in ,

ഔട്ട്ലുക് ട്രാവലര്‍ പുരസ്ക്കാരം കേരളത്തിന്

ഇക്കൊല്ലത്തെ മികച്ച സൗഖ്യ ലക്ഷ്യസ്ഥാനത്തിനു ടൂറിസം മാസികയായ ഔട്ട്ലുക് ട്രാവലര്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരം കേരളത്തിന് ലഭിച്ചു. കേരളത്തിന്‍റെ ആയുര്‍വേദ ചികിത്സക്കും മറ്റു പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണിത്. മുന്‍ പാര്‍ലമെന്‍റംഗവും കോളമിസ്റ്റും എഴുത്തുകാരനുമായ  ബൈജയന്ത് ജയ് പാണ്ഡ ന്യൂ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിച്ചു. ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  പി കെ സൂരജ് പുരസ്ക്കാരം ഏറ്റുവാങ്ങി.

  ടൂറിസം മേഖലയിലെ മികച്ച സംസ്ഥാനത്തിനും മികച്ച വിവാഹ ലക്ഷ്യസ്ഥാനത്തിനുമുള്ള പുരസ്ക്കാരങ്ങള്‍ക്കുള്ള അവസാന പട്ടികയിലും കേരളത്തെ പരിഗണിച്ചിരുന്നു. പുരാണവും സംസ്ക്കാരവും സാങ്കേതികവിദ്യയും സാഹസികതയുമെല്ലാം ചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമായ ജടായു എര്‍ത്ത് സെന്‍റര്‍, കൊച്ചി മുസിരിസ് ബിനാലെ എന്നിവ മികച്ച ടൂറിസ്റ്റ് ആകര്‍ഷണങ്ങളുടെ പട്ടികയിലും അന്തിമ പട്ടികയില്‍ ഇടം നേടി. തേക്കടി നിരാമയാ റിട്രീറ്റ്സ് കാര്‍ഡമം ക്ലബ്, കുമരകം കോക്കനട് ലഗൂണ്‍ എന്നിവയും  അതതു വിഭാഗങ്ങളില്‍ അവസാനവട്ട പരിഗണനക്കെത്തി. ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനമേതെന്ന് പുരസ്ക്കാര ജേതാക്കളോട് അവതാരക ചോദിച്ചപ്പോള്‍ എല്ലാവരും കേരളമെന്ന മറുപടി നല്‍കിയതും ചടങ്ങില്‍  കേരളത്തിനു ലഭിച്ച അംഗീകാരമായി.  

 കേരളത്തിലേക്ക് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും വിശിഷ്ടമായ ശ്രദ്ധാകേന്ദ്രമാണ് ആയുര്‍വേദമെന്ന് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അതിനുപുറമെ സഞ്ചാരികള്‍ക്കു ചികിത്സക്കും പുനരുജ്ജീവനത്തിനും ഉപയുക്തമായ  നിരവധി ഉല്‍പ്പന്നങ്ങളും കേരളത്തിനു പ്രദാനം ചെയ്യാനുണ്ട്. ഈ രംഗത്തെ കേരളത്തിന്‍റെ പെരുമയെ കൂടുതല്‍ ശക്തമാക്കാന്‍ പുരസ്ക്കാരം സഹായകമാണെന്നും മന്ത്രി പറഞ്ഞു.

ട്രവല്‍ ടൂറിസം മേഖലകളില്‍ അതതുവര്‍ഷത്തെ മികച്ച ഗുണനിലവാരമുളള ഉത്പന്നങ്ങളെ അടയാളപ്പെടുത്തുന്ന അവാര്‍ഡുകളാണ് ഔട്ട്ലുക് ട്രാവലര്‍ പുരസ്ക്കാരങ്ങെളെന്നാണ് വിലയിരുത്തല്‍. 25 വിഭാഗങ്ങളിലുള്ള പരിഗണനയില്‍ ടൂറിസം മേഖലയെ 360 ഡിഗ്രി വീക്ഷിക്കുന്ന പുരസ്ക്കാര നിര്‍ണയത്തിന് മേഖലയിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളെത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ടൂര്‍ ഓപ്പറേറ്റര്‍മാരും നയകര്‍ത്താക്കളും എഴുത്തുകാരും ഡിസൈനര്‍മാരും ആര്‍ട്ടിസ്റ്റുകളും സാങ്കേതിക വിദഗ്ദ്ധരും ഹോട്ടലുടമകളും രാജ്യത്തും വിദേശത്തുമുള്ള ടൂറിസം ബോര്‍ഡ് അധികാരികളും നയതന്ത്ര പ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. പാനല്‍ ചര്‍ച്ചകളും തിളക്കമാര്‍ന്ന ജൂറിയും പ്രസംഗകരുമെല്ലാം ചേര്‍ന്ന മാന്ത്രിക സായാഹ്നത്തിലായിരുന്നു പുരസ്ക്കാരദാനം.  

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ബിജെപിയെ പാഠ്യവിഷയമാക്കി ഇസ്ലാമിക് സർവ്വകലാശാല

15 വര്‍ഷത്തിനുശേഷം ‘ഫ്രണ്ട്‌സ്’ വീണ്ടുമൊരുമിക്കുന്നു