in ,

പരിസരം വൃത്തിയായി സൂക്ഷിക്കാൻ മൂന്ന് എളുപ്പ വഴികൾ

വൃത്തിയും ശുദ്ധിയും പ്രധാനമാണ്, നമുക്കെന്നും. വൃത്തിയുടെ കാര്യത്തിൽ  ഒരു വിട്ടുവീഴ്ചയ്ക്കും നാം തയ്യാറല്ല. നിത്യേന രണ്ടുനേരവും കുളിക്കുന്നവരാണ് നമ്മൾ. ‘അടിച്ച് തളിച്ച് കുളിക്കുകയെന്ന’ നാടൻ പ്രയോഗം പോലും നമുക്കിടയിലുണ്ട്. വ്യക്തി ശുചിത്വം പോലെ തന്നെ സ്വന്തം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നതിലും  മലയാളികൾക്ക് നൂറിൽ  നൂറാണ് മാർക്ക്. 

എന്നാൽ അവരവരുടെ മതിലുകൾ അവസാനിക്കുന്നിടം വരെ മാത്രമേ വൃത്തി എന്ന നമ്മുടെ കാഴ്ചപ്പാടിന് ആയുസ്സുള്ളൂ. നമ്മുടെ മതിൽ കടന്നാൽ വൃത്തി എന്ന  ആശയം മരിച്ചു. അത് നമ്മളെ ബാധിക്കുന്ന കാര്യമല്ലാതായി. എന്നാൽ നമ്മുടെ  വീടും അതിന്റെ അകവും  പുറവും എത്ര ശുചിയായിരിക്കുന്നോ അത്രതന്നെ പ്രാധാന്യത്തോടെയാവണം നാം ജീവിക്കുന്ന പരിസരവും വൃത്തിയായി സൂക്ഷിക്കാൻ. അതിലൂടെ  മാത്രമേ നമുക്ക് ആരോഗ്യകരമായ  ജീവിതം സാധ്യമാവുകയുള്ളൂ.

പൊതുസ്ഥലങ്ങളിൽ  മാലിന്യങ്ങൾ വലിച്ചെറിയാൻ നാം മടി കാട്ടാറില്ല. അത് മൂലം ഉണ്ടാകുന്ന അപകടങ്ങളെപ്പറ്റി നാം ആശങ്കപ്പെടാറുമില്ല. മാലിന്യങ്ങളിൽ നിന്നും ഉണ്ടാകുന്ന നിരവധി  മാരകരോഗങ്ങളുണ്ട്. അവ നമ്മുടെ സാമൂഹ്യ  ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഇതേപ്പറ്റി ചിന്തിക്കാനോ, പരിഹാരം കാണാനോ ആർക്കും സമയവും മനസ്സു മില്ലാ എന്നതാണ് സത്യം. നമ്മുടെ വീടുപോലെ  റോഡും പരിസരവുമൊക്കെ വൃത്തിയായി കിടക്കുന്നതിനെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ…. അതിലൂടെ നാം മാത്രമല്ല  നമ്മുടെ സഹജീവികളും സുരക്ഷിതരാകുകയാണ് ചെയ്യുന്നത്. ചെറിയൊരു പ്രയത്നം മതി , വീടുപോലെ നമ്മുടെ ചുറ്റുപാടും  വൃത്തിയായും ശുചിയായും സൂക്ഷിക്കാം.

സ്വയം മാതൃകയാവുക

ഉപദേശവും ആജ്ഞയും ആരും ഇഷ്ടപെടുന്ന കാര്യമല്ല. അതുകൊണ്ട്  തന്നെ പരിസര ശുചിത്വത്തെ പറ്റി പ്രദേശവാസികളെ  ഉപദേശിക്കാനോ സമ്മർദ്ദം ചെലുത്താനോ അല്ല ശ്രമിക്കേണ്ടത്, പകരം അവർക്ക് നല്ലൊരു മാതൃകയാവുക എന്നതാണ് പ്രധാനം പരിസരം വൃത്തിയായി സൂക്ഷിക്കുക എന്ന  ആശയത്തോട് ആത്മാർത്ഥതയും ആത്മ സമർപ്പണവും ഉള്ള പ്രവൃത്തിയിലൂടെ  തെളിയിക്കുകയാണ് വേണ്ടത്.  അതിനായി നമ്മൾ സ്വയം ഇറങ്ങി തിരിക്കുന്നതിലൂടെ  മറ്റുള്ളവർക്ക് ആ പാത പിന്തുടരാനുള്ള മാതൃകയും പ്രോത്സാഹനവുമാണ് ലഭിക്കുന്നത്. ഉദാഹരണത്തിന് നാം  നിത്യവും സഞ്ചരിക്കുന്ന വഴിവക്കിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ  കിടക്കുന്ന മാലിന്യങ്ങൾ, കടലാസുകൾ എന്നിവ അതിനുവേണ്ടി സ്ഥാപിച്ച വേസ്റ്റ് ബിന്നുകളിലോ  കാനുകളിലോ നിക്ഷേപിക്കുക,  വീടിന് മുന്നിലുള്ള റോഡ്  തൂത്ത് വൃത്തിയാക്കി ഇടുക തുടങ്ങിയ കാര്യങ്ങളിലൂടെ മറ്റുള്ളവർക്ക് മാതൃകയാകാം.

