Movie prime

ഒടുവിൽ ഗൗരിയമ്മയും വാഴ്ത്തപ്പെട്ടവളായി…

ഗൗരിയമ്മ ഓർമയായി…നൂറ്റാണ്ട് പിന്നിട്ട സമാനതകളില്ലാത്ത ആ ജീവിതംചരിത്രമായി…കേരളം കണ്ട ഏറ്റവും ധീരയായ ഭരണാധികാരികളിൽ ഒരാളായിരുന്നു കെ ആർ ഗൗരി [ K R Gouri ] എന്ന കമ്മ്യൂണിസ്റ്റുകാരി.മരണശേഷം അവരെ അനുസ്മരിക്കാത്ത നേതാക്കളില്ല.കേരളത്തിന് അവർ നല്കിയ ഉജ്ജ്വലമായ സംഭാവനകളെപ്പറ്റി ഉരിയാടാത്തവരില്ല. എത്രതന്നെ വർണിച്ചാലും വിശദീകരിച്ചാലും മതി വരാത്ത മട്ടിലുള്ളഉപന്യാസങ്ങളാണ് ഏറെയും.മാർക്സിസ്റ്റുകാരും കോൺഗ്രസ്സുകാരും…എന്തിന് ജീവിതകാലം മുഴുവൻ അവർ മുറുകെപ്പിടിച്ച ജനാധിപത്യ മതേതര പുരോഗമന രാഷ്ട്രീയ ധാരയുടെ കൃത്യമായും എതിർ ചേരിയിലുള്ള ബി ജെ പി ക്കാർ വരെ കെ More
 
ഒടുവിൽ ഗൗരിയമ്മയും വാഴ്ത്തപ്പെട്ടവളായി…

ഗൗരിയമ്മ ഓർമയായി…
നൂറ്റാണ്ട് പിന്നിട്ട സമാനതകളില്ലാത്ത ആ ജീവിതംചരിത്രമായി…
കേരളം കണ്ട ഏറ്റവും ധീരയായ ഭരണാധികാരികളിൽ ഒരാളായിരുന്നു കെ ആർ ഗൗരി [ K R Gouri ] എന്ന കമ്മ്യൂണിസ്റ്റുകാരി.
മരണശേഷം അവരെ അനുസ്മരിക്കാത്ത നേതാക്കളില്ല.
കേരളത്തിന് അവർ നല്കിയ ഉജ്ജ്വലമായ സംഭാവനകളെപ്പറ്റി ഉരിയാടാത്തവരില്ല.

എത്രതന്നെ വർണിച്ചാലും വിശദീകരിച്ചാലും മതി വരാത്ത മട്ടിലുള്ളഉപന്യാസങ്ങളാണ് ഏറെയും.
മാർക്സിസ്റ്റുകാരും കോൺഗ്രസ്സുകാരും…എന്തിന് ജീവിതകാലം മുഴുവൻ അവർ മുറുകെപ്പിടിച്ച ജനാധിപത്യ മതേതര പുരോഗമന രാഷ്ട്രീയ ധാരയുടെ കൃത്യമായും എതിർ ചേരിയിലുള്ള ബി ജെ പി ക്കാർ വരെ കെ ആർ ഗൗരി എന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരിയുടെ ഗുണഗണങ്ങളെ വാനോളം വാഴ്ത്തിപ്പാടുകയാണ്.


സി പി എമ്മിൻ്റെ വാഴ്ത്തുപാട്ടുകൾക്കാണ് ഇതിൽ ചന്തം കൂടുതൽ.
അതിൽ ഒട്ടും അദ്ഭുതപ്പെടാനില്ല.
1919-ൽ ജനിച്ച കെ ആർ ഗൗരി 1994-വരെ പാർട്ടിക്കാരിയായിരുന്നല്ലോ…
75 കൊല്ലക്കാലം ഗൗരി എന്ന വിപ്ലവകാരിയായ വനിത ജീവിച്ചത് ആ പാർട്ടിക്ക് വേണ്ടി മാത്രമായിരുന്നല്ലോ…
ചരിത്രം കുറിച്ച പോരാളി…

