in

കേരള ടൂറിസത്തിന് 3 പാറ്റാ ഗോള്‍ഡന്‍ പുരസകാരങ്ങള്‍ സമ്മാനിച്ചു

ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ കീഴിലുള്ള കുമരകം എത്നിക് ഫുഡ് റസ്റ്ററന്‍റിനുള്‍പ്പെടെ, ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ മൂന്ന് പുരസ്കാരങ്ങള്‍ കേരള ടൂറിസത്തിനു സമ്മാനിച്ചു. 


കസാഖ്സ്ഥാനിലെ നൂര്‍-സുത്താനില്‍ നടന്ന  പാറ്റാ ട്രാവല്‍ മാര്‍ട്ട് 2019 ല്‍ ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനും ടൂറിസം ഡയറക്ടര്‍ ശ്രീ പി. ബാല കിരണും മക്കാക്കോ ഗവണ്‍മെന്‍റ് ടൂറിസം ഓഫീസ് ഡയറക്ടര്‍ ശ്രീമതി മറിയ ഹെലേന ദേ സെന്ന ഫെര്‍ണാണ്ടസ്, പാറ്റാ സിഇഒ ഡോ. മരിയോ ഹാര്‍ഡി എന്നിവരില്‍ നിന്ന് അവാര്‍ഡുകള്‍ സ്വീകരിച്ചു. 

മികച്ച പരസ്യ പ്രചരണ പരിപാടിക്കുള്ള പുരസ്കാരം കേരള ടൂറിസത്തിന്‍റെ പരസ്യ പ്രചരണ പരിപാടിയായ ‘കം ഔട്ട് ആന്‍ഡ് പ്ലേ’ ക്കാണ് ലഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വെബ്സൈറ്റിനുള്ള ഗോള്‍ഡന്‍ പുരസ്കാരം  കേരള ടൂറിസം വെബ്സൈറ്റിനു ലഭിച്ചിരുന്നു. ദക്ഷിണേഷ്യയില്‍ കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ചത് കേരളത്തിനാണ്.

കേരള ടൂറിസത്തിന് വേണ്ടി പരസ്യ പ്രചാരണം നടത്തിയത് സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷനാണ്. ഇന്‍വിസ് മള്‍ട്ടിമീഡിയ ആണ് വെബ്സൈറ്റ് തയാറാക്കി പരിപാലിക്കുന്നത്. 

കേരള ടൂറിസത്തിന് ലഭിച്ച വലിയ ആദരമാണിതെന്നും ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുളള അംഗീകാരം കൂടിയാണിതെന്നും ടൂറിസം മന്ത്രി പറഞ്ഞു. രാജ്യാന്തര വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ കേരളത്തിന്‍റെ രമണീയത അവതരിപ്പിക്കുന്നതിന് ഈ അവാര്‍ഡുകള്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂറിസം നയത്തിലും ദൗത്യങ്ങളിലും സുപ്രധാനമായിമാറിയ ഉത്തരവാദിത്ത ടൂറിസം മിഷനു (ആര്‍ടി മിഷന്‍) കീഴിലുള്ള കുമരകത്തെ റസ്റ്ററന്‍റിനായി അവാര്‍ഡ് സ്വീകരിക്കുന്നതില്‍ പ്രത്യേക സന്തോഷമുണ്ട്. കേരളത്തില്‍ ആകെയുള്ള 15500 ഉത്തരവാദിത്ത മിഷന്‍ യൂണിറ്റുകളില്‍ 13500  സ്ത്രീകള്‍ നേതൃത്വം കൊടുക്കുന്നവയാണെന്നും മന്ത്രി വ്യക്തമാക്കി.

വര്‍ഷങ്ങളായി നല്‍കിവരുന്ന പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ അവാര്‍ഡുകള്‍ ട്രാവല്‍ ടൂറിസം മേഖലളിലെ മികച്ച അംഗീകാരമായി മാറിക്കൊണ്ടിരിക്കുന്നതായി ശ്രീ പി ബാല കിരണ്‍ പറഞ്ഞു. ടൂറിസം വിപണിയില്‍ കേരളത്തിന്‍റെ മൂല്യം ഉയരുന്നതിന് ഇത് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദൈനംദിന യാന്ത്രിക ജീവിതത്തില്‍നിന്നുമാറി പ്രകൃതിയുമായി അലിഞ്ഞുചേരാന്‍ ഇന്ത്യയെ ക്ഷണിക്കുന്ന  പ്രചാരണ പരിപാടിയാണ് ‘കം ഔട്ട് ആന്‍ഡ് പ്ലേ’. ട്രക്കിംഗ്, ആയൂര്‍വേദ മസാജ്, ചങ്ങാടയാത്ര, യോഗ, സുഗന്ധവ്യഞ്ജനതോട്ട സന്ദര്‍ശനം, കേരള വിഭവങ്ങളെ പഠിക്കല്‍, തെങ്ങുകയറ്റം, ഹൗസ്ബോട്ട് യാത്ര എന്നിവയിലൂടെ പ്രകൃതിയെ രുചിച്ചറിയുന്നതിനുള്ള അവസരങ്ങളാണ് പ്രചാരണ പരിപാടി അനാവരണം ചെയ്യുന്നത്.


രാജ്യത്തെ സുപ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയില്‍ കേരള ടൂറിസത്തിന് ഓണ്‍ലൈനില്‍ സാന്നിധ്യം ഉറപ്പാക്കുന്നതിനാണ് കേരള ടൂറിസം വെബ്സൈറ്റ് www.keralatourism.org രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ദശലക്ഷം പേര്‍ സന്ദര്‍ശിച്ച ഈ വെബ്സൈറ്റ് ഏഷ്യയിലെ മികച്ച പത്ത് ടൂറിസം വെബ്സൈറ്റുകളില്‍ ഒന്നാമതാണ്.  ഒരുലക്ഷത്തോളം വെബ്പേജുകളുളള സൈറ്റില്‍ സുപ്രധാന വിരവങ്ങള്‍ 23 ഭാഷകളില്‍ ലഭ്യമാക്കുന്നുണ്ട്. ഹോങ്കോങ്, ന്യൂസിലാന്‍ഡ്, ദക്ഷിണകൊറിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായാണ്  ഉയര്‍ന്ന റാങ്കിങ്ങിനായി മത്സരിക്കുന്നത്. 

ജൂലൈയിലായിരുന്നു ബാങ്കോക്കില്‍ വിദഗ്ധ സമിതി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.  ലോകവ്യാപകമായി 78 സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി 197 എന്‍ട്രികള്‍ ലഭിച്ചിരുന്നു.

ഏഷ്യ പസിഫിക് മേഖലയിലെ ട്രാവല്‍ ടൂറിസം രംഗങ്ങളില്‍ ഉത്തരവാദിത്ത വികസന പ്രവര്‍ത്തനങ്ങളുടെ ചാലകമായി പ്രവര്‍ത്തിക്കുന്ന ലാഭേതര സംരംഭമാണ് 1951ല്‍ സ്ഥാപിതമായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സ്‌ക്രീൻ ചലച്ചിത്രോത്സവം ഇന്നു മുതൽ 

ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് റഗുലര്‍ ഹെല്‍ത്ത് കെയര്‍