in

കോട്ടൂർ ആന പുനരധിവാസകേന്ദ്രം അന്തർദേശീയ നിലവാരത്തിൽ

തിരുവനന്തപുരം:   അന്തർദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ ആനപുനരധിവാസ കേന്ദ്രം കോട്ടൂരില്‍ യാഥാര്‍ത്ഥ്യമാവുന്നു. കാപ്പുകാട് ആനപുനരധിവാസ കേന്ദ്രമാണ് 108 കോടി രൂപ ചെലവില്‍ രണ്ടു ഘട്ടങ്ങളായി നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുക. 

പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണോദ്ഘാടനം  ജൂൺ 23 വൈകുന്നേരം നാല് മണിക്ക് കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍  മുഖ്യമന്ത്രി പിണറായി നിര്‍വഹിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ഡോ. റ്റി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, കെ. കൃഷ്ണന്‍ കുട്ടി എന്നിവര്‍ പങ്കെടുക്കും.

കാപ്പുകാട് ആനപരിപാലനകേന്ദ്രം ഉള്‍പ്പെടുന്ന കോട്ടൂര്‍ വനമേഖലയിലെ 176 ഹെക്ടര്‍ വനഭൂമിയില്‍ നിര്‍മ്മിക്കുന്ന കേന്ദ്രത്തിന് കേരളാ ഇന്‍ഫ്രാ സ്ട്രക്ചറല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡാണ് ( കിഫ്ബി) ധനസഹായം അനുവദിച്ചിരിക്കുന്നത്. രണ്ടുഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 71.9 കോടിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടക്കുക. 

പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകളെ  അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെന്ന പോലെ പാര്‍പ്പിക്കാവുന്ന തരത്തില്‍ ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും  വലയം ചെയ്ത അമ്പത് ആവാസ കേന്ദ്രങ്ങളാണ് ഇതിനായി തയ്യാറാക്കുക. ആന മ്യൂസിയം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്റിനറി ആശുപത്രി , പ്രകൃതി സ്‌നേഹികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പഠന ഗവേഷണ കേന്ദ്രം, പാപ്പാന്‍മാര്‍ക്കുള്ള പരിശീലന കേന്ദ്രം,എന്‍ട്രന്‍സ് പ്‌ളാസ, അഡ്മിനിസട്രേറ്റീവ് ഓഫീസ്, സന്ദര്‍കര്‍ക്കായി പാര്‍ക്കിംഗ് സൗകര്യം, കഫറ്റീരിയ, കോട്ടേജുകള്‍, ടോയ്‌ലറ്റ് ബ്ലോക്ക് , വിശാലമായ കണ്‍വെന്‍ഷന്‍ സെന്റര്‍, ആംഫി തിയററര്‍ എന്നിവ പദ്ധിയുടെ ഭാഗമാണ്.  

നെയ്യാര്‍ ഡാമില്‍ നിര്‍മ്മിക്കുന്ന ചെക്ക് ഡാമുകളടക്കം വിവിധ ജലാശയങ്ങള്‍, കുട്ടിയാനകളുടെ പരിപാലനത്തിനായി പ്രത്യേക സങ്കേതങ്ങള്‍, ആനകള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കള എന്നിവയും  ഇവിടെ ഉണ്ടാവും, അവയ്ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള വിശാലമായ  ഇടവും പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ അകലത്തില്‍ ആനകളെ വീക്ഷിക്കുന്നതിനുള്ള  സൗകര്യവും ഇവിടെ ഒരുക്കും.  നാട്ടാനകളുടേതടക്കം ജഡങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ട്.

ആനപാപ്പാന്‍മാര്‍ക്ക് കുടുംബസമേതം താമസിക്കുവാനുള്ള 40 ക്വാര്‍ട്ടേഴ്‌സുകളും 40 പേര്‍ക്കുള്ള ഡോര്‍മിറ്ററി സൗകര്യവും പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ തന്നെ തയ്യാറാക്കും. ശാസ്ത്രീയ മാലിന്യ സംസ്്കരണ സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തും. പ്രതിദിനം 3 ടണ്ണോളം ആന പിണ്ഡം  ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്രത്തില്‍ അവ പേപ്പറാക്കി മാറ്റുന്നതിനുള്ള പ്രത്യേക യൂണിറ്റ് നിര്‍മ്മിക്കും. 

കേന്ദ്രത്തിലെ ബയോഗ്യാസ് പ്‌ളാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ഗ്യാസ് ആയിരിക്കും പാചകത്തിന് ഉപയോഗിക്കുക. സംസ്‌ക്കരിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ ശേഖരിച്ച് പുനരുപയോഗത്തിനായി അയക്കുവാനുള്ള സൗകര്യവും  ദ്രവമാലിന്യ സംസ്‌ക്കരണത്തിനുള്ള പ്ലാന്റും ആദ്യഘട്ടത്തില്‍ത്തന്നെ ഒരുക്കും.

ഭവന നിര്‍മ്മാണ ബോര്‍ഡിന് നിര്‍മ്മാണ ചുമതലയുള്ള പദ്ധതി 2021ല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ ടൂറിസം രംഗത്തും വന്‍ കുതിച്ച്ചാട്ടമാണ് ഉണ്ടാവുക.

തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി ഈ പ്രദേശം മാറുന്നതോടൊപ്പം  നെയ്യാര്‍ ഡാം മേഖലയിലെ വനം വകുപ്പിന്റെയും, ജലവിഭവ വകുപ്പിന്റെയും ടൂറിസം പദ്ധതികളും ഇതിനോടൊപ്പം വികസിക്കും. അരലക്ഷം വിദേശ സഞ്ചാരികളടക്കം പ്രതിവര്‍ഷം 3.5 ലക്ഷത്തിലധികം ആളുകള്‍ ഇവിടെ  സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷ. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ദ ബ്ലൂ പെന്‍സില്‍ ഡോക്യുമെന്ററി-ഹ്രസ്വ ചിത്ര മേളയില്‍   

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മൂന്നു കത്തുകൾ എഴുതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്