നൂറ്റാണ്ടിൻ്റെ സാക്ഷി…
കരുത്തിൻ്റെ പ്രതീകം…
ആധുനിക കേരളത്തിൻ്റെ അഗ്നിനക്ഷത്രം…
പുരോഗമന പ്രസ്ഥാനങ്ങളുടെ അമരക്കാരി…
സ്ത്രീപക്ഷ രാഷ്ട്രീയത്തിൻ്റെ ആദ്യപഥിക…
തൊഴിലാളി വർഗത്തിന് ജീവിതം സമർപ്പിച്ച ധീരവനിത…
കരുത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും പ്രതീകം…
വിരേതിഹാസം…
അഗ്നിനക്ഷത്രം…
ചെന്താരകം…
…തുടങ്ങി…
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാനും അതിൻ്റെ വളർച്ചയ്ക്കുമായി ജീവിതംതന്നെ ബലികഴിച്ച കെ ആർ ഗൗരി എന്ന അസാമാന്യ വ്യക്തിത്വത്തെ വാഴ്ത്താനും പാടി പുകഴ്ത്താനും മാർക്സിസ്റ്റ് പാർടി നേതാക്കൾ പരസ്പരം മത്സരിക്കുന്ന കാഴ്ചയ്ക്കാണ് ഇന്നലെ ഗൗരിയമ്മ വിടപറഞ്ഞുപോയ നിമിഷം മുതൽ കേരളം സാക്ഷ്യം വഹിച്ചത്.
ഈ നേതാക്കൾക്കെല്ലാം ഇപ്പോൾ എന്തൊരു സ്നേഹമാണ് ഗൗരിയമ്മയോട്…
വാത്സല്യ നിധിയായും അമ്മയായും സ്നേഹത്തിൻ്റെ നിറകുടമായും തൻ്റേടിയായും കരുത്തിൻ്റെ പ്രതീകമായും അഴിമതിയുടെ കറപുരളാത്ത ഭരണാധികാരിയായും നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്തവരായും മരിച്ചുപോയ ഗൗരിയെ വാനോളം സ്തുതിക്കാൻ, വാഴ്ത്തിപ്പാടാൻ എന്തൊരാവേശമാണ് ഇവർക്കെല്ലാം.
ചിലർ അങ്ങനെയാണ്.
വീഴ്ത്താനും വാഴ്ത്താനും ഒരു മറയും മടിയുമില്ലാത്തവർ.
അവസരവാദ രാഷ്ട്രീയത്തിൻ്റെ അപ്പോസ്തലന്മാർ.
പാർട്ടിക്കുവേണ്ടി ഒരു ജീവിതകാലമത്രയും ചെയ്ത അനുഭവങ്ങളെ അമ്പത്തൊന്നു വെട്ടി അരുംകൊല ചെയ്യാനും മടിയില്ലാത്തവർ.
1994-ലാണ് ഗൗരിയമ്മയെ പാർട്ടിയിൽ നിന്നും പുറന്തള്ളുന്നത്.
അമ്പുകൊള്ളാത്തവരില്ലാ കുരുക്കളിൽ എന്നു പറയുന്നതുപോലെ അന്ന് ഗൗരിയമ്മയ്ക്കെതിരെ ആക്ഷേപമുന്നയിക്കാത്തവരില്ല, ആ പാർട്ടിയിൽ.
തോട്ടണ്ടി വിഷയത്തിൽ അഴിമതി കാണിച്ചെന്നും…
കോടികളുടെ അഴിമതിക്ക് കൂട്ടുനിന്നെന്നും പറഞ്ഞാണ് പാർട്ടിയിൽ നിന്നും ഗൗരിയമ്മയെ പടിയടച്ച് പിണ്ഡം വെച്ചത്.
അന്ന് ആ ആക്ഷേപം ഉന്നയിച്ച അതേ നാവുകൾ കൊണ്ട് ‘അഴിമതിയുടെ കറ പുരളാത്ത ഭരണാധികാരി’ എന്ന് കാലം പറയിക്കുന്നു.
എന്തൊരു വിരോധാഭാസമാണത്!
ഗൗരിയമ്മയുടെ കരുത്തിനെക്കുറിച്ചും തൻ്റേടത്തെപ്പറ്റിയും നേരും നെറിയും നിർഭയവുമായ ആ നിതാന്ത വിസ്മയ ജീവിതത്തെപ്പറ്റിയും ഇന്നലെ ടെലിവിഷൻ ചാനലുകളിൽ വന്നിരുന്ന് ചർച്ച ചെയ്തവർ ഒരു കാലത്ത് അവരെ ആക്ഷേപിച്ചത് ‘പാർട്ടിക്ക് മുകളിൽ വളരാൻ നോക്കിയ അഹങ്കാരി’ എന്നാണ്.
‘അച്ചടക്കമില്ലാത്ത അഹങ്കാരി ‘ എന്ന് വിളിച്ചാക്ഷേപിച്ചാണ് ഗൗരിയമ്മയെ അവരുടെ പാർട്ടി പുറത്താക്കിയത്.
ഫലം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്കു മേൽ ചാഞ്ഞാൽ വെട്ടിമാറ്റണമെന്നാണ് ആ പാർട്ടിയുടെ ആപ്തവാക്യം.
എം എൻ വിജയനടക്കം എത്രയേറെ വൻമരങ്ങളാണ് അധിക്ഷേപങ്ങളുടെ ചെളി വാരിയെറിയേറുകൾക്ക് വിധേയരായിട്ടുള്ളത്.
അങ്ങനെ വെട്ടിവീഴ്ത്തിയതാണ് ഗൗരിയമ്മ എന്ന വൻമരത്തെയും.
തൻപ്രമാണിത്തം കാട്ടുന്നവളെന്നും പാർട്ടി ശത്രുക്കളുടെ കൈയ്യിലെ ആയുധമെന്നും ഗൗരിയമ്മയെ കുലംകുത്തിയായി വിശേഷിപ്പിച്ചവർ ‘തൊഴിലാളി വർഗത്തിൻ്റെ സമര പോരാളി’ എന്ന് ഇപ്പോഴവരെ അഭിവാദ്യം ചെയ്യുന്നു.

