Movie prime

നാടന്‍ ഭക്ഷണം ശീലമാക്കൂ, അര്‍ബുദ സാധ്യത അകറ്റൂ

പരമ്പരാഗതമായ തനി നാടന് ഭക്ഷണ വിഭവങ്ങള് ഉപേക്ഷിച്ച് പാശ്ചാത്യ ഭക്ഷണ രീതികള് ശീലിക്കുന്നതാണ് രാജ്യത്ത് അര്ബുദസാധ്യത വര്ദ്ധിക്കുന്നതിന് പ്രധാനകാരണമെന്ന് ലോകോരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ഡയറക്ടറും ചീഫ് സയന്റിസ്റ്റുമായ ഡോ. സൗമ്യ സ്വാമിനാഥന്. 2040 ആകുമ്പോഴേയ്ക്കും ലോകത്ത് അര്ബുദസാധ്യത ഇരട്ടിക്കുമെന്നും അവര് വ്യക്തമാക്കി. രാജീവ് ഗാന്ധി സെന്റര് ഫോര് ബയോടെക്നോളജിയുടെ ആഭിമുഖ്യത്തില് കോവളം ഹോട്ടല് ഉദയസമുദ്രയില് ആരംഭിച്ച ഇന്ത്യന് അസോസിയേഷന് ഓഫ് കാന്സര് റിസര്ച്ചിന്റെ (ഐഎസിആര്) ത്രിദിന വാര്ഷിക സമ്മേളനത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്. പുകയില More
 
നാടന്‍ ഭക്ഷണം ശീലമാക്കൂ, അര്‍ബുദ സാധ്യത അകറ്റൂ

പരമ്പരാഗതമായ തനി നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ഉപേക്ഷിച്ച് പാശ്ചാത്യ ഭക്ഷണ രീതികള്‍ ശീലിക്കുന്നതാണ് രാജ്യത്ത് അര്‍ബുദസാധ്യത വര്‍ദ്ധിക്കുന്നതിന് പ്രധാനകാരണമെന്ന് ലോകോരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ഡയറക്ടറും ചീഫ് സയന്‍റിസ്റ്റുമായ ഡോ. സൗമ്യ സ്വാമിനാഥന്‍. 2040 ആകുമ്പോഴേയ്ക്കും ലോകത്ത് അര്‍ബുദസാധ്യത ഇരട്ടിക്കുമെന്നും അവര്‍ വ്യക്തമാക്കി.

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ കോവളം ഹോട്ടല്‍ ഉദയസമുദ്രയില്‍ ആരംഭിച്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്‍റെ (ഐഎസിആര്‍) ത്രിദിന വാര്‍ഷിക സമ്മേളനത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

പുകയില ഉപയോഗം, അമിതവണ്ണം, വ്യായാമക്കുറവ്, കന്നുകാലി മാംസത്തിന്‍റെ ഉപഭോഗം എന്നിവയും അര്‍ബുദത്തിലേക്ക് നയിക്കുന്നുണ്ട്. അര്‍ബുദത്തെ പ്രതിരോധിക്കുന്നതിനായി ആരോഗ്യകരമായ ജീവിതശൈലികളെക്കുറിച്ച് അതിവേഗം പൊതുജനങ്ങള്‍ക്ക് അവബോധവും വിദ്യാഭ്യാസവും നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഐഎസിആര്‍ മുന്‍ പ്രസിഡന്‍റുമാരായ പത്മശ്രീ മാധവ് ഗജാനന്‍ ദിയോ, പ്രൊഫ. റിത മുല്‍ഹെര്‍ക്കര്‍, പ്രൊഫ. നീത സിംഗ്, ഡോ. ശുഭാദ വി ചിപ്ലങ്കര്‍ എന്നിവരും ഇപ്പോഴത്തെ പ്രസിഡന്‍റും ആര്‍ജിസിബി ഡയറക്ടറുമായ പ്രൊഫ. എം. രാധാകൃഷ്ണ പിള്ളയും ഒരുമിച്ചാണ് ദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്യുന്നതിന് ഇന്ത്യയ്ക്ക് അടിസ്ഥാന സൗകര്യങ്ങളും മനുഷ്യശേഷിയുമുണ്ട്. ശ്വാസകോശ- ഹൃദയ സംബന്ധമായ രോഗങ്ങള്‍, പ്രമേഹം, അര്‍ബുദം തുടങ്ങിയ സാംക്രമികേതര രോഗങ്ങളാണ് നമ്മുടെ സംവിധാനങ്ങളെ തകര്‍ക്കുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതകള്‍ക്കും ഈ സ്ഥിതിവിശേഷം കാരണമാകുന്നതായി ഡോ. സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് അറുപതുശതമാനം മരണങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും കാരണമാകുന്ന സുപ്രധാന ആരോഗ്യ പ്രശ്നമാണ് സാംക്രമികേതര രോഗങ്ങള്‍. ജീവിതശൈലി- പാരിസ്ഥിതിക ഘടകങ്ങള്‍, വ്യക്തിഗത ശീലങ്ങള്‍ എന്നിവ ഇവയിലേക്ക് നയിക്കുന്നവയാണ്. ഈ രോഗങ്ങള്‍ ചികിത്സിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രത്യേക അടിസ്ഥാന സൗകര്യങ്ങളും മാനവശേഷിയും ആവശ്യമാണ്.

