in

ഗൂഗിള്‍ ആഗോള ഡവലപ്പര്‍ സമ്മേളനത്തില്‍ കേരള സ്റ്റാര്‍ട്ടപ്പിന് ആദരം

കൊച്ചി: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഉല്പന്നങ്ങള്‍ അണിനിരന്ന  ഗൂഗിളിന്‍റെ വാര്‍ഷിക ഡവലപ്പര്‍ ഫെസ്റ്റിവലായ  ഗൂഗിള്‍ ഇന്‍പുട്ട്/ ഔട്ട്പുട്ട് 2019 ല്‍ മൂന്നു തവണ അവതരണത്തിന് അവസരം നല്‍കി കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ്യുഎം) മേല്‍നോട്ടത്തിലുള്ള  റിയാഫൈ ടെക്നോളജീസിനെ ഗൂഗിള്‍ ആദരിച്ചു.  

ഗൂഗിളിന്‍റെ പുതിയ ആപ്ലിക്കേഷനായ ‘കുക്ക്ബുക്ക് റെസിപ്പി’യുടെ വലിപ്പം  37 ശതമാനം കുറയ്ക്കുന്നതിനായി റിയാഫൈ ടെക്നോളജീസിനെ ഉപയോഗപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇത്. കാലിഫോര്‍ണിയയില്‍ മെയ് 7 മുതല്‍ 9 വരെ നടന്ന ആഗോള മേളയായ ഗൂഗിള്‍ ഇന്‍പുട്ട്/ ഔട്ട്പുട്ട് 2019ല്‍  ‘ആന്‍ഡ്രോയിഡ് ആപ് ബണ്ടിലി’ലാണ് റിയാഫൈയെ അവതരിപ്പിച്ചത്. 

ഭക്ഷ്യ, ഫോട്ടോഗ്രഫി, ഫിറ്റ്നസ് മേഖലകളില്‍ ആപ്ലിക്കേഷനുകളുള്ള റിയാഫൈ ടെക്നോളജീസ് 2013 ല്‍ ആണ് സ്ഥാപിതമായത്.

ഇന്ത്യയിലെ ഡവലപ്പര്‍മാര്‍ക്കും പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍ക്കും അഭിമാന നിമിഷമാണിതെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ലോകത്തിലെ എട്ടുലക്ഷം ഡവലപ്പര്‍മാരില്‍ നിന്നാണ് ഗൂഗിള്‍ റിയാഫൈയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൂഗിള്‍ സമ്മേളനത്തില്‍ അഞ്ച് വീഡിയോ സ്റ്റോറികളാണ് അവതരിപ്പിക്കപ്പെട്ടത്. അമേരിക്കന്‍ കമ്പനികളായ നെറ്റ്ഫ്ളിക്സ്, ക്യാഷ് ആപ്, റോബിന്‍ഹുഡ് എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഭൂരിഭാഗം പ്രതിനിധികള്‍ എത്തിയത്.  മൂന്നു ദിവസത്തിനുള്ളില്‍ വീഡിയോ സ്റ്റോറികള്‍ പൂര്‍ത്തീകരിക്കാനായി ഗൂഗിള്‍ 20 ടെക്നീഷ്യന്‍മാരുമായി   സഹകരിച്ചു പ്രവര്‍ത്തിച്ചു. സമ്മേളനത്തില്‍ രണ്ടു സെഷനുകളില്‍ കൂടി അവതരിപ്പിക്കപ്പെട്ടതിലൂടെ അപൂര്‍വമായ ഹാട്രിക്കാണ് റിയാഫൈ നേടിയിരിക്കുന്നതെന്ന് സ്റ്റാര്‍ട്ടപ് സിഇഒ ശ്രീ ജോണ്‍ മാത്യു വ്യക്തമാക്കി.

