പലചരക്ക്, പച്ചക്കറികള്‍,പഴങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ ലഭിക്കുന്ന ജിയോയുടെ ഓണ്‍ലൈന്‍ സ്റ്റോറായ ജിയോ മാര്‍ട്ട് രാജ്യത്തെ 200 നഗരങ്ങളിലേക്ക് സേവനങ്ങള്‍ നല്കാന് ഒരുങ്ങിക്കഴിഞ്ഞു. ലോക്ക്ഡൌണ്‍ കാലത്ത് ആരംഭിച്ച ജിയോ മാര്‍ട്ട് മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഫേസ്ബുക്കുമായി വാണിജ്യകരാറിലായി മൂന്നു ദിവസത്തിനകം ജിയോ മാര്‍ട്ട് പ്രവര്ത്തനസജ്ജമാവുകയായിരുന്നു.
സബര്‍ബന്‍ മുംബൈയിലെ നവീമുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചിരുന്നത്. അവിടുത്തെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് 200 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.
ഈ നീക്കം ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് തുടങ്ങിയവര്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷമാണ് ആമസോണും ഫ്ലിപ്പ്കാര്‍ട്ടും ഗ്രോസറി മേഖലയിലേക്ക് തിരിഞ്ഞത്. നല്ല രീതിയില്‍ മുന്നോട്ട് പോയിരുന്ന രണ്ട് ഓണ്‍ലൈന്‍ ഭീമന്മാരെയും ലോക്ക്ഡൌണ്‍ സാരമായി ബാധിച്ചിരുന്നു. ആ സമയത്താണ് ജിയോ മാര്‍ട്ട് അവതരിപ്പിച്ചത്.
രാജ്യത്തുള്ള 3 കോടിയിലധികം ചെറുകിട വ്യാപാരികളെയും കിരണ സ്റ്റോറുകളെയും റിലയന്‍സ് തങ്ങളുടെ ശൃംഖലയില്‍ ചേര്‍ത്തിട്ടുണ്ട്.