സഹകരണത്തിലൂടെ മാറ്റം സാധ്യമാക്കാം 

ഈ ആശയവുമായി പ്രദേശത്തെ നമുക്കറിയാവുന്ന കുറച്ചാളുകളെ ആത്മാർത്ഥതയോടെ സമീപിക്കുകയാണ് ആദ്യം വേണ്ടത്. പ്രാദേശികമായി സ്വാധീനമുള്ള, ജനകീയരും ജനപ്രിയരുമായ വ്യക്തികളാണെങ്കിൽ ഏറ്റവും നല്ലത്. തുറന്നതും ക്രിയാത്മകവുമായ ചർച്ചകളിലൂടെ വൃത്തിയുള്ള പരിസരം സൃഷ്ടിക്കുന്നതിനെക്കുറിച്ചും പച്ചപ്പ് കൊണ്ട് അന്തരീക്ഷം മനോഹരമാക്കുന്നതിനെപ്പറ്റിയും ആലോചിക്കാം. കൂട്ടായ ചർച്ചകളിൽ പുതിയ ആശയങ്ങൾ ഉരുത്തിരിയാതിരിക്കില്ല. തീരുമാനങ്ങൾ കൂട്ടായി നടപ്പാക്കുകയും വേണം. വ്യക്തിപരമായ വിയോജിപ്പുകൾ മറന്നുകൊണ്ട് ഒറ്റക്കെട്ടായി വേണം ഇവ നടപ്പാക്കാൻ. ഇതിലൂടെ ഓരോ വ്യക്തിക്കും ചുമതലാബോധം ഉണ്ടാവുകയും അവർ സ്വയമേവ  ഇതിലേയ്ക്ക് ഇറങ്ങിത്തിരിക്കുകയും ചെയ്യും.

ചിത്രങ്ങൾ : പിക്സബേ

അന്തരീക്ഷം സജ്ജമാക്കുക

നാം ജീവിക്കുന്ന ചുറ്റുപാടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് അത്ര ചിലവേറിയ കാര്യമല്ല. വേസ്റ്റ് ശേഖരിക്കാനുള്ള ബിന്നുകൾ അടക്കമുള്ള സാധന സാമഗ്രികൾ കാശു ചെലവാക്കാതെ തന്നെ സംഘടിപ്പിക്കുകയും ചെയ്യാം. ഇതുമായി ബന്ധപ്പെട്ട ഏജൻസികളോ സംഘടനകളോ ഇക്കാര്യത്തിൽ നമ്മെ സഹായിക്കും. ഇക്കാര്യത്തെപ്പറ്റി പലർക്കും ധാരണയില്ല  എന്നതാണ് സത്യം. ശരിക്കു പറഞ്ഞാൽ മടിയും അലസതയും മാലിന്യങ്ങൾ മൂലം ഉണ്ടാവാനിടയുള്ള രോഗങ്ങളെക്കുറിച്ചുള്ള അജ്ഞതയുമാണ് പ്രശ്നക്കാർ. ഒപ്പം അവ വേർതിരിച്ച്  ശേഖരിക്കാനുള്ള ബിന്നുകളോ കാനുകളോ ആവശ്യത്തിന് വേണ്ടയിടങ്ങളിൽ  സ്ഥാപിക്കാത്തതും. ഒന്ന് മനസ്സ് വച്ച് ഇറങ്ങിത്തിരിച്ചാൽ ഇതിനെല്ലാം പരിഹാരം കാണാം. മനസ്സുണ്ടെങ്കിൽ മാർഗവും തെളിഞ്ഞുവരും, തീർച്ച.

–  റോഷ്‌നി ദാസ്. കെ 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

രാജരാജചോളനെക്കുറിച്ചുള്ള  വിവാദപരാമർശത്തിൽ പാ രഞ്ജിത്തിനെ പിന്തുണച്ച് തമിഴ് സിനിമാലോകം

വൈദ്യശാസ്ത്ര ഉത്പന്നങ്ങള്‍ക്ക് വേണ്ടി മൃഗകോശകലകള്‍: എസ്‌സിടിഐഎംഎസ്ടി- എംപിഐ സംയുക്ത സംരംഭം