in

സഞ്ചാരികളെ തേടി കേരള ടൂറിസം പൂര്‍വ്വേഷ്യയില്‍

പൂര്‍വ്വേഷ്യയിലെ വികസിക്കുന്ന വിപണി ലക്ഷ്യമിട്ട് ആകര്‍ഷകമായ ഉല്പന്നങ്ങളുമായി ചൈന, സിംഗപ്പൂര്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ കേരള ടൂറിസത്തിന്‍റെ വ്യാപാര യോഗങ്ങളും റോഡ്ഷോകളും. 

കണ്ടിരിക്കേണ്ടതാണ് കേരളമെന്ന സന്ദേശം പ്രചരിപ്പിക്കുകയും കേരളമെന്ന ബ്രാന്‍ഡിനെ ഉയര്‍ത്തിക്കാട്ടുകയുമായിരുന്നു പരിപാടികളുടെ ലക്ഷ്യം. ടൂറിസം സെക്രട്ടറി റാണി ജോര്‍ജും മേഖലയിലെ പ്രമുഖ പങ്കാളികളും കുന്‍മിംഗിലെ ‘ചൈന ഇന്‍റര്‍നാണല്‍ ട്രാവല്‍ മാര്‍ട്ട്-2019 (സിഐടിഎം)-ല്‍ പങ്കെടുക്കുകയും ഷാങ്ഹായിലും ബീജിംഗിലും രണ്ട് റോഡ്ഷോകള്‍ സംഘടിപ്പിക്കുകയും ചെയ്തു.  

ഷാങ്ഹായിലേയും ബീജിംഗിലേയും വ്യാപാര യോഗങ്ങളില്‍ കേരളത്തിന്‍റെ സാധ്യതകളെക്കുറിച്ചും വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര ഉല്‍പ്പന്നങ്ങളെക്കുറിച്ചും ടൂറിസം സെക്രട്ടറി അവതരണം നടത്തി.

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഡോ. അക്യുനോ വിമല്‍ ബീജിംഗില്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യ ടൂറിസത്തിന്‍റെ പങ്കാളിത്തവുമുണ്ടായിരുന്നു. കേരളത്തിന്‍റെ പരിപാടിയില്‍ 84 ബയര്‍മാരും പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.

ഷാങ്ഹായിലെ റോഡ്ഷോയില്‍  ടൂര്‍ ഓപ്പറേറ്റര്‍മാരും കേരളത്തിന്‍റെ പ്രതിനിധികളും പങ്കെടുത്ത ബിസിനസ് സെഷനുകള്‍ നടത്തി. 80 ബയര്‍മാര്‍ പങ്കെടുത്ത പരിപാടിയില്‍ കോണ്‍സല്‍ ജനറല്‍ അനില്‍ കുമാര്‍ റായ് മുഖ്യാതിഥിയായിരുന്നു. കേരള ടൂറിസം സിഐടിഎമ്മില്‍ സജ്ജമാക്കിയ വിശാലമായ പവലിയന്‍ ധാരാളം സന്ദര്‍ശകരെ ആകര്‍ഷിച്ചു. 

കേരള ടൂറിസത്തിന്‍റെ മികച്ച വിപണിയായി ചൈന മാറിയിരിക്കുകയാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിദൂര വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്ന ചൈനീസ് സഞ്ചാരികളെ   സംസ്ഥാനത്തിന്‍റെ ടൂറിസം സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകുന്ന തരത്തില്‍ പാകപ്പെടുത്തുന്നതിന് ഫലപ്രദമായ പദ്ധതികള്‍ വേണം. ചൈനീസ് ഭാഷ കൈകാര്യം ചെയ്യുന്ന ഗൈഡുകളുടെ അഭാവം പരിഹരിക്കും. സാഹസിക വിനോദസഞ്ചാരം, മൈസ് ടൂറിസം, കളരിപ്പയറ്റ്, ആയുര്‍വേദ സുഖചികിത്സ എന്നിവയിലൂന്നി നൂതന ഉല്‍പ്പന്നങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

2017ല്‍ 7,113 ചൈനീസ് സഞ്ചാരികളാണ് കേരളത്തിലെത്തിയതെങ്കില്‍   2018ല്‍ ഇത് 9,630 ആയി. ചൈനീസ് സഞ്ചാരികള്‍ക്കുമുന്നില്‍ കേരളത്തെ അവതരിപ്പിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുമെന്ന്  ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. റോഡ്ഷോകളിലൂടെയും  മറ്റും ചൈനയിലെ ടൂറിസം മേഖലയില്‍ കേരളത്തെക്കുറിച്ച് ആവേശം ജനിപ്പിക്കാനായി. ബിസിനസ് ബന്ധങ്ങള്‍ക്കപ്പുറം  കേരളം സുരക്ഷിതവും ആകര്‍ഷകവുമായ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാണെന്ന സന്ദേശവും നല്‍കിയിട്ടുണ്ട്.  അവര്‍ക്കുവേണ്ടി പാക്കേജുകളും ആവശ്യാനുസരണം ക്രമീകരിക്കാവുന്ന ടൂറുകളും ആവിഷ്കരിക്കേണ്ടതുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

ഏഷ്യയിലെ പ്രമുഖ ട്രാവല്‍ ട്രേഡ് ഷോ ആയ  സിംഗപ്പൂരിലെ ഐടിബി ഏഷ്യ 2019 ലും  കേരള ടൂറിസം പങ്കെടുത്തു. ‘ഹ്യൂമന്‍ ബൈ നേചര്‍’ എന്ന പ്രചരണ ചിത്രം പ്രമേയമാക്കിയ പവിലിയന്‍ സന്ദര്‍ശകശ്രദ്ധ നേടി. ബിസിനസ് മീറ്റിങ്ങുകളും പ്രമുഖ ദീര്‍ഘദൂര ടൂര്‍ ഓപ്പറേറ്റര്‍മാരുമായും യാത്രാ പ്രസിദ്ധീകരണങ്ങളുമായും കൂടിക്കാഴ്ചകളും നടത്തി. 

ഒസാക്കയില്‍ ആദ്യമായി സംഘടിപ്പിച്ച ജപ്പാന്‍ ടൂറിസം എക്സ്പോയിലും കേരള ടൂറിസം പങ്കെടുത്തു.  2,25,000 സന്ദര്‍ശകരേയും 130 രാജ്യങ്ങളില്‍ നിന്നുള്ള 1,000 ബിസിനസ് പ്രതിനിധികളേയും ആകര്‍ഷിച്ച പരിപാടിയിലും  ജപ്പാനിലെ ടൂര്‍ ഓപ്പറേറ്റര്‍മാരുമായും മാധ്യമങ്ങളുമായും കൂടിക്കാഴ്ച സംഘടിപ്പിച്ചിരുന്നു. ടോക്കിയോയില്‍ റോഡ്ഷോയും നടത്തി. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Obesity , pregnancy ,affect,new Born,health,healthy diet,study, published, journal ,Heliyon,r new-born's health, mothers, women, research, 

അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്കും പ്രസവ അവധി: പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു

ഡോള്യൂടെഗ്രവിർ: എയ്ഡ്സിനെതിരെയുള്ള പുതിയ മരുന്ന് ഫെബ്രുവരിയോടെ വിപണിയിലെത്തും