Movie prime

വരൻ സോഷ്യലിസം, വധു മമത

 

ഈ വരുന്ന ഞായറാഴ്ച  സോഷ്യലിസത്തിൻ്റെ കല്യാണമാണ്. പെണ്ണ് മമത ബാനർജി തന്നെയാണ്.

വരുന്ന ഞായറാഴ്ചയാണ് സോഷ്യലിസത്തിൻ്റെ വിവാഹം. വധു ആരെന്നല്ലേ...മറ്റാരുമല്ല സാക്ഷാൽ മമത ബാനർജി!

ഇതെന്തു മറിമായം എന്ന് അല്പമൊന്ന് അത്ഭുതപ്പെട്ടുവോ?

സോഷ്യലിസവും മമതയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലെന്ന് എല്ലാവർക്കും അറിയാം. പരസ്പര വൈരികളാണ് എന്നതു മാത്രമാണ് അവരെ ബന്ധിപ്പിക്കുന്ന ഒരേയൊരു ചരട്. കമ്മ്യൂണിസ്റ്റുകാരുടെ കണ്ണിലെ എക്കാലത്തേയും വലിയ കരടാണ് മമത ബാനർജി. മമതയുടെ ഏറ്റവും വലിയ ശത്രുക്കളാണ് കമ്മ്യൂണിസ്റ്റുകാർ. അപ്പോൾ പിന്നെ ഇതെന്ത് കുന്തമാണെന്നല്ലേ...സംഗതി സത്യമാണ്.

ഈ വരുന്ന ഞായറാഴ്ച  സോഷ്യലിസത്തിൻ്റെ കല്യാണമാണ്. പെണ്ണ് മമത ബാനർജി തന്നെയാണ്.

തമിഴ്നാട്ടിൽ, വരുന്ന ഞായറാഴ്ച നടക്കാനിരിക്കുന്ന ഒരു വിവാഹത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ച നടക്കുകയാണ്. വധൂവരന്മാരുടെ പേരുകൾ തന്നെയാണ് ഈ കല്യാണത്തെ ഒരു കൗതുക വാർത്തയായി നിങ്ങൾക്കു മുന്നിൽ എത്തിച്ചിരിക്കുന്നത്. പേരിലെ കൗതുകമില്ലായിരുന്നെങ്കിൽ നമ്മളാരും അറിയാതെ പോകുമായിരുന്ന ഒരു കല്യാണം. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ഇനിയും ആരും പുച്ഛിച്ച് തള്ളല്ലേ...

തമിഴ്നാട്ടിൽ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ രാജ്യമെങ്ങും വൈറലായിരിക്കുകയാണ് ഈ കല്യാണക്കഥ. വരൻ്റെ പേരാണ് സോഷ്യലിസം. 
വധുവിൻ്റെ പേര് മമത ബാനർജി എന്നും. സി പി ഐ ജില്ലാ സെക്രട്ടറിയായ എ മോഹൻ മകന് സോഷ്യലിസം എന്ന് പേരിടുമ്പോൾ പുരോഗമന ചിന്തയും വിപ്ലവ സ്വപ്നങ്ങളുമെല്ലാമായിരുന്നു  മനസ്സിൽ. കരുണാനിധി മകന് സ്റ്റാലിൻ എന്ന് പേരിട്ടതു പോലെ, കേരളത്തിലും ഇത്തരം സോഷ്യലിസ്റ്റ്, വിപ്ലവ, പുരോഗമന പേരുകൾ ഫാഷനായിരുന്ന കാലമുണ്ടായിരുന്നു.

ചെഗുവേരയും ഭഗത് സിങ്ങും മാർക്സും ഹോചിമിനുമെല്ലാം കേരളത്തിൻ്റെ നാട്ടിൻ പുറങ്ങളിലും കളിച്ചു വളർന്നിരുന്നു. വോൾഗയെന്നും റോസയെന്നും സോവിയറ്റ് ബ്രീസെന്നും  പെൺകുട്ടികൾക്കും പേരുകൾ ഇട്ടിരുന്നു. എന്തായാലും നമ്മുടെ ഈ കല്യാണ കഥയിലെ നായിക മമതയുടേത് ഒരു കോൺഗ്രസ് കുടുംബമാണ്.

