in ,

ആൻ്റണി ക്വിൻ: മരണത്തിനു പോലും മനമിടറുന്ന  ജീവിതാസക്തി! 

അഭിനയാചാര്യൻ ആന്റണി ക്വിന്നിന്റെ നൂറ്റിയഞ്ചാം ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രശസ്ത എഴുത്തുകാരൻ
കെ പി എ സമദ് എഴുതിയ അതിമനോഹരമായ അനുസ്മരണ കുറിപ്പ്


ജീവിക്കേണ്ടത് അങ്ങനെയാണ് ബോസ്! സുഖിച്ച്, ആഘോഷിച്ച്, സന്തോഷത്തോടെ ജീവിക്കുക. അടുത്ത നിമിഷം മരിച്ചുപോകുമെന്ന പോലെയാണ് ഈ നിമിഷം ഞാൻ കൈയാളുന്നത്. ഒരിക്കലും മരിക്കില്ലെന്നപോലെ മുമ്പോട്ടുപോകുകയും ചെയ്യുന്നു – കസാൻസാക്കിസ് സോർബയെക്കൊണ്ടിത് പറയിക്കുമ്പോൾ ഒരിക്കലും കരുതിയിരിക്കില്ല, ഒരിക്കൽ ഈ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന അഭിനേതാവിന്റെയും ജീവിതവേദാന്തമായിരിക്കും ഈ വാക്കുകളെന്ന്. അലക്സിസ് സോർബയും ആന്റണിക്വിന്നും ഒരേ ആത്മാവിന്റെ രണ്ട് സാക്ഷാൽക്കാരങ്ങളായിരുന്നു.

2001 ജൂൺ മൂന്നിന്, എൺപത്തിയേഴാം വയസ്സിലും ത്രസിച്ചുനിന്ന യൗവനം ന്യൂമോണിയക്ക് അടിയറവെച്ച് ഉറക്കെച്ചിരിച്ചുകൊണ്ട് കടന്നുപോയ ക്വിന്നിന്റെ ജീവിതം, ഗ്രീക്ക് കർഷകൻ സോർബയുടേതുപോലെ ജീവിതാസക്തിയുടെ വീരഗാഥയായിരുന്നു.

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ പിറന്ന്, ചെരുപ്പ് മിനുക്കിയും പത്രം വിറ്റും പട്ടിണിയെ അതിജീവിച്ച്, ഇരുപത്തൊന്നാം വയസ്സിൽ ഹോളിവുഡിലെ താരമാവുന്നു; പോപ്പുമുതൽ പ്രവാചകന്റെ പിതൃ സഹോദരൻ വരെയുള്ള ചരിത്രപുരുഷന്മാരുടെ വേഷം ചെയ്യുന്നു. യൂഗോയുടെ ക്വാസിമോഡ മുതൽ ഹെമിംഗ്‌വേയുടെ സാന്തിയാഗോ വരെയുള്ള അനശ്വര കഥാപാത്രങ്ങൾക്ക് സിനിമയിലും അസ്തിത്വം നൽകുന്നു; ഹോളിവുഡ് ചക്രവർത്തി സെസിൽ ബി ഡിമെല്ലെയുടെ വളർത്തുപുത്രിയെ വിവാഹം ചെയ്യുന്നു; കരോൾ ലംബാർഡ് മുതൽ റീത്ത ഹെയ്‌വർത്ത് വരെയുള്ള താരറാണിമാരുടെ കാമുകനാകുന്നു; ഇൻഗ്രിഡ് ബർഗ്മന്റെയും മകൾ പിയ ലിൻറ്സ്ട്രോമിന്റെയും പ്രണയപാരവശ്യങ്ങൾ ഒരേപോലെ സാക്ഷാൽക്കരിക്കുന്നു; മൂന്ന് ഔദ്യോഗിക വിവാഹങ്ങളിലായി പതിമൂന്ന് സന്തതികൾക്ക് ജന്മം നൽകുന്നു; അവസാന സന്തതിക്ക് ജന്മം നൽകുന്നത്
എൺപത്തിയൊന്നിന്റെ നിറയൗവനത്തിൽ, തന്നെക്കാൾ അരനൂറ്റാണ്ട് പ്രായം കുറഞ്ഞ, തന്റെ സെക്രട്ടറിയായ യുവതിയിൽ!
“സിനിമയിൽ എനിക്കൊരിക്കലും പെണ്ണിനെ ലഭിക്കുമായിരുന്നില്ല.” ഒരഭിമുഖത്തിൽ ക്വിൻ പറഞ്ഞു. “സിനിമയിലെ നഷ്ടം ഞാൻ ജീവിതത്തിൽ നികത്തി.”