മുഖ്യമന്ത്രിയാക്കാത്തതിൽ പാർട്ടിക്കുള്ളിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച കുടില ബുദ്ധിക്കാരി എന്ന് ബ്രാഞ്ച് തലം മുതൽ പറഞ്ഞും പ്രചരിപ്പിച്ചും ഗൗരിയമ്മയെ തേജോവധം ചെയ്തവർ വിപ്ലവത്തിൻ്റെ വീരേതിഹാസമായി വിടവാങ്ങൽ കുറിപ്പുകൾ രചിക്കുന്നു.
ജീവിതത്തിൻ്റെ സിംഹഭാഗവും പ്രസ്ഥാനത്തിനും അതിൻ്റെ ആശയാദർശങ്ങൾക്കും സമര പോരാട്ടങ്ങൾക്കുമായി ചിലവഴിച്ച, കുടുംബ ജീവിതം പോലും താൻ വിശ്വാസമർപ്പിച്ച പ്രസ്ഥാനത്തിനായി ബലികഴിച്ച ഗൗരിയമ്മയ്ക്കെതിരെ അന്ന് തെരുവുകളിൽ സഖാക്കൾ വിളിച്ചുനടന്ന മുദ്രാവാക്യങ്ങൾ ഓർമയില്ലേ?
”കേരളയക്ഷീ, കെ ആർ ഗൗരികേരളം ഭരിച്ചു മുടിച്ചവളേ…
“ഗൗരിച്ചോത്തിയെ മടിയിലിരുത്തി നാടു ഭരിക്കും നമ്പൂരീ…
തുടങ്ങിയ അശ്ലീലവാക്യങ്ങൾ കൊണ്ട് അവരെ അധിക്ഷേപിച്ച കോൺഗ്രസ്സുകാർക്കു പിന്നാലെ…
മാർക്സിസ്റ്റുകളും അവർക്കെതിരെ വൃത്തികെട്ട മുദ്രാവാക്യങ്ങൾ ചമച്ചവരാണ്.
“ഗൗരിച്ചോത്തീ പെണ്ണല്ലേ പുല്ലുപറിക്കാൻ പോയ്ക്കൂടേ”
എന്ന് 1975-ൽ കോൺഗ്രസുകാർ അവർക്കെതിരെ മുദ്രാവാക്യം മുഴക്കിയെങ്കിൽ
“ഗൗരിയമ്മേ വഞ്ചകീവഞ്ചകരുടെ നായകീഗൗരിയമ്മ നൊന്തു പെറ്റഭൂമിയല്ലീ കേരളം” എന്ന് നാം കേട്ടത് മാർക്സിസ്റ്റുകളുടെ നാവിൽ നിന്നാണ്, 1994-ൽ…
പാർട്ടിക്ക് പുറത്തു പോയപ്പോൾ അവരെ അങ്ങേയറ്റം അപമാനിച്ചവരും അധിക്ഷേപ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചവരും ദ്രോഹിച്ചവരുമാണ് ഇപ്പോൾ അവരെ അമ്മയായും സമര നായികയായും വിപ്ലവ വനിതയായും വാഴ്ത്തുന്നത്. 
കെ ആർ ഗൗരിയമ്മയുടെ ആത്മകഥ വായിച്ചിട്ടുണ്ടോ? 
അതിലൊരിടത്ത് അവരിങ്ങനെ എഴുതിയിട്ടുണ്ട്. 
“കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടവർ പിന്നെ ജീവിച്ചുകൂടാ എന്നാണ് ആ പാർട്ടി സ്വീകരിച്ചിരിക്കുന്ന തത്ത്വം. പിന്നെ എൻ്റെ കാര്യം അവർക്ക് ക്ഷമിക്കാൻ പറ്റുമോ? കെട്ടിവെച്ച കാശ് തരികയില്ലെന്ന് പാർട്ടി സ്റ്റേറ്റ് സെൻ്ററിൻ്റെ പ്രതിജ്ഞയുണ്ടായിരുന്നിട്ടും, അവരുടെ കൂടെ നിന്ന കാലത്തേക്കാൾ ഇരട്ടി വോട്ടു നേടി ആ മണ്ഡലത്തിൽ നിന്നു തന്നെ ഞാൻ ജയിച്ചാൽ അത് അവർക്ക് സഹിക്കാൻ പറ്റുമോ? 
… എൻ്റെ നിയോജക മണ്ഡലത്തിൽ ഒരു വികസന പ്രവർത്തനവും നടത്തുകയില്ല. കുടിവെള്ളം നൽകില്ല. റോഡ് നന്നാക്കില്ല. കൃഷിക്കു വേണ്ടി ചീപ്പുകൾ സമയത്ത് തുറക്കുകയും അടയ്ക്കുകയുമില്ല. കടൽകയറി വീടുകൾ നശിച്ചാലും കടൽഭിത്തി കെട്ടില്ല. വേണ്ടിടത്തൊന്നും ഇലക്ട്രിസിറ്റി എത്തിക്കില്ല. ചുരുക്കത്തിൽ ഒന്നും തന്നെ ചെയ്യില്ല. ജനങ്ങളെ ശിക്ഷിക്കുകയാണ്.”
നോക്കണേ, താഴെത്തട്ടിൽ നിന്ന് പാർട്ടി കെട്ടിപ്പടുക്കാൻ ചോരയും നീരുമൊഴുക്കിയ ഒരു നേതാവ്, അതും പിന്നാക്ക വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന ഒരു വനിത, പാർട്ടിക്ക് പുറത്തായി, പ്രതിപക്ഷ എം എൽ എ ആയപ്പോൾ പാർട്ടി ചെയ്ത കൊടും ചതി എന്തെന്ന്…
ഗൗരിയമ്മയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ തന്നെ ജയിപ്പിച്ചതിന് ജനങ്ങളെ ദ്രോഹിക്കുകയായിരുന്നു ആ പാർട്ടി.
അത്രമാത്രം വൈരനിരാതന ബുദ്ധിയോടെ ഗൗരിയമ്മയെ ദ്രോഹിച്ചവരും, ഇകഴ്ത്താനും താഴ്ത്താനും സ്ത്രീയെന്ന പരിഗണന പോലുമില്ലാതെ അധിക്ഷേപ വാക്കുകൾ വാരിക്കോരി ചൊരിയാനും മടി കാണിക്കാത്തവരാണ് ആ മൃതശരീരത്തിൽ ചെങ്കൊടി പുതപ്പിച്ച് അത് തങ്ങളുടേതാക്കി മാറ്റാൻ നിർലജ്ജം ശ്രമിക്കുന്നത്. 
മാർക്സിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ എമ്പാടുമുണ്ട് ഇത്തരം ഫലിതസമാനമായ ഓർമച്ചിത്രങ്ങൾ…

