Movie prime

മക്കള്‍ക്കൊപ്പം: രക്ഷിതാക്കളുടെ പങ്കാളിത്തം അരലക്ഷത്തിലേക്ക്

 

കോവിഡ് കാലത്ത് മാറിയ വിദ്യാഭ്യാസ രീതിയില്‍ പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സാന്ത്വനമേകാനും വീടുകളില്‍ മികച്ച പ@നാന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിലുള്ള രക്ഷാകര്‍തൃ ശാക്തീകരണപരിപാടിയായ 'മക്കള്‍ക്കൊപ്പം' ക്ലാസുകളില്‍ ജില്ലയില്‍ അരലക്ഷത്തോളം രക്ഷിതാക്കള്‍ ഇതിനകം പങ്കാളികളായി. കുട്ടികളിലുണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങള്‍, പഠന താല്‍പ്പര്യക്കുറവ്, മറ്റ് സ്വഭാവവ്യതിയാനങ്ങള്‍ തുടങ്ങിയവ പരിഹരിക്കാന്‍ രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന പരിപാടി ജില്ലയില്‍ ആഗസ്റ്റ് 5 മുതല്‍ക്കാണ് ആരംഭിച്ചത്.

കുട്ടികളിലുണ്ടാകുന്ന അലസത, ഉറക്കമില്ലായ്മ, ദേഷ്യം, ഏകാഗ്രതയില്ലായ്മ, മ്ലാനത തുടങ്ങിയവ ചില കുട്ടികളില്‍ കാണുന്നതായി കോഴിക്കോട് ജില്ലയില്‍ പരിഷത്ത് നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കൂടാതെ സ്മാര്‍ട്ട് ഫോണിന്റെ ദുരുപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുട്ടികള്‍ക്ക് സ്‌നേഹവും കരുതലും നല്‍കി അവരെ ഒപ്പം ചേര്‍ത്ത് നിര്‍ത്തുന്ന ഒരു പഠനാന്തരീക്ഷം വീടുകളില്‍ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ടാണ് മക്കള്‍ക്കൊപ്പം ക്യാമ്പയിന് പരിഷത്ത് തീരുമാനിച്ചത്.

പരിശീലനം ലഭിച്ച 150-ഓളം അധ്യാപകരും മന:ശാസ്ത്രവിദഗ്ധരുമടങ്ങുന്ന റിസോഴ്‌സ് സംഘങ്ങളാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ 13 മേഖലകളിലും പരിപാടികളുടെ ഉദ്ഘാടനം നടന്നുകഴിഞ്ഞു.  വിവിധ സ്‌കൂളുകളില്‍ നടന്ന പരിപാടികളില്‍ മന്ത്രി ജി.ആര്‍. അനില്‍, എം.എല്‍.എമാരായ ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, കെ. ആന്‍സലന്‍, ഐ.ബി. സതീഷ്, അഡ്വ. ജി. സ്റ്റീഫന്‍, അഡ്വ. വിയ ജോയി, സി.കെ. ഹരീന്ദ്രന്‍, കവി വി. മധുസൂദനന്‍ നായര്‍ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.

ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ നടക്കുന്ന പരിപാടിക്ക് രക്ഷിതാക്കളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍ക്കുപുറമെ ചില അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ക്ലാസുകള്‍ക്കായി ആവശ്യമുയരുന്നുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍ ചെയര്‍മാനായും ജില്ലാ വിദ്യാഭ്യാസ കണ്‍വീനര്‍ ജി. സുരേഷ് കണ്‍വീനറുമായ സംഘാടകസമിതിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സപ്തംബര്‍ 5-ന് പരിപാടി സമാപിക്കും.