുഞ്ഞാപ്പ സ്‌നേഹത്തിന്റെ മറ്റൊരു തലം കൂടി നമുക്ക്‌ കാണാന്‍ കഴിഞ്ഞു. ഐസ്‌ക്രീംപാര്‍ലര്‍ കേസില്‍ ഉള്‍പ്പെടെ കുഞ്ഞാലിക്കുട്ടിക്ക്‌ സി.പി.എം നല്‍കിയ സഹായങ്ങള്‍ നമുക്ക്‌ ഓര്‍മ്മയില്ലെങ്കിലും അദ്ദേഹത്തിന്‌ കാണുമായിരിക്കും. എ.ആര്‍.ബാങ്കിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ എല്ലാം തന്നെ ജില്ലയിലെ പ്രമുഖനായ സി.പി.എം നേതാവിന്റെ ബന്ധുക്കളാണെന്ന കാര്യവും പ്രധാനമാണ്‌.
എന്തായാലും കേരളത്തിലെ കോണ്‍ഗ്രസുകാരെ സമ്മതിക്കണം.

തങ്ങളുടെ പ്രമുഖനായ നേതാവിന്റെ പേരില്‍ അറിയപ്പെടുന്ന ഈ സഹകരണബാങ്കിലെ തീവെട്ടിക്കൊള്ളയില്‍ ഒന്ന്‌ പ്രതികരിക്കാന്‍ പോലും ശേഷിയില്ലാത്ത ദുര്‍ബലന്‍മാരായി പോയല്ലോ ഇവരൊക്കെ. ആമസോണില്‍ തീപിടുത്തം ഉണ്ടായാല്‍ പോലും അന്വേഷണം ആവശ്യപ്പെട്ട്‌ ഫേസ്‌ബുക്കില്‍ ദിവസവും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തെഴുതുന്ന ആദര്‍ശ ധീരന്‍മാര്‍ക്കും ഇക്കാര്യത്തില്‍ 
പ്രതികരിക്കാന്‍ പേടിയാണ്‌. കാരണം കോണ്‍ഗ്രസിന്റെ കേരളത്തിലെ ഹൈക്കമാന്‍ഡ്‌ പാണക്കാടാണ്‌ സ്ഥിതി ചെയ്യുന്നത്‌ എന്നത്‌ തന്നെ. 

പ്രിയപ്പെട്ട മുഹമ്മദ്‌ റഹ്മാന്‍ സാഹിബ്ബ്‌, ഈ തീവെട്ടി കൊള്ളസംഘത്തിന്‌ വേണ്ടി കേരളജനത അങ്ങയോട്‌ മാപ്പ്‌ ചോദിക്കുന്നു. ചര്‍ച്ച ഏകപക്ഷീയമാകാതെ നയിച്ച വിനു പ്രത്യേക പരാമർശം അർഹിക്കുന്നു.