മക്കിൻസി ബെസോസുമായുള്ള വിവാഹമോചന ഉടമ്പടി യാഥാർഥ്യമായപ്പോൾ ആമസോണിൽ നിലവിലുള്ള എഴുപത്തഞ്ച് ശതമാനം ഓഹരികളും ജെഫ് ബെസോസിന് തന്നെ. ആമസോൺ ഓഹരികൾ ഭൂരിഭാഗവും തന്നിൽ തന്നെ നിലനിർത്തുകയും വോട്ടിങ്ങ് അവകാശം വിട്ടുകൊടുക്കാതെയുമുള്ള ഉടമ്പടിയിലാണ് ജെഫ് ബെസോസ് ഒപ്പുവെച്ചത്.
ഇരുപത്തഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഇരുവരും വേർപിരിയുന്ന വാർത്ത കഴിഞ്ഞ ജനുവരിയിലാണ് പുറത്തു വന്നത്. അതോടെ ” വിലകൂടിയ വിവാഹമോചന ” കരാറിനെച്ചൊല്ലിയുള്ള ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. ആമസോൺ നിക്ഷേപകർ ആശങ്കയിൽ ആയിരുന്നു. ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന നിലയിലുള്ള ജെഫ് ബെസോസിന്റെ സ്ഥാനം ഇതോടെ നഷ്ടമാകും എന്ന തരത്തിലുള്ള അനുമാനങ്ങളാണ് കൂടുതലായും ഉയർന്നുവന്നത്.
കരാർ നിലവിൽ വന്നതോടെ 900 ബില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള ആമസോണിനെ പൂർണമായും കൈപ്പിടിയിലാക്കാൻ അദ്ദേഹത്തിനായി. വാഷിംഗ്ടൺ പോസ്റ്റ്, ബ്ലൂ ഒറിജിൻ തുടങ്ങിയ കമ്പനികളും ജെഫോസിന് തന്നെ.
ബെസോസുമായുള്ള വിവാഹമോചന പ്രക്രിയ വിജയകരമായി പര്യവസാനിച്ചെന്നും വാഷിംഗ്ടൺ പോസ്റ്റിലും ബ്ലൂ ഒറിജിനിലുമുള്ള തന്റെ ഓഹരികൾ പൂർണമായും ജെഫിന് കൈമാറിയെന്നും മക്കിൻസി ട്വീറ്റ് ചെയ്തു. ഓഹരികളിൽ എഴുപത്തഞ്ച് ശതമാനവും ഏക വോട്ടവകാശവും ബെസോസിനായിരിക്കും, അവർ പറഞ്ഞു.
35.7 ബില്യൺ മൂല്യമുള്ള 19.7 ദശലക്ഷം ഓഹരികൾ മാത്രമാണ് ഇനി ആമസോണിൽ മക്കിൻസിക്കുള്ളത്. ഇത് മൊത്തം ഓഹരികളുടെ നാലു ശതമാനമേ വരൂ. വിവാഹ മോചന കരാർ നിലവിൽ വന്നതോടെ ലോകത്തെ ഏറ്റവും സമ്പന്നരായ വനിതകളിൽ മൂന്നാം സ്ഥാനത്ത് മക്കിൻസി എത്തിയതായി ബ്ലൂം ബർഗ് റിപ്പോർട് ചെയ്യുന്നു.
ടെലിവിഷൻ താരമായ ലോറെൻ സാഞ്ചസുമായുള്ള ജെഫ് ബെസോസിന്റെ ബന്ധമാണ് ഇരുവരുടെയും വിവാഹ മോചനത്തിലേക്ക് നയിച്ചത്.