തിരുവനന്തപുരം: സംസ്ഥാനത്തെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്താൽ തുടര്‍ച്ചയായ മൂന്നാം ദിവസവും നിയമസഭ ( legislative assembly ) നടപടികള്‍ തുടരാനാവാതെ പിരിഞ്ഞു.

രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയ പ്രതിപക്ഷം ശൂന്യവേളയില്‍ മടങ്ങിയെത്തി സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.

മധുവിന്റെയും സഫീറിന്റെയും കൊലപാതകങ്ങൾ സഭ നിര്‍ത്തി വച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വച്ചത്. വിഷയത്തില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ ഷംസുദീന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

മധുവിന്റെയും സഫീറിന്റെയും കൊലപാതകങ്ങളില്‍ നിഷ്പക്ഷ അന്വേഷണം നടക്കുന്നുണ്ടെന്നും കൊലപാതകങ്ങൾ നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

തുടര്‍ന്ന് കൊലപാതകങ്ങള്‍ സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതോടെ ബഹളം തുടർന്ന പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തി.

സഫീറിൻറെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നും കൊലപാതകത്തിനു ശേഷം പ്രതികള്‍ ഒാടിപ്പോയത് സിപിഐ ഒാഫീസിലേക്കാണെന്നും നേരത്തെ, അടിന്തരപ്രമേയത്തിന് നോട്ടീസ് നൽകിക്കൊണ്ട് ഷംസുദീന്‍ ആരോപിച്ചിരുന്നു.

തെളിവില്ലാതെ സിപിഐക്കെതിരെ നടത്തിയ ആരോപണങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സിപിഐ എം.എല്‍.എ സി.ദിവാകരന്‍ ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ച്‌ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ അറിയിച്ചു.