Movie prime

കേരള ബയോ ബബിള്‍ ടൂറിസം രാജ്യത്തിനാകെ മാതൃക

 

വിനോദസഞ്ചാരികളെ കോവിഡില്‍ നിന്ന് പരമാവധി സുരക്ഷിതരാക്കാന്‍ കാര്യക്ഷമവും സൂക്ഷ്മവുമായ ബയോ ബബിള്‍ മാതൃകയൊരുക്കി രാജ്യത്തിന് കേരളം മാതൃകയാകുന്നു. സഞ്ചാരികളെ സ്വീകരിക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്യുന്ന സേവനദാതാക്കളടക്കം ഉള്‍ക്കൊള്ളുന്നതാണ് ഈ ബയോ ബബിള്‍ സംവിധാനം.

അണുവിമുക്തവും സുരക്ഷിതവുമായ അന്തരീക്ഷത്തിലുള്ളതായിരിക്കും ബയോ ബബിള്‍. ബയോ ബബിളിന് അകത്തുള്ളവര്‍ മിക്കവാറും വാക്സിന്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ വിനോദസഞ്ചാരികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ പ്രശ്നമുണ്ടാകില്ല.

കേരളത്തിലെ ഏതു വിമാനത്താവളത്തിലും ഇറങ്ങുന്ന വിനോദസഞ്ചാരികള്‍ പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരുമായി മാത്രം ഇടപഴകുന്ന തരത്തിലായിരിക്കും ബയോ ബബിളിന്‍റെ സംരക്ഷണവലയം. വിമാനത്താവളത്തില്‍ നിന്ന് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന ടാക്സികളില്‍ അവര്‍ക്ക് തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് പോകാം. ഈ ഡ്രൈവര്‍മാരെല്ലാം വാക്സിനേഷന്‍ സ്വീകരിച്ചവരായിരിക്കും. സഞ്ചാരികള്‍ തങ്ങുന്ന ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ തുടങ്ങിയവയും ബയോ ബബിള്‍ പരിധിയില്‍ ഉള്‍പ്പെടും. അവിടത്തെ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരായിരിക്കും.

കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തിങ്കളാഴ്ച വീണ്ടും തുറന്നുകൊടുത്തു. കോവിഡ് 19 വാക്സിന്‍ ആദ്യ ഡോസ് എടുത്തിട്ടുള്ളവര്‍ക്കും 72 മണിക്കൂറിനു മുമ്പ് എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കുമാണ് പ്രവേശനം. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, ഹൗസ് ബോട്ടുകള്‍, ചെറുകിട വിനോദ കേന്ദ്രങ്ങള്‍ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയെന്ന ലക്ഷ്യത്തോടെ കേരളം നടപ്പാക്കുന്ന സമ്പൂര്‍ണ കോവിഡ് വാക്സിനേഷന്‍ യജ്ഞം വിജയകരമായി പൂര്‍ത്തീകരിച്ചു വരുന്നു. വയനാട്ടിലെ വൈത്തിരി സമ്പൂര്‍ണ വാക്സിനേഷന്‍ പദവി നേടുന്ന ആദ്യ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട മുഴുവന്‍ പങ്കാളികളെയും ഉള്‍പ്പെടുത്തുക എന്നതാണ് യജ്ഞം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രചാരണം ഉടന്‍ പൂര്‍ത്തിയാകും.