വേഷവൈവിധ്യങ്ങളുടെ ആധിക്യം അപൂർവ്വമാക്കിയ ക്വിന്നിന്റെ
അറുപതുവർഷത്തെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷമായി കണക്കാക്കപ്പെടുന്നത് ഗ്രീക്ക് കർഷകൻ
സോർബയാണ്. ക്വിന്നിന് ഏറ്റവും പ്രിയപ്പെട്ട വേഷവും അതുതന്നെ. “ഞാൻ എന്നെത്തന്നെ തിരിച്ചറിയുകയായിരുന്നു.” സോർബൻ അനുഭവത്തെക്കുറിച്ച് ക്വിൻ എഴുതി. ” പിന്നീട് ഞാൻ കൂടുതൽ കൂടുതൽ സോർബയായിത്തീർന്നു.”

1915 ഏപ്രിൽ 21 നു മെക്സിക്കോയിലെ ചിഹുവാഹുവയിൽ മെക്സിക്കൻ മാതാവിനും ഐറിഷ് പിതാവിനും ജനിച്ച ക്വിൻ രണ്ട് സംസ്കാരങ്ങളുടെയും വിചിത്രസങ്കരമായിരുന്നു. “ക്വിൻ എന്ന പേരുകാരണം മെക്സിക്കൻ കുട്ടികൾ എന്നെ കൂട്ടത്തിൽ കൂട്ടിയില്ല. മെക്സിക്കൻ എന്നുപറഞ്ഞ് അമേരിക്കൻ കുട്ടികൾ എന്നെ അടുപ്പിച്ചതുമില്ല.” കാലിഫോർണിയയിലെ ബാല്യത്തെക്കുറിച്ച് ക്വിൻ ആത്മകഥയിൽ അനുസ്മരിക്കുന്നു. “അതുകൊണ്ട് കുട്ടിയായിരിക്കുമ്പോൾത്തന്നെ ഞാൻ തീരുമാനിച്ചു, ഒരു
വിശ്വപൗരനായിത്തീരുകയാണ് വേണ്ടത്. അതാണ് പിന്നീട് ഞാൻ ആയിത്തിത്തീർന്നത്. വിശ്വപൗരൻ. അഭിനയമാണെന്റെ മാതൃരാജ്യം.”

1936-ൽ ഇരുപത്തൊന്നാമത്തെ വയസ്സിൽ നാല്പതുസെക്കൻ്റ് ദൈർഘ്യമുള്ള ഒരു വേഷം ചെയ്തുകൊണ്ട് ക്വിൻ സിനിമയിലെത്തി. ‘പരോൾ’ എന്ന ചിത്രത്തിൽ. ഒരു തടവുപുള്ളിയുടെ വേഷമായിരുന്നു.

ഒന്നരദശകത്തോളം മികച്ച വേഷങ്ങളൊന്നും ക്വിന്നിന് ലഭിച്ചില്ല. ആരെയും കൂസാത്ത, ഒന്നിനോടും സന്ധി ചെയ്യാത്ത, മെക്സിക്കൻ രക്തത്തിന്റെ താപം വമിക്കുന്ന, അദ്ദേഹത്തിന്റെ രീതികൾ ഹോളിവുഡ് തമ്പുരാക്കന്മാരെ നീരസപ്പെടുത്തിയതാണ് കാരണം. ചെറുതും അപ്രധാനവുമായ വേഷങ്ങൾ ചെയ്തുപോന്ന അദ്ദേഹത്തിന് അംഗീകാരത്തിന്റെ പരമോന്നത ബഹുമതി രണ്ടുതവണ നേടിക്കൊടുത്തത് ചെറിയ വേഷങ്ങൾ തന്നെയായിരുന്നു. 1952 ൽ എലിയ കസാൻ്റെ ‘വിവ സപട്ട’ മികച്ച സഹനടനുള്ള ഓസ്കർ ആദ്യമായി നേടിക്കൊടുത്തു. മെക്സിക്കൻ വിപ്ലവകാരി എമിലിയാനോ സപട്ടയുടെ സഹോദരന്റെ വേഷമായിരുന്നു. എമിലിയാനോ ആയി വേഷമിട്ട മാർലൻ ബ്രാൻഡോ മികച്ച നടന്റെ നോമിനേഷൻ നേടിയെങ്കിലും അവാർഡ് നേടിയില്ല.