അഞ്ചു വര്‍ഷമായി ഗൂഗിളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റിയാഫൈ കളമശേരിയിലെ സംയോജിത സ്റ്റാര്‍ട്ടപ് സമുച്ചയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പതിനാലിനധികം ഏര്‍ളി അക്സസ് പ്രോഗ്രാമുകളിലും റിയാഫൈ  പങ്കാളിയായിരുന്നു. ഏര്‍ളി അക്സസ് പ്രോഗ്രാമുകളില്‍ പുത്തന്‍ സാങ്കേതികവിദ്യകളുമായി പ്രവര്‍ത്തിക്കുന്നതിന് ലോകമെമ്പാടുമുള്ള മികച്ച ഡവലപ്പര്‍മാരെയാണ് ബഹുരാഷ്ട്ര കമ്പനികള്‍ തിരഞ്ഞെടുക്കുന്നത്. റിയാഫൈ യേയും അവയുടെ ഉല്‍പ്പന്നങ്ങളേയും കുറിച്ച് 2015 മുതല്‍ വിവിധ പഠനങ്ങള്‍ ഗൂഗിള്‍ നടത്തിയിട്ടുണ്ട്. കൂടാതെ ഈ സ്ഥാപനത്തെ വിവിധ സമ്മേളനങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്.

ആപ്ലിക്കേഷനുകളുടെ വലുപ്പം കുറയ്ക്കാന്‍ കഴിയുന്ന  പുതിയ സംവിധാനം ഈ വര്‍ഷം ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. വികസിച്ചുവരുന്ന ഇന്ത്യന്‍ വിപണിയില്‍ ആപ്ലിക്കേഷനുകളുടെ വലിപ്പം നിര്‍ണായകമാണ്. കുക്ക് ബുക്ക് ആപ്ലിക്കേഷന്‍റെ വലിപ്പം 3.5 എംബി ആയി കുറയ്ക്കുന്നതിനാണ് റിയാഫൈ  ഗൂഗിളുമായി പ്രവര്‍ത്തിച്ചത്. ഗൂഗിള്‍ പ്ലേയില്‍ കോണ്‍വേര്‍ഷന്‍ റേറ്റ് കൂട്ടി ആപ് ഇന്‍സ്റ്റോള്‍ ചെയ്യുന്ന സന്ദര്‍ശകരുടെ എണ്ണം 19 ശതമാനമായി വര്‍ദ്ധിപ്പിക്കുവാന്‍ ഇത് സഹായകമായി. റിയാഫൈയുടെ ആപ് ബണ്ടില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും  അതിലുള്ള ഉപഭോക്താക്കളുടെ പ്രതികരണത്തെക്കുറിച്ചും ഗൂഗിള്‍ അന്വേഷണം നടത്തിയിരുന്നു.

ജോണ്‍ മാത്യുവിനു പുറമെ  ജോസഫ് ബാബു, എം നീരജ്, ബെന്നി സേവ്യര്‍, കെ വി ശ്രീനാഥ്, ബിനോയ് ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് റിയാഫൈ-യ്ക്ക് രൂപം നല്‍കിയത്. നിര്‍മ്മിത ബുദ്ധിയില്‍ പേറ്റന്‍റുള്ള റിയാഫൈ അതുതന്നെയാണ് ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്തുന്നത്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പ്ലാറ്റ്ഫോമിന്  പ്രളയ സമയത്ത് റിയാഫൈ രൂപം നല്‍കിയിരുന്നു.

കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യു ഷോര്‍ലൈന്‍ ആംഫിതിയേറ്ററില്‍ നടന്ന ഗൂഗിള്‍ ഇന്‍പുട്ട്/ ഔട്ടപുട്ട് സമ്മേളനത്തിന്‍റെ പതിനൊന്നാം പതിപ്പില്‍ ഗൂഗിള്‍ വിദഗ്ധര്‍ ലോകത്തെമ്പാടുമുള്ള ഡവലപ്പര്‍മാര്‍ക്ക് മികച്ച അറിവുകളാണ് പ്രദാനം ചെയ്തത്.

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ദേശീയ പാതാവികസനം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയസമീപനങ്ങളിൽ മാറ്റം വേണമെന്ന് സുധീരന്‍

കൊക്കൂണ്‍ 12 എഡിഷൻ: രജിസ്ട്രേഷന്‍ കാമ്പയിന്‍ ആരംഭിച്ചു