കോവിഡ് കാലത്ത് തകര്‍ന്ന ടൂറിസം മേഖലയെ ഏറ്റവുമെളുപ്പത്തില്‍ കരകയറ്റാനുള്ള സമയബന്ധിതവും ആസൂത്രിതവുമായ പദ്ധതികളുടെ ഭാഗമായിട്ടാണ് ബയോ ബബിള്‍ മാതൃകയിലുള്ള സുരക്ഷിതമായ ടൂറിസം മേഖലകള്‍ ഒരുക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. അതിഥികളുടെ സുരക്ഷയ്ക്ക് കേരള ടൂറിസം വലിയ പരിഗണനയാണ് നല്‍കുന്നത്. വിനോദസഞ്ചാരികള്‍ക്ക് സംസ്ഥാനത്ത് സുരക്ഷിതമായ യാത്രയും താമസസൗകര്യവും ഉറപ്പാക്കുകയാണ് ബയോ ബബിള്‍ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്. മഹാമാരിയെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തില്‍ ഇത് നിര്‍ണായക ഘടകമാണ്. ഈ വിശാലമായ കാഴ്ചപ്പാടോടെയാണ് വൈത്തിരിയിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന വാക്സിനേഷന്‍ കാമ്പയിന്‍ വിജയകരമായി നടത്തിയത്. വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതമായ വിനോദസഞ്ചാരം സാധ്യമാകുന്ന പ്രദേശമാണ് കേരളമെന്ന് ഈ സംരംഭം ലോകത്തെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സഞ്ചാരികള്‍ക്ക് സംസ്ഥാനത്തെ ബയോ ബബിളിനകത്ത് യാതൊരു ആശങ്കയുമില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വാക്സിനേഷന്‍ യജ്ഞം നല്‍കും. ബീച്ചുകളിലെ നടത്തം, കടല്‍ക്കുളി ഉള്‍പ്പെടെയുള്ള ഉല്ലാസങ്ങള്‍, വനമേഖലകളിലൂടെയുള്ള ട്രെക്കിംഗ്, കായല്‍, ഉള്‍നാടന്‍ ജലയാത്രകള്‍, ഗ്രാമങ്ങളിലൂടെയുള്ള യാത്ര തുടങ്ങി വിനോദസഞ്ചാരത്തിന്‍റെ ഭാഗമായുള്ള എല്ലാ കാര്യങ്ങളിലും പൂര്‍ണ ആത്മവിശ്വാസത്തോടെ ഏര്‍പ്പെടാന്‍ സഞ്ചാരികള്‍ക്കാകും.

കേരള ടൂറിസം അതിന്‍റെ അടിസ്ഥാന സൗകര്യങ്ങളെയും സമ്പദ് വ്യവസ്ഥയെയും ബാധിച്ച വെള്ളപ്പൊക്കം, പകര്‍ച്ചവ്യാധികള്‍ പോലുള്ള അതിഭീകരമായ പ്രതിസന്ധികളെ മുന്‍കാലങ്ങളില്‍ അതിജീവിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി (ടൂറിസം) ഡോ.വേണു വി. ഐ.എ.എസ് പറഞ്ഞു. ഓരോ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിലൂടെ തങ്ങള്‍ വലിയ അതീജീവന ശേഷിയുള്ളവരാണെന്ന് കേരളം തെളിയിച്ചു. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയുടെ വ്യാപ്തി വളരെ വലുതാണെന്ന് സമ്മതിക്കാതെ വയ്യ. ഈ പകര്‍ച്ചവ്യാധി മൂലമുണ്ടായ തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള ഏറ്റവും നല്ല മാര്‍ഗം വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് ഉയര്‍ന്ന പരിഗണന ഉറപ്പാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ലോക്ക്ഡൗണിനു ശേഷം ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനായിരിക്കും ആളുകള്‍ ശ്രദ്ധിക്കുകയെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ. വി.ആര്‍ കൃഷ്ണ തേജ ഐഎഎസ് പറഞ്ഞു. കേരളത്തിന്‍റെ സ്വാഭാവിക പരിസ്ഥിതിയും വികസിത സാമൂഹിക ചുറ്റുപാടുകളും സഞ്ചാരികളെ ആകര്‍ഷിക്കും. ഇവിടത്തെ ശുദ്ധവായുവും തിരക്ക് കുറഞ്ഞതുമായ ഇടങ്ങളിലേക്ക് കൂടുതല്‍ യാത്രികര്‍ എത്താന്‍ സാധ്യതയുണ്ട്. സംസ്ഥാന ടൂറിസം മേഖലയെ സജ്ജമാക്കുന്നതില്‍ ബയോ ബബിള്‍ സുരക്ഷാ കവചം സൃഷ്ടിക്കുന്നത് സുപ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ മുഴുവന്‍ ആളുകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ ലക്ഷ്യമിട്ടുള്ള കേരള സര്‍ക്കാരിന്‍റെ കോവിഡ് 19 വാക്സിനേഷന്‍ പരിപാടി ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതുവരെ സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 43.37 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 18.08 ശതമാനം പേര്‍ക്ക് രണ്ട് ഡോസുകളും നല്‍കി.