Movie prime

ഓർമ്മയ്ക്കായി ഓർക്കണം ഈ 5 കാര്യങ്ങൾ 

 

ഓർമക്കുറവ് മനുഷ്യരിൽ സർവ്വ  സാധാരണമാണ്. എന്നാൽ, വാർദ്ധക്യത്തിൽ ഉണ്ടാവുന്ന ഓർമ്മക്കുറവ് നമ്മളിൽ പലരുടെയും ഉറക്കം കെടുത്താറുമുണ്ട്. ഇത് രണ്ടുമല്ലാതെ അകാരണമായ ഓർമക്കുറവ് ഒരു വ്യക്തിയിൽ ഉണ്ടെങ്കിൽ തലച്ചോറിലെ ചില തകരാറുമൂലം ഉണ്ടാവുന്ന ഡിമെൻഷ്യയുടെ ലക്ഷണമാകാം. ഇത് കേട്ട് പേടിക്കണ്ട കേട്ടോ. ഇന്ന് നൂതന ചികിത്സാ  സംവിധാനങ്ങൾ ലഭ്യമാണ്. മാത്രവുമല്ല, നമ്മുടെ ജീവിത രീതിയിൽ  അല്പം ഒന്ന്  ശ്രദ്ധിച്ചാൽ തന്നെ  ഒരുപരിധി വരെ ഓർമക്കുറവ് മാറ്റിയെടുക്കാൻ കഴിയും. ആ  മാർഗ്ഗങ്ങൾ  ഏതൊക്കെയെന്ന് നോക്കാം. 

ആരോഗ്യകരമായ ഭക്ഷണക്രമം 

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, മത്സ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ, ഔഷധസസ്യങ്ങൾ അല്ലെങ്കിൽ വിത്തുകൾ എന്നിവ അടങ്ങിയ ഭക്ഷണരീതികൾ തലച്ചോറിന്റെ പ്രവർത്തനങ്ങൾ  ഉത്തേജിപ്പിക്കുന്നു . ആന്റിഓക്‌സിഡന്റുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ ,പോഷകങ്ങൾ എന്നിവ ഹൃദയ സംവിധാനങ്ങൾക്കും  തലച്ചോറിനും വളരെ അധികം  ഗുണം  ചെയ്യുന്നു. മസ്തിഷ്ക ആരോഗ്യത്തിന് ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. നിർജ്ജലീകരണം മൂലം  തലച്ചോറിലെ  ശക്തികുറയുകയും അത് വഴി ഓർമക്കുറവ് ഉണ്ടാവുകയും ചെയ്യാം.  ഒരു ദിവസം അഞ്ച് മുതൽ ആറ് കപ്പ് വരെ വെള്ളം  കുടിക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നുണ്ട്. 

പുകവലി ഉപേക്ഷിക്കുക

പുകവലി ഡിമെൻഷ്യ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും എന്ന്  ചില  പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. പുകയിലയിലെ വിഷവസ്തുക്കൾ വാസ്കുലർ സിസ്റ്റത്തെ തകർക്കും, തലച്ചോറടക്കം ശരീരത്തിലുടനീളം രക്ത ചക്രമണം നടത്തുന്ന കുഴലുകളെ  നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പുകവലി മൂലം രക്തയോട്ടം കുറയുകയും, രക്തക്കുഴലുകൾ ദുർബലമാകുകയും, ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ ഹൃദയാഘാതത്തിനും ഡിമെൻഷ്യയ്ക്കും കാരണമാകുകയും ചെയ്യുന്നു. 

പതിവായുള്ള  വ്യായാമം 

വ്യായാമം ചെയ്യുന്ന ആളുകൾക്ക് ഓർമ്മക്കുറവുണ്ടാകുന്നതിനും ഡിമെൻഷ്യയ്ക്കുമുള്ള  സാധ്യത വളരെ  കുറവാണെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വ്യായാമം തലച്ചോറിലേക്കുള്ള രക്തത്തിന്റെയും ഓക്സിജന്റെയും ഒഴുക്ക് വർദ്ധിപ്പിക്കുകയും വളർച്ചാ ഹോർമോണുകൾ ഉൽ‌പാദിപ്പിക്കുകയും, അതിന്റെ  രക്തക്കുഴലുകളുടെ ശൃംഖല വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുക

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കേണ്ടത്  ഹൃദയാരോഗ്യത്തിന് മാത്രമല്ല പ്രധാനം. അത്  നമ്മുടെ  തലച്ചോറിനും നിർണായകമാണ്. ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ മെമ്മറി വ്യായാമങ്ങൾ ചെയ്യുമ്പോൾ, സാധാരണ ആളുകളേക്കാൾ തലച്ചോറിന്റെ ചില ഭാഗങ്ങളിലേക്ക് രക്തയോട്ടം കുറവാണെന്ന് ഗവേഷകർ കണ്ടെത്തി.

തലച്ചോറിന് വ്യായാമം പ്രധാനം 

മൊത്തത്തിലുള്ള ആരോഗ്യത്തിന് ശാരീരിക വ്യായാമം പോലെ തന്നെ തലച്ചോറിന്റെ പ്രവർത്തനവും പ്രധാനമാണ്. ഗെയിമുകൾ കളിക്കുക, പസിലുകൾ വർക്ക് ചെയ്യുക, വ്യത്യസ്ത കാര്യങ്ങൾ പരീക്ഷിക്കുന്നതും പുതിയ കഴിവുകൾ പഠിക്കുന്നതും സ്വയം വെല്ലുവിളിയായി എടുക്കുക.