Movie prime

സ്വവർഗ പ്രണയികളെ 'ചികിത്സിച്ച്' ഭേദമാക്കേണ്ട: മദ്രാസ് ഹൈക്കോടതി

 
കൺവേർഷൻ തെറാപ്പി പ്രാക്റ്റീസ് ചെയ്യുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ കൈക്കൊള്ളണം
 

 ലെസ്ബിയൻ, ഗേ ഉൾപ്പെടെ ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരുടെ ലൈംഗിക ആഭിമുഖ്യത്തിൽ മാറ്റങ്ങൾ വരുത്താനും അവരെ ചികിത്സിച്ച് "ഭേദമാക്കാനും" ശ്രമിക്കുന്നവരെ അതിൽ നിന്ന് തടയാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നല്കി മദ്രാസ് ഹൈക്കോടതി. അത്തരം ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് കോടതിയുടെ നിർദേശം.

കൺവേർഷൻ തെറാപ്പി പ്രാക്റ്റീസ് ചെയ്യുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ കൈക്കൊള്ളണം. രണ്ട് ലെസ്ബിയൻ സ്ത്രീകൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിൻ്റെ സിങ്കിൾ ബെഞ്ച് നിർദിഷ്ട ഉത്തരവ് നൽകിയത്. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വിയർ, ഇൻ്റർസെക്ഷ്വൽ, അസെക്ഷ്വൽ വിഭാഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഒരു കൂട്ടം മാർഗ നിർദേശങ്ങൾ കൂടി കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

സ്വവർഗ ലൈംഗിക താത്പര്യക്കാരെ അറപ്പോടുകൂടി മാത്രം നോക്കിക്കാണുകയും അത്തരം വിഭാഗങ്ങളെ മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യുന്ന മനോഭാവക്കാരനായാണ് താനും വളർന്നതെന്നും  ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് വ്യക്തമാക്കി. ഹോമോസെക്ച്വൽ, ഗേ, ലെസ്ബിയൻ വിഭാഗക്കാരെ മനുഷ്യരായി കാണാതെ, അവരെ ബഹിഷ്കരിക്കുന്ന നീതീകരിക്കാനാവാത്ത മനോഭാവമാണ് താനും മുമ്പ് വെച്ചുപുലർത്തിയിരുന്നത്. അത് തുറന്നു സമ്മതിക്കാൻ തനിക്ക് യാതൊരു മടിയുമില്ല.

എൽജിബിടി കമ്യൂണിറ്റിയിൽ പെട്ട ആരുമായും അടുത്ത് ഇടപഴകാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നില്ല. അവരുടെ മനസ്സ് മനസ്സിലാക്കാനോ വികാരങ്ങളെ ഉൾക്കൊള്ളാനോ കഴിഞ്ഞിരുന്നില്ല. പരാതിക്കാരുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചതോടെ തൻ്റെ മനോഭാവത്തിലും വളരെയധികം മാറ്റങ്ങൾ വരാനുണ്ടെന്ന തിരിച്ചറിവുണ്ടായി.

മുൻധാരണകൾ പൊളിച്ചെഴുതണമെന്നും അവരെ അംഗീകരിക്കാനും  ആദരിക്കാനും തയ്യാറാവണമെന്നും അനുഭവങ്ങളാണ് തന്നെ പഠിപ്പിച്ചത്. പാരമ്പര്യത്തെയും സദാചാരത്തെയും ധാർമികതയെയും സംബന്ധിച്ച പൊതു സമൂഹത്തിൻ്റെ ധാരണകളിൽ വലിയ തോതിലുള്ള പൊളിച്ചെഴുത്തുകൾ ആവശ്യമാണ്. തൻ്റെ മുൻധാരണകൾ ഇല്ലാതാക്കാൻ തനിക്ക് ലഭിച്ച മന:ശാസ്ത്ര വിദ്യാഭ്യാസ ക്ലാസ്സുകൾ ഏറെ പ്രയോജനം ചെയ്തെന്ന് പറഞ്ഞ ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് ഹർജിക്കാരുടെ മാതാപിതാക്കൾക്കും അത്തരം ക്ലാസ്സുകൾ കിട്ടേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി എടുത്തു പറഞ്ഞു. 

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. വിദ്യ ദിനകരന് കീഴിൽ ഒരു മന:ശാസ്ത്ര സെഷൻ അറ്റൻഡ് ചെയ്ത അനുഭവത്തെപ്പറ്റി തൻ്റെ വിധിന്യായത്തിൽ ജസ്റ്റിസ് ആനന്ദ് വിശദീകരിക്കുന്നുണ്ട്. എൽജിബിടി കമ്മ്യൂണിറ്റിക്ക് എതിരായി താൻ മനസ്സിൽ കൊണ്ടുനടന്ന തെറ്റിദ്ധാരണകളെയും വിവേചനത്തെയും  തൂത്തുകളയാൻ അത് സഹായകമായി.

