Khushboo
in

ഖുശ്ബു ബിജെപിയിൽ ചേർന്നു; കോൺഗ്രസ് നേതാക്കൾക്ക് യാഥാർഥ്യ ബോധമില്ലെന്ന് ആരോപണം

khushboo

തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ, കോൺഗ്രസിൽനിന്ന് രാജിവെച്ച പ്രശസ്ത സിനിമാ താരം ഖുശ്ബു ബിജെപിയിൽ ചേർന്നു. നേരത്തേ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് എഴുതിയ രാജിക്കത്തിൽ യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകൾ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും അടിച്ചമർത്താനും ശ്രമിക്കുന്നതായി അവർ ആരോപിച്ചിരുന്നു.khushboo

പാർട്ടിക്കുള്ളിൽ ഉയർന്ന സ്ഥാനങ്ങളിൽ കേറി ഇരിപ്പുറപ്പിച്ചിട്ടുള്ള കുറച്ചുപേർക്ക് അടിസ്ഥാന യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും, പൊതുസമ്മതിയില്ലാത്ത അത്തരം ആളുകളാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെന്നും, പാർട്ടിക്ക് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന തന്നെപ്പോലുള്ളവരെ തള്ളിവിടുകയും അടിച്ചമർത്തുകയും ചെയ്യുന്ന രീതിയാണ് അവർ കൈക്കൊള്ളുന്നതെന്നും ഖുശ്ബു പരാതിപ്പെട്ടിരുന്നു. ദീർഘകാലത്തെ ആലോചനയ്ക്കു ശേഷമാണ് പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

രാജിക്കത്ത് പുറത്താവുന്നതിന് മുമ്പുതന്നെ കോൺഗ്രസ് വക്താവ് സ്ഥാനത്തു നിന്ന് ഖുശ്ബുവിനെ നീക്കം ചെയ്തിരുന്നു. ഖുശ്ബുവിൻ്റെ പുറത്തുപോക്ക് തമിഴ്നാട്ടിൽ പാർട്ടിക്ക് യാതൊരു കോട്ടവും ഉണ്ടാക്കില്ല എന്നാണ് കോൺഗ്രസിൻ്റെ നിലപാട്.

രാഷ്ട്രം മുന്നോട്ട് പോകണമെങ്കിൽ ശരിയായ ദിശയിൽ രാജ്യത്തെ നയിക്കാൻ കഴിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലൊരാളെ ആവശ്യമാണെന്ന് ബിജെപിയിൽ ചേർന്നശേഷം ഖുശ്ബു മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബിജെപിയെ സംബന്ധിച്ചിടത്തോളം, തെക്കൻ സംസ്ഥാനത്തെ സ്റ്റാർ ക്യാംപെയ്നർ ആയി ഖുശ്ബു സുന്ദർ എന്ന താരം മാറും. 2014 മുതൽ ആറുവർഷത്തോളം അവർ കോൺഗ്രസിനൊപ്പമുണ്ടായിരുന്നു. ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ പ്രത്യക്ഷ മുഖമായിരുന്നു ഖുശ്ബു. എന്നാൽ, 2014 മുതൽ പാർട്ടി അധികാരത്തിൽ നിന്ന് പുറത്തായതോടെ ഖുശ്ബുവിൻ്റെ രാഷ്ട്രീയ ജീവിതം അനിശ്ചിതത്വത്തിൽ ആയിരുന്നു.

അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അവർക്ക് വലിയ ഉത്തരവാദിത്വം ഏൽപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. രാജ്യസഭാ സീറ്റിനെക്കുറിച്ചും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. തമിഴ്‌നാട്ടിൽ ബിജെപിയുടെ പ്രതിച്ഛായതന്നെ ഖുശ്ബു മാറ്റിത്തീർക്കുമെന്ന് ബിജെപിയുടെ തമിഴ്‌നാട് യൂണിറ്റ് പറഞ്ഞു.