വംഗനാട്ടിൽ കമ്മ്യൂണിസ്റ്റുകാരെ നെഞ്ചൂക്കോടെ നേരിടാൻ പ്രാപ്തിയുള്ള കരുത്തുറ്റ നേതാവായി മമത ബാനർജി എന്ന നേതൃരൂപം ജ്വലിച്ചുയർന്നു നില്ക്കുന്നതിനിടയിലാണ് ഇങ്ങ് തെക്ക് തമിഴ്നാട്ടിൽ ഈ കുട്ടി ജനിക്കുന്നത്. ഒന്നും നോക്കിയില്ല. കുടുംബം കുഞ്ഞിന് മമത ബാനർജി എന്നു തന്നെ  പേരിട്ടു.

മോഹൻ്റെ ബന്ധുകൂടിയാണ് മമത.  ഇരുവരുടേതും കമ്മ്യൂണിസ്റ്റ്- കോൺഗ്രസ് കുടുംബങ്ങളാണെന്ന് മാത്രം. സി പി ഐ ജില്ലാ സെക്രട്ടറിയായ മോഹൻ്റെ പ്രത്യയശാസ്ത്ര പ്രണയവും പാർട്ടിക്കൂറും പുത്രനായ സോഷ്യലിസത്തിൽ തീരുന്നില്ല എന്ന് കൂടി അറിയുക.  മറ്റ് രണ്ട് മക്കൾ കൂടി മോഹനുണ്ട്. കമ്മ്യൂണിസവും ലെനിനിസവും. മൂത്ത മകനാണ് കമ്മ്യൂണിസം. മോഹൻ്റെ ഭാര്യ ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോഴാണ് സോവിയറ്റ് യൂണിയൻ ശിഥിലമാകുന്നത്.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം നശിച്ചെന്നും കമ്മ്യൂണിസത്തിന് ഈ ഭൂമുഖത്ത് തന്നെ ഇനി യാതൊരു പ്രസക്തിയുമില്ലെന്നും വർഗശത്രുക്കൾ കൊണ്ടു പിടിച്ച പ്രചാരണ കോലാഹലത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയം. വിപ്ളവ സ്വപ്നങ്ങളിൽ ലോകജനതയുടെ വിമോചനം സ്വപ്നം കണ്ടു നടന്നിരുന്ന മോഹന് മകന് പേരിടുന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് കമ്മ്യൂണിസം ആ വീട്ടിൽ ജനിച്ചു വീണത്.

മനുഷ്യരാശി ഉള്ളിടത്തോളം കാലം ഭൂമുഖത്ത് കമ്മ്യൂണിസത്തിന് പ്രസക്തിയുണ്ടെന്ന് വിശ്വസിച്ച മോഹൻ പിന്നീടു ജനിച്ച തൻ്റെ രണ്ടു മക്കൾക്കും വിപ്ളവകരമായ പേരുകൾ തന്നെ നൽകി. സോഷ്യലിസവും ലെനിനിസവും. അങ്ങനെ കമ്മ്യൂണിസവും സോഷ്യലിസവും ലെനിനിസവും ആ വീട്ടിൽ ചുവന്ന കൊടികുത്തി വാണു. പേരക്കുട്ടിക്ക് പേരിട്ടപ്പോഴും മോഹൻ തൻ്റെ പതിവ് തെറ്റിച്ചില്ല. മാർക്സിസം എന്നാണ് മോഹൻ്റെ പേരക്കുട്ടിയുടെ പേര്.

എന്തായാലും കമ്മ്യൂണിസത്തെയും ലെനിനിസത്തെയും മാർക്സിസത്തെയും സാക്ഷി നിർത്തി വരനായ സോഷ്യലിസം ഈ വരുന്ന ഞായറാഴ്ച വധുവായ മമത ബാനർജിയുടെ കഴുത്തിൽ താലി ചാർത്തും. വംഗനാട്ടിലെ വൈര നിരാതന ബുദ്ധിയൊന്നും പുലർത്താതെ, പരസ്പരം പോരടിക്കാതെ, ഒരാൾക്കു മറ്റൊരാൾ താങ്ങെന്ന നിലയിൽ സോഷ്യലിസവും മമത ബാനർജിയും ഇങ്ങു തെക്കു തമിഴ് മണ്ണിൽ നീണാൾ വാഴട്ടെ!

സോസ്യലിസത്തിർക്കും മംതാ ബാനർജിക്കും തിരുമണ വാഴ്ത്തുക്കൾ!

Watch Video