ഇക്കാര്യത്തിൽ തൻ്റെ മനോഭാവത്തെ പൂർണമായും മാറ്റിമറിക്കാനും പുതിയൊരു ഉൾക്കാഴ്ചയോടെ ലൈംഗിക ന്യൂനപക്ഷ വിഭാഗത്തെ ശരിയായ രീതിയിൽ നോക്കിക്കാണാനും തന്നെ സഹായിച്ച മുഴുവൻ വ്യക്തികളെയും പേരെടുത്ത് പറഞ്ഞു കൊണ്ടുള്ള ജസ്റ്റിസ് ആനന്ദ് വെങ്കടേഷിൻ്റെ വിധിന്യായം ജുഡീഷ്യറിയുടെ ചരിത്രത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ ഒന്നാണ്. ഹെറ്റിറോ സെക്ഷ്വൽ റിലേഷൻഷിപ്പുകളിൽ വ്യക്തികൾക്കുള്ള അതേ വൈകാരിക അടുപ്പവും ആഴത്തിലുള്ള സ്നേഹ ബന്ധവുമാണ് സ്വവർഗ പ്രണയികൾക്കിടയ്ക്കും ഉള്ളതെന്ന് വിധിന്യായത്തിൽ അദ്ദേഹം എടുത്തെഴുതിയിട്ടുണ്ട്.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ സാമൂഹികമായ സുരക്ഷിതത്വം ഉറപ്പാക്കാൻ ഒരു കൂട്ടം മാർഗ നിർദേശങ്ങൾ കൂടി കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. നിയമനിർമാണം ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ മാത്രമേ ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാനാവൂ. അവർക്കെതിരെയുള്ള വിവേചനങ്ങൾക്ക് അറുതി വരുത്തണമെങ്കിൽ സമൂഹത്തിൽ വലിയ തോതിലുള്ള ബോധവത്കരണം ആവശ്യമായി വരും.

ഭിന്നശേഷിക്കാരോടും മാനസിക പ്രശ്നങ്ങൾ നേരിടുന്നവരോടുമുള്ള സമൂഹത്തിൻ്റെ മനോഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നതു പോലെ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള മനോഭാവത്തിലും അടിമുടി മാറ്റങ്ങൾ വരണം. 

വിധിന്യായത്തിലെ ചില മാർഗനിർദേശങ്ങൾ ഇവയാണ്. 

മിസ്സിങ്ങ് കേസുകളിൽ പരാതി ലഭിച്ചാൽ അവരെ കണ്ടെത്തുകയും അവർ പ്രായപൂർത്തിയായവരും എൽജിബിടിക്യുഐഎ വിഭാഗത്തിൽ പെടുന്നവരുമാണെന്ന് തിരിച്ചറിയുകയും ചെയ്താൽ അവർക്കെതിരെയുള്ള പരാതി തള്ളണം.

എൽജിബിടി കമ്മ്യൂണിറ്റി നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് പരിചയമുള്ള എൻജിഒ കളുടെ സേവനം ഉറപ്പാക്കണം. അത്തരം സ്ഥാപനങ്ങളുടെ പേരും വിലാസവും കോൺടാക്റ്റ് നമ്പറുമെല്ലാം സാമൂഹ്യനീതി മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.

എൽജിബിടി കമ്മ്യൂണിറ്റിയിൽ പെടുന്ന ഏതൊരു വ്യക്തിക്കും ഇത്തരം സംഘടനകളുടെ സേവനം ഉറപ്പാക്കാൻ അവസരമൊരുക്കണം.

സഹായ അഭ്യർഥനയുമായി തങ്ങളെ സമീപിക്കുന്ന കമ്മ്യൂണിറ്റി അംഗങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഇത്തരം സർക്കാരേതര സന്നദ്ധ സംഘടനകൾ രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കുകയും അവ സാമൂഹ്യനീതി മന്ത്രാലയത്തിന്  കൈമാറേണ്ടതുമാണ്. 

എൽജിബിടി കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ആവശ്യമായ കൗൺസലിങ്ങ്, സാമ്പത്തിക സഹായം, നിയമസഹായം  തുടങ്ങി എല്ലാ തരത്തിലുള്ള സഹായവും പിന്തുണയും  ഉറപ്പാക്കാൻ കഴിയണം. ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് എതിരായ ഏത് കുറ്റകൃത്യത്തിലും പ്രതികൾക്ക് നിയമ പ്രകാരമുള്ള മതിയായ ശിക്ഷ ലഭ്യമാക്കണം.

ഷോർട്ട് സ്റ്റേ ഹോമുകൾ, ഷെൽട്ടർ ഹോമുകൾ ഉൾപ്പെടെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പുനരധിവാസം ഉറപ്പാക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം. ഭക്ഷണം, വസ്ത്രം, ചികിത്സാ സംവിധാനം, വിനോദം ഉൾപ്പെടെ അവരുടെ ക്ഷേമം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും  ഇത്തരം ഷെൽട്ടർ ഹോമുകളിൽ ഉണ്ടാവണം.

സാമൂഹ്യമായ വിവേചനം അവസാനിപ്പിക്കാനും മുഖ്യധാര ഇവരെക്കൂടി ഉൾക്കൊള്ളാനുമുള്ള മുഴുവൻ പരിശ്രമങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാകണം.

സ്വവർഗ ലൈംഗികതയെ കുറ്റകൃത്യമായി കണക്കാക്കിയിരുന്ന  സെക്ഷൻ 377 സുപ്രീം കോടതി 2018-ൽ റദ്ദാക്കിയത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

Watch Video