2010-ൽ ഡിഎംകെ അധികാരത്തിലിരുന്നപ്പോൾ ആ പാർട്ടിയിൽ ചേർന്നു കൊണ്ടാണ് രാഷ്ട്രീയത്തിലേക്കുള്ള ഖുശ്‌ബുവിൻ്റെ രംഗപ്രവേശം. പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും ബ്രാഹ്മണിസത്തിൻ്റെ കടുത്ത വിമർശകനുമായിരുന്ന പെരിയാറിന്റെ ഭാര്യ മണിയമ്മയുടെ വേഷത്തിൽ ഒരു ജീവചരിത്ര സിനിമയിൽ അഭിനയിച്ചതിനു ശേഷമാണ് അവർ ഡിഎംകെയിൽ അംഗമായത്. നാല് വർഷത്തിന് ശേഷം 2014-ൽ അവർ പാർട്ടി വിട്ടു. ഡിഎംകെയിലെ കഠിനാധ്വാനം ഒരു വൺവേ പാതയായിരുന്നു എന്നായിരുന്നു പാർട്ടി വിടുമ്പോൾ അവർ പറഞ്ഞത്. അതേ വർഷം സോണിയ ഗാന്ധിയെ കണ്ടശേഷം കോൺഗ്രസിൽ ചേർന്നു. ഒടുവിൽ താൻ വീട്ടിലെത്തിയെന്നും ജനങ്ങൾക്ക് നന്മ ചെയ്യാനും രാജ്യത്തെ ഒന്നിപ്പിക്കാനും കഴിയുന്ന ഒരേയൊരു പാർട്ടിയാണ് കോൺഗ്രസ് എന്നുമാണ് അന്ന് പറഞ്ഞത്.

നടി എന്ന നിലയിൽ ഖുശ്ബുവിന് തമിഴ്നാട്ടിൽ ഒട്ടേറെ ആരാധകരുണ്ട്. ആരാധകർ അവർക്കായി ഒരു ക്ഷേത്രം തന്നെ പണിതിട്ടുണ്ട്. എന്നാൽ സ്ത്രീ പുരുഷ ബന്ധത്തെ കുറിച്ച്, പുരോഗമന പക്ഷം പിടിച്ചുള്ള അവരുടെ ധീരമായ പ്രതികരണം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

എട്ട് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ജനക്കൂട്ടത്തെ ആകർഷിക്കുന്ന കരിസ്മാറ്റിക് പ്രഭാവമുള്ള നേതാക്കളുടെ അഭാവമുളള ബിജെപിക്ക്, ഖുശ്ബുവിൻ്റെ താരത്തിളക്കം ഗുണം ചെയ്യാനിടയുണ്ട്.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ സംസ്ഥാനത്തെ ഭരണകക്ഷിയായ എഐഎഡിഎംകെയുമായുള്ള ബിജെപിയുടെ ബന്ധം ഉലഞ്ഞ നിലയിലാണ്. തിരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും എന്ന് കരുതപ്പെടുന്ന സൂപ്പർതാരം രജനികാന്തിനെ ബിജെപി പിന്തുണച്ചേക്കും എന്ന അഭ്യൂഹങ്ങൾ ഉള്ളതിനാൽ ബന്ധം പുനരുജ്ജീവിപ്പിക്കുന്ന കാര്യത്തിൽ എഐഎഡിഎംകെയും സംശയത്തിലാണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ICMR

ക്വിങ്‌ദാവോ നഗരത്തിൽ ആറുപേർക്ക് കൊറോണ; അഞ്ച് ദിവസം കൊണ്ട് ഒമ്പത് ദശലക്ഷം ടെസ്റ്റ് നടത്താനൊരുങ്ങി ചൈന

queer

കൺവേർഷൻ തെറാപ്പി നിരോധിക്കണം; ക്വിയർ ഗ്രൂപ്പുകൾ ഹൈക്കോടതിയിൽ