Movie prime

സമൂഹ അടുക്കളകള്‍ ദിനം തോറും നിറയ്ക്കുന്നത് രണ്ടര ലക്ഷത്തോളം വയറുകള്‍

ലോക്ക് ഡൗൺ പ്രതിസന്ധിയില് വിശക്കുന്ന വയറുകള്ക്ക് അന്നം നല്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്ക്കാര് കേരളത്തിലങ്ങോളമിങ്ങോളം ആരംഭിച്ച സമൂഹ അടുക്കള വഴി പ്രതിദിനം നല്കുന്നത് 2.5 ലക്ഷം മുതല് 2.8 ലക്ഷത്തോളം ഭക്ഷണപ്പൊതികള്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ആദ്യ ആഴ്ചയില് തന്നെ സംസ്ഥാന സര്ക്കാര് സമൂഹ അടുക്കളകള് എന്ന ആശയം മുന്നോട്ടു വയ്ക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കായിരുന്നു ഇത് ഏറ്റെടുത്ത് നടത്തേണ്ട ചുമതല. ഇത്തരം വലിയ അടുക്കള നിയന്ത്രിച്ച് പരിചയമുള്ള കുടുംബശ്രീ പ്രവര്ത്തകരെയും അവരുടെ More
 
സമൂഹ അടുക്കളകള്‍ ദിനം തോറും നിറയ്ക്കുന്നത് രണ്ടര ലക്ഷത്തോളം വയറുകള്‍

ലോക്ക് ഡൗൺ പ്രതിസന്ധിയില്‍ വിശക്കുന്ന വയറുകള്‍ക്ക് അന്നം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലങ്ങോളമിങ്ങോളം ആരംഭിച്ച സമൂഹ അടുക്കള വഴി പ്രതിദിനം നല്‍കുന്നത് 2.5 ലക്ഷം മുതല്‍ 2.8 ലക്ഷത്തോളം ഭക്ഷണപ്പൊതികള്‍. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ആദ്യ ആഴ്ചയില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ സമൂഹ അടുക്കളകള്‍ എന്ന ആശയം മുന്നോട്ടു വയ്ക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നു.

അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരുന്നു ഇത് ഏറ്റെടുത്ത് നടത്തേണ്ട ചുമതല. ഇത്തരം വലിയ അടുക്കള നിയന്ത്രിച്ച് പരിചയമുള്ള കുടുംബശ്രീ പ്രവര്‍ത്തകരെയും അവരുടെ ജനകീയ ഹോട്ടലുകള്‍ വഴിയും ഭക്ഷണം പാകം ചെയ്ത് വിതരണം നടത്തി തുടങ്ങി. കുടുംബശ്രീയെക്കൂടാതെ സഹകരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയും സമൂഹ അടുക്കള തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ 1255 സമൂഹ അടുക്കളകളാണ് 14 ജില്ലകളിലുമായി പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ 238 കുടുംബശ്രീ ജനകീയ ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 13 ദിവസം കൊണ്ട് 33 ലക്ഷത്തിലധികം ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു കഴിഞ്ഞു. ദൈനംദിനം ഏതാണ്ട് രണ്ടര ലക്ഷം ഭക്ഷണപ്പൊതികള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. പണം കൊടുത്ത് വാങ്ങാന്‍ തയ്യാറുള്ളവര്‍ക്ക് പൊതിയൊന്നിന് 20 രൂപ വച്ച് നല്‍കുന്നു. എത്തിച്ചുകൊടുക്കാനാണെങ്കില്‍ അഞ്ചു രൂപ കൂടി നല്‍കണം.

ഉച്ചയൂണിന് ചോറ്, സാമ്പാര്‍/പുളിശ്ശേരി, അവിയല്‍/ തോരന്‍, അച്ചാര്‍, ചമ്മന്തി/പച്ചടി, എന്നിവയാണ് നല്‍കുന്നത്. ആവശ്യക്കാര്‍ക്ക് പ്രാതലും അത്താഴവും നല്‍കാറുണ്ട്. പ്രാതലിന് ദോശ, ഇഡലി, സാമ്പാര്‍ എന്നിവയും അത്താഴത്തിന് ചപ്പാത്തി, വെജ് കറി/കടലക്കറി എന്നിവ നല്‍കുന്നു. 20 മുതല്‍ 30 രൂപ വരെയാണ് ഇതിന് ഈടാക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ നടപ്പു വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ വഴി 25 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ലോക്ക് ഡൗണിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരം 20 രൂപയ്ക്ക് ഭക്ഷണപ്പൊതികള്‍ നല്‍കാന്‍ കുടുംബശ്രീ തീരുമാനമെടുത്തുവെന്ന് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ ഐഎഎസ് പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് സൗജന്യമായും കുടുംബശ്രീയില്‍ നിന്നും ഭക്ഷണപ്പൊതികള്‍ നല്‍കുന്നുണ്ട്. സംസ്ഥാനത്തെ 14 ജില്ലകളിലെ നഗരസഭകളിലായി 179 അടുക്കളകളാണ് പ്രവര്‍ത്തിക്കുന്നത്.
എല്ലാ വിധ സുരക്ഷാമാനദണ്ഡങ്ങളും കൈക്കൊണ്ടാണ് സമൂഹ അടുക്കളകളുടെ പ്രവര്‍ത്തനം. അവിടെ പാചകം ചെയ്യുന്നവരും സഹായികളും കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ട്. ഭക്ഷണവിതരണത്തിന് പോകുന്നവരും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട്.