പാർട്ടിവിട്ട എം വി രാഘവൻ ആരായിരുന്നു മാർക്സിസ്റ്റ് പാർട്ടിക്ക്?
എത്രയെത്ര വധശ്രമങ്ങളിൽ നിന്നാണ് അത്ഭുതകരമായി അദ്ദേഹം രക്ഷപ്പെട്ടത്?
കൂത്തുപറമ്പ് വെടിവെപ്പിൽ അഞ്ച് യുവാക്കളുടെ ജീവൻ പൊലിഞ്ഞ സന്ദർഭത്തിൽ ‘നരാധമൻ’ എന്നാണ് പാർട്ടി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
രാഘവനെന്നായിരുന്നില്ല, പഴയ എംവിആർ സഖാവിനെ പാർട്ടി വേദികളിലും പുറത്തും സംബോധന ചെയ്തിരുന്നത്.
പകരംരാക്ഷസനെന്നും ഡ്രാക്കുളയെന്നും രക്തദാഹിയെന്നുമായിരുന്നു…
വർഗ ശത്രുക്കളേക്കാൾ ശത്രുവായിരുന്നുപാർട്ടിക്കു പുറത്തായ രാഘവൻ.
എന്നാൽ ജീവിതത്തിൻ്റെ അവസാന നാളുകളിൽഓർമയും ബോധവും നഷ്ടമായി മൃതപ്രായനായിക്കിടന്ന രോഗിയായ രാഘവനെ തങ്ങളുടേതാക്കി മാറ്റാൻ പാർട്ടി നേതൃത്വം കാണിച്ച അത്യാവേശം ആരും മറന്നിട്ടില്ല.
പൊളിറ്റ് ബ്യൂറോ മെമ്പറും ത്രിപുര മുഖ്യമന്ത്രിയുമായിരുന്ന നൃപൻ ചക്രവർത്തിയെ പറയാത്ത പഴികളുണ്ടായിരുന്നില്ല, അദ്ദേഹത്തെ പാർട്ടിക്ക് പുറത്താക്കുമ്പോൾ.
ഒടുവിൽ മരിക്കാൻ കാലത്ത് അദ്ദേഹത്തെയും സ്വന്തമാക്കി,
തങ്ങളുടേതാക്കി.
അതെ,
ഗൗരിയമ്മയും അതേ വഴിയിലെത്തി നില്ക്കുകയാണ്.
ഒരു കാലത്ത് ജനാധിപത്യ വിരുദ്ധയെന്നും അഴിമതിക്കാരിയെന്നും തൻപ്രമാണിത്തം കാട്ടുന്നവളെന്നും പാർട്ടിക്ക് മീതേ വളരാൻ ശ്രമിക്കുന്ന കൗശലക്കാരിയെന്നും അഹങ്കാരത്തിൻ്റെ ആൾ രൂപമെന്നും മുദ്ര കുത്തപ്പെട്ട അതേ ഗൗരിയമ്മ…
ഇന്ന് അമ്മയും അഭിമാനവും ആരാധ്യയും ആകുന്നു.
ചുള്ളിക്കാടിൻ്റെ ‘ഗൗരി’ എന്ന കവിതയിലെ ചില വരികൾ മാത്രം പാർട്ടി നേതാക്കൾ ഇപ്പോൾ ഉദ്ധരിക്കും.
“കരയാത്ത ഗൗരി തളരാത്ത ഗൗരി
കലികൊണ്ടു നിന്നാൽ അവൾ ഭദ്രകാളി
ഇതുകേട്ടുകൊണ്ടേ ചെറു ബാല്യമെല്ലാം
പതിവായി ഞങ്ങൾ ഭയമാറ്റി വന്നു”
എന്ന് ഗൗരിയമ്മയെ അതിരറ്റ് വാഴ്ത്തും.
എന്നാൽ അതേ കവിതയിൽ ചുള്ളിക്കാട് രോഷത്തോടെ കുറിച്ചിട്ട
“അതിബുദ്ധിമാൻമാർ അധികാരമേറി
തൊഴിലാളി വർഗം അധികാരമേറ്റാൽ
അവരായി പിന്നേഅധികാരി വർഗം
അധികാരമപ്പോൾ തൊഴിലായി മാറും.
അതിനുള്ള കൂലി അധികാരി വാങ്ങും “
എന്ന വരികൾ അവരാരും കാണാതെ പോവും.
ചിലരങ്ങനെയാണ്,
ആദ്യം വാഴ്ത്തും പിന്നീട് വീഴ്ത്തും.
ചിലർ നേരെത്തിരിച്ചും…
ആദ്യം വീഴ്ത്തും പിന്നീട് വാഴ്ത്തും.
വാഴ്ത്തിനും വീഴ്ത്തിനുമിടയിലുള്ളതാണ് ഗൗരിയമ്മയുടെ യഥാർഥ ജീവചരിത്രം.
ആ ജീവചരിത്രമാണ് നാം ഓർമയിൽ സൂക്ഷിച്ചു വെയ്ക്കേണ്ടത്.
കാലവും ചരിത്രവും അതിന് സാക്ഷിയാവുന്നുണ്ട്.