in

ജെഫ് ബെസോസ് എസ്റ്റേറ്റ് വാങ്ങുന്നു, 1200 കോടി രൂപയ്ക്ക് !!

ലോകത്തെ ഏറ്റവും സമ്പന്നനാര് എന്ന ചോദ്യത്തിനുള്ള ഉത്തരം ജെഫ് ബെസോസ് എന്നാണ്. നമ്പർ വൺ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്റെ മുതലാളി. ലോസ് ഏയ്ഞ്ചലസിലെ ബെവർലി ഹിൽസിൽ പുതിയ വീട് വാങ്ങാനുള്ള ഒരുക്കത്തിലാണ് പുള്ളി. വില എത്രയെന്നോ?  165 ദശലക്ഷം അമേരിക്കൻ ഡോളർ. അതായത് ഏതാണ്ട് 1200 കോടി രൂപയ്ക്കടുത്ത്! ഒൻപത് ഏക്കറോളം വരുന്ന സ്ഥലത്ത് വിശാലമായി കിടക്കുന്ന കൊട്ടാര സദൃശമായ എസ്റ്റേറ്റാണ് ബെസോസ് നോട്ടമിട്ടിട്ടുള്ളത്. ജോർജിയൻ സ്റ്റൈലിൽ പണികഴിച്ചതാണ് കെട്ടിടം. വിശാലമായ എസ്റ്റേറ്റിൽ നയൻ ഹോൾ ഗോൾഫ് കോഴ്‌സുമുണ്ട്. ലോകത്തെ വമ്പൻ ചലച്ചിത്ര  നിർമാണ കമ്പനിയായ വാർണർ ബ്രദേഴ്‌സിന്റെ ഉടമകളിൽ ഒരാളായ ജാക് വാർണർക്ക് വേണ്ടി 1930 കളിൽ പണികഴിപ്പിച്ചതാണ് കെട്ടിടം. വോൾ സ്ട്രീറ്റ് ജേണലാണ് ബെവെർലി ഹിൽസ് എസ്‌റ്റേറ്റിനെക്കുറിച്ചുള്ള വാർത്ത ആദ്യം പുറത്തുവിടുന്നത്.

ആമസോൺ മേധാവി ശതകോടികളുടെ ആർട്ട് മാർക്കറ്റിൽ പ്രവേശിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ എസ്റ്റേറ്റും വാർത്തകളിൽ ഇടം പിടിക്കുന്നത്.  കഴിഞ്ഞ നവംബറിൽ  എഡ് റൂഷയുടെ  ‘ഹർട്ടിങ്ങ് ദി വേഡ് റേഡിയോ # 2 ‘ എന്ന പെയിന്റിംഗ്  52.5 ദശലക്ഷം ഡോളറിനും കെറി ജെയിംസ് മാർഷലിന്റെ ‘വിഗ്നെറ്റ് 19’ പതിനെട്ടര ദശലക്ഷം ഡോളറിനുമാണ് ബെസോസ് സ്വന്തമാക്കിയത്. നിലവിൽ ഡേവിഡ് ജെഫെൻ ആണ് എസ്റ്റേറ്റിന്റെ ഉടമ. നാല്പത്തിയേഴര  ദശലക്ഷം ഡോളർ കൊടുത്ത് 1990-ലാണ് ജെഫെൻ അത് സ്വന്തമാക്കുന്നത്.

56 കാരനായ ആമസോൺ മേധാവിയുടെ വ്യക്തിഗത ജീവിതം അടുത്തകാലം വരെ ഏറെക്കുറെ സ്വകാര്യമായിരുന്നു. എന്നാൽ പങ്കാളി മക്കിൻസിയുമായുള്ള വേർപിരിയൽ തീരുമാനത്തോടെ അത് മാധ്യമങ്ങളിൽ ഇടം പിടിച്ചു തുടങ്ങി. ബെവെർലി ഹിൽസ് എസ്റ്റേറ്റ് വാങ്ങാനുള്ള ബെസോസിന്റെ ശ്രമങ്ങൾ തുടങ്ങിയിട്ട് മാസങ്ങളായെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ന്യൂയോർക്കിലെ 220 സെൻട്രൽ പാർക്കിൽ 238 ദശലക്ഷം ഡോളർ ചെലവഴിച്ച് സിറ്റാഡൽ സ്ഥാപകൻ കെൻ ഗ്രിഫിൻ വീടുവാങ്ങിയതാണ് പോയവർഷത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ചൂടൻ വാർത്ത. റൂപ്പർട്ട് മർഡോക്കിന്റെ മകൻ ലാക്‌ലൻ മർഡോക് 150 മില്യൺ ഡോളർ മുടക്കി ബെൽ എയർ എസ്റ്റേറ്റ് സ്വന്തമാക്കിയതും വലിയ വാർത്തയായി. ‘ബെവർലി ഹില്ലി ബില്ലീസ്’ ടി വി ഷോയിൽ സൂപ്പർ താര പദവിയുള്ള കാലിഫോർണിയൻ കൊട്ടാരമാണ് ലാക്‌ലൻ മർഡോക് സ്വന്തമാക്കിയത്. ഹെഡ്ജ് ഫണ്ട് ഉടമയും സഹസ്രകോടീശ്വരനുമായ സ്റ്റീവൻ ഷോൺഫെൽഡും ഭാര്യ ബ്രുക് ഷോൺഫെൽഡും കൂടി ഫ്ലോറിഡയിലെ പാം ബീച്ചിൽ 111 ദശലക്ഷം ഡോളർ മുടക്കി വീടുവാങ്ങിയ വാർത്ത തൊട്ടുപിന്നാലെ വന്നു.

മക്കിൻസിയുമായുള്ള വമ്പൻ വിവാഹ മോചന കരാർ നടപ്പിലാക്കിയതിനു ശേഷവും ബെസോസിന്റെ സാമ്പത്തിക മേൽക്കോയ്മക്ക് യാതൊരു ഉടവും സംഭവിച്ചിട്ടില്ല. ബ്ലൂംബെർഗ് ബില്യനെയർ ഇൻഡക്സ് പ്രകാരം നിലവിലെ ആസ്തി 131.9 ബില്യൺ അമേരിക്കൻ ഡോളറിനു മേലെയാണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ബജറ്റിൽ തിരുവനന്തപുരത്തിന് അവഗണനയില്ലെന്ന് ഐസക്ക്

രാഷ്ട്രീയത്തിലെ ചാണക്യ പദവി അമിത്ഷായ്ക്ക് കല്‍പിച്ചു നല്‍കിയവർ ഇപ്പോള്‍ ഇഞ്ചി കടിച്ച കുരങ്ങന്‍മാരെപ്പോലെ