https://twitter.com/hashtag/UDTABollywood?src=hash&ref_src=twsrc%5Etfw
in

ഡ്രഗ് പാർട്ടി ആരോപണം നിഷേധിച്ച് കരൺ ജോഹർ

ഒരാഴ്ച മുൻപ് ഡൽഹി എം എൽ എ മജിന്ദർ സിർസ തനിക്കെതിരെ ഉന്നയിച്ച ഡ്രഗ് പാർട്ടി ആരോപണം തള്ളി ബോളിവുഡ് സംവിധായകൻ കരൺ ജോഹർ രംഗത്തെത്തി. രാജീവ് മസന്ദുമായുള്ള അഭിമുഖത്തിലാണ് താൻ നടത്തിയ പാർട്ടിയിൽ ബോളിവുഡ് താരങ്ങൾ ലഹരിമരുന്ന് ഉപയോഗിച്ചതായുള്ള വാർത്ത സംവിധായകൻ നിഷേധിച്ചത്. ചലച്ചിത്ര മേഖലയിലെ പ്രമുഖ വ്യക്തികളാണ് ആ പാർട്ടിയിൽ കൂടിയവരെല്ലാവരും. ഒരാഴ്ചത്തെ കഠിനമായ ജോലിക്കുശേഷം സന്തോഷകരമായ ഒരു വീക്കെൻഡ് ആസ്വദിക്കുകയായിരുന്നു ഞങ്ങൾ. ആരോപണത്തിൽ പറയുന്ന എന്തെങ്കിലും അവിടെ നടന്നിരുന്നെങ്കിൽ ഞാനാ വീഡിയോ ഷെയർ ചെയ്യുമായിരുന്നോ? ഞാൻ അത്രക്ക് വിഡ്ഢിയല്ല- കരൺ പറഞ്ഞു.

ഡെങ്കി ബാധിച്ച് അതിൽ നിന്ന് സുഖം പ്രാപിച്ചുവരികയായിരുന്നു വിക്കി കൗശൽ. അദ്ദേഹം കുടിക്കുന്നത് നാരങ്ങ നീര് ചേർത്ത ചുടുവെള്ളമാണ്, മറ്റെന്തെങ്കിലുമല്ല. ആ വീഡിയോ ഞാനാണ് ഷൂട്ട് ചെയ്തത്. അതിന് അഞ്ചുനിമിഷം മുൻപു വരെ എന്റെ അമ്മയും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങൾ ഒന്നിച്ചിരുന്നു സന്തോഷം പങ്കിടുന്ന ദൃശ്യങ്ങൾ ആയിരുന്നു അവ. ജോളിയായി പാട്ടുകേട്ടും രസങ്ങൾ പറഞ്ഞും നല്ല ഭക്ഷണം കഴിച്ചും എല്ലാവരും ഒത്തുചേർന്നതിന്റെ സന്തോഷമാണ് പങ്കുവെച്ചത്. അതിനപ്പുറം അവിടെ ഒന്നും നടക്കുന്നുണ്ടായിരുന്നില്ല – അദ്ദേഹം പറഞ്ഞു.

വന്നുവന്ന് നിങ്ങൾക്ക് നിങ്ങളുടെ മൂക്ക് പോലും ചൊറിയാൻ വയ്യാതായിരിക്കുന്നു. ബാക്ക് പോക്കറ്റിൽ ഫോൺ തിരുകാൻ പറ്റാതായിരിക്കുന്നു.  വെളിച്ചത്തിന്റെ ഒരു തുണ്ട് നിഴൽ പോലും ഏതെങ്കിലും തരത്തിലുള്ള പൗഡറായി തെറ്റിദ്ധരിക്കപ്പെടുന്നു. ആരോപണ വിധേയമായ വീഡിയോയിലെ ദൃശ്യങ്ങളുടെ സൂചന നൽകി കരൺ തുറന്നടിച്ചു.

ദീപിക പദുക്കോൺ, രൺബീർ കപൂർ, വിക്കി കൗശൽ, ഷാഹിദ് കപൂർ, വരുൺ ധവാൻ, മലൈക അറോറ, അർജുൻ കപൂർ തുടങ്ങി ബോളിവുഡിലെ വമ്പന്മാർ പങ്കെടുത്ത ഒരു പാർട്ടിയുടെ വീഡിയോയാണ് കഴിഞ്ഞയാഴ്ച  കരൺ ജോഹർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അതിൽ കാണുന്ന താരങ്ങളെല്ലാം മയക്കുമരുന്ന് അടിച്ച് കിറുങ്ങിയിരിക്കുന്നവരാണ് എന്ന ആരോപണമാണ് മജിന്ദർ സിർസ ട്വിറ്ററിലൂടെ ഉന്നയിച്ചത്. ബോളിവുഡിലെ  ഈ വമ്പന്മാർ മയക്കുമരുന്നടിച്ച് കിറുങ്ങിയിരിക്കുന്ന വീഡിയോ എത്ര അന്തസ്സോടെയാണ് ഷെയർ ചെയ്തിരിക്കുന്നത് എന്ന കുറിപ്പോടെയായിരുന്നു ഫിക്ഷൻ വേഴ്സസ് റിയാലിറ്റി എന്ന തലക്കെട്ടിലുള്ള  സിർസയുടെ പോസ്റ്റ്.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ ഇനിമുതൽ നിയമപരമായി നേരിടാനാണ് തീരുമാനമെന്ന് കരൺ ജോഹർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ഇനിമുതൽ നിസ്സാരമായി കാണില്ല.  ആവർത്തിച്ചാൽ നിയമപരമായി തന്നെ നേരിടും. യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത, അവാസ്തവമായ, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം വ്യക്തിഹത്യയാണ്. മറ്റൊരു തരത്തിലും തകർക്കാൻ കഴിയാത്തത്ര ഔന്നത്യത്തിൽ നിൽക്കുന്ന വ്യക്തികളെ തേജോവധം ചെയ്യൽ. അപഹാസ്യമാണത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

പരിനീതി മനസ്സ് തുറക്കുന്നു 

മഹാരാഷ്ട്രയിൽ 7 സൾഫർ ഡയോക്സൈഡ് ഹോട്ട് സ്പോട്ടുകളെന്ന് ഗ്രീൻപീസ് റിപ്പോർട്ട്