Movie prime

ലിഞ്ചിങ്: വളരേ ചെറിയൊരു കഥ

അസ്ഗർ വജാഹത് ആ വൃദ്ധയുടെ അടുത്ത് കുറച്ചാൺകുട്ടികൾ ചെന്ന് ” വല്ലുമ്മ, നിങ്ങളുടെ പേരക്കിടാവ് സലീമിനെ കുറച്ചുപേർ ചേർന്ന് ലിഞ്ച് ചെയ്തു ” എന്ന് പറഞ്ഞപ്പോൾ അവർക്കൊന്നും മനസ്സിലായില്ല. ഇരുണ്ടതും ചുളിവുകൾ വീണതുമായ ആ മുഖവും കറുത്ത് പാട വീണ കണ്ണുകളും നിർവികാരമായിരുന്നു. പിഞ്ഞിപ്പോയ ചാദോറുകൊണ്ട് വൃദ്ധ അവരുടെ തല മറച്ചിരുന്നു. ‘ലിഞ്ച്’ വൃദ്ധയെ സംബന്ധിച്ച് പുതിയൊരു വാക്കായിരുന്നു. എന്നാൽ അതൊരു ഇംഗ്ലീഷ് വാക്കാണെന്ന് അവരൂഹിച്ചു. മുൻപും ഇത്തരം ചില ഇംഗ്ലീഷ് വാക്കുകൾ അവർ കേട്ടിട്ടുണ്ട്. ആ വാക്കുകളുടെയൊക്കെ അർഥവും ഇപ്പോഴവർക്കറിയാം. അവർ ആദ്യം കേൾക്കുന്നത് ‘പാസ്’ എന്ന ഇംഗ്ലീഷ് വാക്കാണ്. സ്കൂളിലെ ആദ്യത്തെ പരീക്ഷയിൽ സലിം പാസ്സായപ്പോഴാണ് വൃദ്ധ ആ വാക്ക് ആദ്യമായി കേട്ടത്. പിന്നീട് More
 
ലിഞ്ചിങ്: വളരേ ചെറിയൊരു കഥ

അസ്‌ഗർ വജാഹത്

ആ വൃദ്ധയുടെ അടുത്ത് കുറച്ചാൺകുട്ടികൾ ചെന്ന് ” വല്ലുമ്മ, നിങ്ങളുടെ പേരക്കിടാവ് സലീമിനെ കുറച്ചുപേർ ചേർന്ന് ലിഞ്ച് ചെയ്തു ” എന്ന് പറഞ്ഞപ്പോൾ അവർക്കൊന്നും മനസ്സിലായില്ല.

ഇരുണ്ടതും ചുളിവുകൾ വീണതുമായ ആ മുഖവും കറുത്ത് പാട വീണ കണ്ണുകളും നിർവികാരമായിരുന്നു. പിഞ്ഞിപ്പോയ ചാദോറുകൊണ്ട് വൃദ്ധ അവരുടെ തല മറച്ചിരുന്നു.

‘ലിഞ്ച്’ വൃദ്ധയെ സംബന്ധിച്ച് പുതിയൊരു വാക്കായിരുന്നു. എന്നാൽ അതൊരു ഇംഗ്ലീഷ് വാക്കാണെന്ന് അവരൂഹിച്ചു. മുൻപും ഇത്തരം ചില ഇംഗ്ലീഷ് വാക്കുകൾ അവർ കേട്ടിട്ടുണ്ട്. ആ വാക്കുകളുടെയൊക്കെ അർഥവും ഇപ്പോഴവർക്കറിയാം.

അവർ ആദ്യം കേൾക്കുന്നത് ‘പാസ്’ എന്ന ഇംഗ്ലീഷ് വാക്കാണ്. സ്‌കൂളിലെ ആദ്യത്തെ പരീക്ഷയിൽ സലിം പാസ്സായപ്പോഴാണ് വൃദ്ധ ആ വാക്ക് ആദ്യമായി കേട്ടത്. പിന്നീട് ‘ജോബ്’ എന്ന മറ്റൊരു വാക്കു കേട്ടു, അതിനർഥം ജോലി കിട്ടുക എന്നാണെന്നും പിടികിട്ടി.

മൂന്നാമതായി കേട്ടതും മനസ്സിലാക്കിയതും ‘സാലറി’ ആയിരുന്നു. മൃദുവായി മൊരിച്ചെടുത്ത റൊട്ടിയുടെ നറുമണമാണ് ആ പദം എപ്പോഴും ഓർമയിൽ കൊണ്ടുവന്നത്.

ഇംഗ്ലീഷ് വാക്കുകളെല്ലാം നല്ലതാണെന്ന് അവർ വിശ്വസിച്ചു പോന്നു. അതിനാൽ പുതുതായി കേട്ട ഈ ഇംഗ്ലീഷ് വാക്കും നല്ലതാണെന്ന് അവർക്കു തോന്നി.

സലീമിനെപ്പറ്റിയുള്ള ഏതോ നല്ല കാര്യമാണ് അവർ പറയുന്നതെന്ന് അവരൂഹിച്ചു. അതിനാൽ അവർ ഇങ്ങനെയാണ് മറുപടി പറഞ്ഞത് “പടച്ചോൻ അവരെ കാക്കട്ടെ.”

ഒട്ടൊരു അവിശ്വസനീയതയോടെ കുട്ടികൾ അവരെ നോക്കി. ‘ലിഞ്ചിങ്’ എന്നാൽ എന്താണെന്ന് ഇവരോട് പറയണോ?- അവർ സംശയിച്ചു. എന്നാൽ അതിന്റെ അർഥം വിശദീകരിക്കാനുള്ള ധൈര്യം ആർക്കും ഇല്ലായിരുന്നു.

അന്നേരമാണ് വൃദ്ധയ്ക്ക് ഒരു കാര്യം ഓർമ വരുന്നത്- ശുഭവാർത്തയുമായി വന്ന ആ കുട്ടികളെ താൻ ആശീർവദിക്കേണ്ടതല്ലേ.”മക്കളേ”, കുട്ടികളോടായി അവർ പറഞ്ഞു. ”പടച്ചോൻ നിങ്ങളെയും കാക്കട്ടെ, നല്ലൊരു ലിഞ്ചിങ് നിങ്ങൾക്കും ഉണ്ടാവട്ടെ. നിൽക്ക്, കഴിക്കാൻ എന്തെങ്കിലും മധുരമുള്ളത് കൊണ്ടുതരാം”

കടപ്പാട്: ദി വയർ

(ഹിന്ദിയിലെ പ്രശസ്ത കഥാകാരനാണ് അസ്‌ഗർ വജാഹത്. സി എം നയിം ആണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്)