in

ജെ എൻ യു വിദ്യാർഥികൾക്ക് നേരെയുള്ള ആക്രമണം കണ്ട് അന്ധാളിച്ചുപോയെന്ന് അമർത്യാസെൻ 

ജെ എൻ യു അക്രമത്തെ അതിശക്തമായി അപലപിച്ച് നോബേൽ സമ്മാന ജേതാവും ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യാസെൻ. ആക്രമണം കണ്ട് താൻ അന്ധാളിച്ചുപോയി. സർവകലാശാല അധികൃതർക്ക് ഇക്കാര്യത്തിൽ വലിയ വീഴ്ചപറ്റി. പുറത്തു നിന്നെത്തിയെ ഗുണ്ടകൾക്ക് അനായാസം കാമ്പസിൽ കയറിക്കൂടാനും വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ ഇത്രയും ഹീനമായ ആക്രമണം നടത്താനും  കഴിഞ്ഞു എന്നത് വളരെ ഗൗരവപൂർവം കാണേണ്ടതാണ്. പൊലീസിനെതിരെയും സെൻ രൂക്ഷമായി പ്രതികരിച്ചു. വിദ്യാർഥികൾക്ക് നേരെയുള്ള ആക്രമണം തടയാൻ അവർക്കായില്ല. സർവകലാശാല അധികൃതരും പൊലീസും തമ്മിലുള്ള ആശയവിനിമയത്തിൽ വന്ന പാളിച്ചയാണ് ഇത് കാണിക്കുന്നതെന്നും നൊബേൽ ജേതാവ് കുറ്റപ്പെടുത്തി. ബെംഗളൂരുവിൽ നടന്ന ഇൻഫോസിസ് സമ്മാനവിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞായറാഴ്ച വൈകീട്ട് മുഖം മൂടി ധരിച്ചെത്തിയ ഗുണ്ടകൾ സർവകലാശാല കാമ്പസിലും ഹോസ്റ്റലുകളിലും നടത്തിയ ആക്രമണത്തിൽ ജെ എൻ യു വിലെ  മുപ്പത്തി നാലോളം വിദ്യാർഥികൾക്കും അധ്യാപകർക്കും പരിക്കേറ്റിരുന്നു. ആർ എസ് എസ്സിന്റെ വിദ്യാർഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർഥി പരിഷത്തിന്റെ (എ ബി വി പി ) പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു.
പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ചുള്ള ചോദ്യത്തിന് നിയമം ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി അത് റദ്ദാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മൗലികാവകാശങ്ങൾ എല്ലാവർക്കും പൊതുവായി  ഉള്ളതാണ്. ഒരു  പ്രത്യേക മതവിഭാഗത്തിനു മാത്രമായി അവ പരിമിതപ്പെടുത്താനാവില്ല.
പാകിസ്താൻ, അഫ്‌ഘാനിസ്താൻ, ബംഗ്ലാദേശ് എന്നീ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള മതന്യൂന പക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കാനാണ് മോദി സർക്കാർ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിൽ കുടിയേറിയവരും ആറുവർഷം രാജ്യത്ത് സ്ഥിരമായി താമസിച്ചവരുമായ ഹിന്ദു, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള അഭയാർഥികൾക്കാണ് പൗരത്വം അനുവദിക്കുന്നത്. മുസ്‌ലിമുകളെ ഇതിൽനിന്ന് ഒഴിവാക്കിയതിനെ തുടർന്ന് രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടന്നുവരികയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കും അതിന്റെ ആധാരശിലയായ മതനിരപേക്ഷ സങ്കൽപ്പനത്തിനും വിരുദ്ധമാണ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി എന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
നമ്മുടെ രാജ്യത്തേക്കുള്ള അഭയാർഥി പ്രശ്‍നം സഹാനുഭൂതിയോടെ നോക്കിക്കാണേണ്ട വിഷയമാണെന്ന് അമർത്യാസെൻ അഭിപ്രായപ്പെട്ടു. ഈ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങളോട് കാണിക്കുന്ന കാരുണ്യവും സഹാനുഭൂതിയും മ്യാൻമറിൽ നിന്നുള്ള മുസ്‌ലിമുകളോടും കാണിക്കേണ്ടതാണ്. മതം  പൗരത്വത്തിന്റെ അടിസ്ഥാനം ആകുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. എന്തുകൊണ്ട് അവർ ഇന്ത്യൻ പൗരത്വം ആഗ്രഹിക്കുന്നു എന്നത് വസ്തുനിഷ്ഠമായി പരിശോധിക്കണം. നീതിയുക്തമായ, തുല്യതയുടെ അടിസ്ഥാനത്തിലുള്ള സമീപനമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും സെൻ പറഞ്ഞു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സാംസങ്ങിന്‍റെ വക ആഡ്രോയിഡ് കുഞ്ഞപ്പന്‍ വരുന്നു; പേര് നിയോണ്‍

ജെടാം ഓർഗാനിക് ഫാർമിംഗിൽ എകദിന ബോധവത്കരണ പരിപാടി