പുകയില, അനാരോഗ്യകരമായ ആഹാരശീലം, വ്യായാമക്കുറവ്, മദ്യപാനം, അന്തരീക്ഷ മലിനീകരണം എന്നിവയാണ് സാംക്രമികേതര രോഗങ്ങള്‍ക്കുള്ള മുഖ്യകാരണങ്ങള്‍. അര്‍ബുദ പ്രതിരോധവും ദേശീയ സാംക്രമികേതര രോഗങ്ങളുടെ (എന്‍സിഡി) ഭാഗമാണ്. സമയോചിത പ്രതിരോധ നടപടികളും നിയന്ത്രണങ്ങളും കൂടുതല്‍ ഉപകാരപ്രദമാണ്. ആരോഗ്യ-വ്യക്തിഗത-സാമൂഹിക തലങ്ങളിലായിരിക്കണം ഇതിനായുള്ള ഇടപെടലുകളെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ 15 വര്‍ഷമായി അര്‍ബുദസാധ്യതയും ഇക്കാരണത്തിലുള്ള മരണവും വര്‍ദ്ധിക്കുന്നുണ്ട്. ചികിത്സിച്ചു ഭേദമാക്കാനാകുന്ന അര്‍ബുദത്തിലൂടെ അന്‍പതുശതമാനത്തിലേറെപേര്‍ മരിച്ചു എന്നതാണ് വേദനാജനകം. കഴുത്ത്, ഗര്‍ഭാശയമുഖം എന്നിവിടങ്ങളിലെ അര്‍ബുദവും പുകയില ഉപയോഗത്താലുള്ള അര്‍ബുദവും പൂര്‍ണമായും പ്രതിരോധിക്കാവുന്നതാണ്. പുരുഷന്‍മാരില്‍ 35 മുതല്‍ അന്‍പതു ശതമാനം വരെയും സ്ത്രീകളില്‍ 15 ശതമാനം മുതല്‍ 20 ശതമാനവും വരെയുള്ള മരണത്തിന് കാരണം പുകയിലയാണെന്ന് അവര്‍ വ്യക്തമാക്കി.

ലോകോരോഗ്യ സംഘടനയും ഐഎസിആറും വേള്‍ഡ് കാന്‍സര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട സാഹചര്യമാണിതെന്നും ആയതിനാല്‍ ഇത് സമ്മേളനത്തിനുള്ള മികച്ച സമയമാണെന്നും പ്രൊഫ. രാധാകൃഷ്ണ പിള്ള സ്വാഗതത്തില്‍ പറഞ്ഞു. അര്‍ബുദ പ്രതിരോധത്തെ കേന്ദ്രീകരിച്ചുള്ളതാണ് റിപ്പോര്‍ട്ട്. ആര്‍ജിസിബിയെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ബുദ ഗവേഷണം ഏറെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള സമ്മേളനങ്ങള്‍ ഈ മേഖലയില്‍ വഴിത്തിരിവാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്തുശതമാനം അര്‍ബുദം മാത്രമേ പാരമ്പര്യമായി കണ്ടുവരുന്നുള്ളൂവെന്ന് ബംഗാളിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ജീനോമിക്സ് മുന്‍ ഡയറക്ടറും പ്രൊഫസറുമായ പാര്‍ത്ഥ പി മജുംദാര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

അര്‍ബുദ ഗവേഷണത്തിലും അനുബന്ധ ശാസ്ത്രങ്ങളിലും സുസ്ഥിരമായ സര്‍ക്കാര്‍ ഫണ്ട് ആവശ്യമാണെന്ന് അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച്ചിലെ ഇന്‍റര്‍നാഷണല്‍ അഫയേഴ്സ് ഡയറക്ടര്‍ ഡോ ഫ്രെഡറിക് ബീമര്‍ ആവശ്യപ്പെട്ടു. അമേരിക്കയിലെ എന്‍ഐഎച്ച്, നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഡേവിഡ് എ വിങ്ക് ജൂനിയറും സമ്മേളനത്തില്‍ സംസാരിച്ചു. ഐഎസിആര്‍ സെക്രട്ടറി പ്രിയ ശ്രീനിവാസും പങ്കെടുത്തു.

‘അര്‍ബുദത്തിനെതിരെയുള്ള പോരാട്ടം നയിക്കുക’ എന്ന പ്രമേയത്തിലൂന്നിയ സമ്മേളനത്തില്‍ രാജ്യത്തിനകത്തെയും പുറത്തെയും അര്‍ബുദ ഗവേഷകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, ബൗദ്ധികാവകാശ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. അര്‍ബുദത്തെ അതിജീവിച്ച പ്രശസ്ത സിനിമാതാരം മംമ്ത മോഹന്‍ദാസ്, റീജണല്‍ ക്യാന്‍സര്‍ സെന്‍ററിലെ രണ്ട് സീനിയര്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ തങ്ങളുടെ അനുഭവം സമ്മേളനത്തില്‍ പങ്ക് വയ്ക്കുന്നുണ്ട്. നാന്നൂറ്റി അന്‍പതിലധികം പ്രതിനിധികളും സമ്മേളനത്തില്‍ ഭാഗഭാക്കാകുന്നുണ്ട്.