നാലുവർഷങ്ങൾക്കു ശേഷം ഓസ്കർ വീണ്ടും ക്വിന്നിനെ തേടിയെത്തി. ‘ ലസ്റ്റ് ഫോർ ലൈഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിന്. ഫ്രഞ്ച് ചിത്രകാരൻ പോൾ ഗോഗിന്റെ വേഷമായിരുന്നു. എട്ടുമിനുട്ട് നേരം മാത്രമായിരുന്നു ക്വിൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

പിന്നീടൊരിക്കലും ഓസ്‌കർ ക്വിന്നിനെ ബഹുമാനിച്ചില്ല. പക്ഷെ, അറുപതുകളിലെയും എഴുപതുകളിലെയും ഹോളിവുഡ് ക്വിന്നിന്റെ മാസ്മരിക സാന്നിദ്ധ്യത്തിൽ എപ്പോഴും ജ്വലിച്ചുനിന്നു.
യൂഗോയുടെ പീഢിതനായ കൂനൻ ക്വാസിമോഡ (നോത്രദാമിലെ കൂനൻ, 1957), ഫെല്ലിനിക്ക് ഓസ്കർ നേടിക്കൊടുത്ത ‘ല സ്ട്രാഡ’യിലെ ക്രൂരൻ സർക്കസുകാരൻ സെംബാനോ (1954), ബ്രിട്ടീഷ് ജനറലിനെ വാക്കുകൊണ്ടും നോക്കുകൊണ്ടും പരവശനാക്കുന്ന അറബ് ഗോത്രത്തലവൻ (ലോറൻസ് ഓഫ് അറേബ്യാ- 1962), ക്രിസ്തുവിനോടൊപ്പം കുരിശിലേറാൻ വിധിക്കപ്പെടുകയും ഒടുവിൽ വിട്ടയക്കപ്പെടുകയും ചെയ്ത മോഷ്ടാവ് ബറബ്ബാസ് (1962), റഷ്യൻ വംശജനായ ആദ്യത്തെ പോപ്പ് (ദ ഷൂ ഓഫ് ഫിഷർമാൻ -1968), ബ്രിട്ടീഷ് അസോൾട്ട് ടീമിലെ ഗ്രീക്ക് അംഗം ആന്ദ്രിയ (ഗൺസ് ഓഫ് നവറോൺ – 1961), നാസി ജർമ്മനിയിൽനിന്നും രക്ഷപ്പെട്ടുവന്നവരെ അതിർത്തികടക്കാൻ സഹായിക്കുന്ന ആൽപ്സിലെ ആട്ടിടയൻ
(ദ പാസ്സേജ്- 1974), ഗ്രീക്ക് കോടീശ്വരൻ അരിസ്റ്റോട്ടിൽ ഒനാസിസ് (ദ ലാസ്‌റ്റ് ടൈക്കൂൺ -1978)… വേഷങ്ങളുടെ വൈവിദ്ധ്യവും കരുത്തും ആരെയും അമ്പരപ്പിക്കുന്നതും അസൂയപ്പെടുത്തുന്നതുമായിരുന്നു.

എഴുപതുകളുടെ അന്ത്യത്തിൽ ക്വിൻ ഹോളിവുഡ് വിട്ടു. ഇറ്റാലിയിൽ താമസമാക്കി. “ഹോളിവുഡിന് എനിക്ക് നല്ല വേഷങ്ങൾ തരാനാവുന്നില്ല. മെക്സിക്കൻ, റെഡ് ഇന്ത്യൻ, മാഫിയ ഡോൺ – ഇവ മാത്രമേ അവരെനിക്ക് കണ്ടുവെയ്ക്കുന്നുള്ളൂ. ” 1977-ൽ ക്വിൻ പരാതിപ്പെട്ടു.

ഇക്കാലത്തണ് മുസ്തഫ അക്കാദ് എന്ന സിറിയൻ യുവാവ് ഗൾഫ് സമ്പന്നരുടെ സഹായത്തോടെ ഇസ്‌ലാമിക ചരിത്രവും അറബ് ദേശീയതയും പ്രമേയമാക്കി സിനിമ നിർമ്മിക്കാൻ ഇറങ്ങിത്തിരിക്കുന്നത്. അക്കാദിന്റെ ചലച്ചിത്ര സ്വപ്നങ്ങളുടെ അച്ചാണിയായി മാറി ആന്റണി ക്വിൻ. ഇസ്‌ലാമിന്റെ
ആവിർഭാവത്തിന്റെ കഥ പറയുന്ന ആദ്യചിത്രമായ ‘ദ മെസ്സേജ്’ ൽ(1976), പ്രവാചകന്റെ പിതൃ സഹോദരൻ ഹംസയുടെ വേഷമായിരുന്നു ക്വിന്നിന്. 1981-ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രം ‘ഒമർ മുക്താർ’ ഇറ്റാലിയൻ അധിനിവേശത്തിനെതിരെയുള്ള ലിബിയൻ ചെറുത്തുനിൽപ്പിന്റെ കഥയാണ് പറഞ്ഞത്. വിദൂരഗ്രാമത്തിൽ കൊച്ചുകുട്ടികളെ ഓത്ത്‌ പഠിപ്പിക്കുന്ന വൃദ്ധ മൊല്ലാക്കയായ ഒമർ മുക്താർ അധിനിവേശശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുത്ത് രക്തസാക്ഷിയായി. അറേബ്യൻ പൈതൃകത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായ ആ വേഷം ആന്റണി ക്വിൻ അനശ്വരമാക്കി.

ഇടയ്ക്ക് കരുത്തുറ്റ കഥാപാത്രങ്ങൾ പൂർണ്ണത ആവശ്യപ്പെടുമ്പോൾ ഹോളിവുഡ് ക്വിന്നിനെ തേടിയെത്തുമായിരുന്നു. 1988-ൽ ഒനാസിസ്-ജാക്വിലിൻ പ്രണയകഥ ടി.വി. ചിത്രമാക്കാൻ (ഒനാസിസ്: ദ റിച്ചസ്റ്റ് മാൻ ഇൻ ദ വേൾഡ് ) തീരുമാനിച്ചപ്പോഴും അവരെത്തി. ഒനാസിസിന്റെ വേഷത്തിൽ മറ്റൊരാളെ സങ്കൽപ്പിക്കാൻ അവർക്കായില്ല. 1990 ൽ ഹെമിംഗ് വേയുടെ കിഴവനും കടലും ടി.വി. ചിത്രമായപ്പോൾ കിഴവൻ സാന്തിയാഗോയുടെ വേഷം ക്വിന്നിന്റെ കൈകളിൽ ഭദ്രമായി. 1995-ൽ പുറത്തുവന്ന ‘എ വാക്ക് ഇൻ ദി ക്ലൗഡ്’ എന്ന ചിത്രവും ക്വിന്നിന്റെ അഭിനയ ചാതുര്യത്തിന്റെ ഉത്തമോദാഹരണമാണ് . 1999 ൽ റിലീസ് ചെയ്ത റിക്കാഡോ ബ്രാവോയുടെ ‘ഒറിയുണ്ടി’ യാണ് ക്വിന്നിന്റെ അവസാന ചിത്രം. എൺപതു കഴിഞ്ഞ ഗിസേപ്പേ പദോവനി എന്ന കഥാപാത്രം, യാഥാർത്ഥ്യവും ഭ്രമാത്മകതയും മാഞ്ഞുപോകുന്ന വാർദ്ധക്യത്തിന്റെ അവസ്ഥ കണ്ണുകളുടെ ചലനങ്ങളിലൂടെ, അംഗവിക്ഷേപങ്ങളുടെ ക്രമീകരണങ്ങളിലൂടെ, അമർത്തിയ ആക്രോശങ്ങളിലൂടെ, ക്വിൻ അവതരിപ്പിക്കുമ്പോൾ അഭിനയത്തിന്റെ രാജശില്പിയെ നാം നമിച്ചുപോകുന്നു.

എൺപത്തഞ്ചു കഴിഞ്ഞതിന് ശേഷമാണ് അവസാന ചിത്രം ‘അവഞ്ചിങ് എയ്ഞ്ചൽസി’ൽ ക്വിൻ അഭിനയിക്കുന്നത്. “അഭിനയിക്കുക എന്നാൽ എനിക്ക് ജീവിക്കുക എന്നു തന്നെയാണർത്ഥം.

മരണത്തെക്കുറിച്ച് പരാമർശിക്കവെ, ആത്മകഥയായ “ഒൺ മാൻ റ്റാംഗോ’ യിൽ ക്വിൻ എഴുതി: “റോഡ്‌സ് ദ്വീപിലുള്ള എന്റെ വീടിന്റെ മുറ്റത്തെ മരച്ചുവട്ടിൽ അന്ത്യവിശ്രമം കൊള്ളണമെനിക്ക്. ആ മരത്തിന്റെ വേരുകൾ എന്നെ മോഹിപ്പിക്കുന്നു. കുട്ടികൾ ആ മരച്ചുവട്ടിൽ കളിക്കാൻ വരും. അപ്പോൾ എനിക്കവരുടെ കളിയുടെ ഭാഗമാകാനാകും. ആ മരത്തണലിൽ വന്നിരുന്ന് എന്റെ ഭാര്യക്ക് എന്നോട് സംസാരിക്കാൻ കഴിയും.”

മരണത്തിനുപോലും മനമിടറുന്ന ജീവിതാസക്തി!

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ജിയോയിൽ ഫേസ്ബുക്കിൻ്റെ വമ്പൻ നിക്ഷേപം, 9.99% ഓഹരിക്ക് 43,574 കോടി രൂപ മുതൽമുടക്കി

പൽഘാർ: അറസ്റ്റ് ചെയ്ത 101 പേരിൽ ഒറ്റ മുസ്ലീമും ഇല്ലെന്ന് ആഭ്യന്തരമന്ത്രി