Movie prime

നോക്കണം, ഉള്ളിലേക്ക്

 

മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനഫലമായാണ് ശാരീരികവും മാനസികവുമായ എല്ലാ പ്രവര്‍ത്തനവും നടക്കുന്നത്. മനസ്സില്‍ നടക്കുന്ന എല്ലാ കാര്യവും നിയന്ത്രിക്കുന്നതിനോടൊപ്പം എന്താണു നടക്കുന്നതെന്ന് വിവേചിച്ചറിയാനുള്ള വിശേഷ ബുദ്ധിയും മനുഷ്യമസ്തിഷ്‌കത്തിനുണ്ട്. മറ്റു ജന്തുവര്‍ഗ്ഗങ്ങള്‍ക്ക് ഈ സവിശേഷ സിദ്ധയില്ലെന്നാണ് അനുമാനിക്കപ്പെടുന്നത്. മനുഷ്യന്റെ ഈ സവിശേഷ സൗഭാഗ്യമാണ് അവനവനെക്കുറിച്ച് അറിയാനുള്ള അന്വേഷണത്തിലേക്കു കടക്കുവാന്‍ അവനെ സജ്ജമാക്കിയിരിക്കുന്നത്. മനുഷ്യനെ പരിണാമത്തിന്റെ അവസാന കണ്ണിയായി കണക്കാക്കാന്‍ ഇതുമൊരു കാരണമാണ്.

സ്‌നേഹം ഒരു മൗലിക സത്തയാണ്. സര്‍വജീവജാലങ്ങളും സ്‌നേഹത്തില്‍ നിന്നാണുണ്ടാകുന്നത്. സ്‌നേഹത്തില്‍ ജീവിക്കുകയും സ്‌നേഹത്തില്‍ അവസാനിക്കുകയും ചെയ്യുന്നു. പിറവിക്കു മുമ്പും തിരോധാനത്തിനുശേഷവും സ്‌നേഹം യാതൊരു മാറ്റവുമില്ലാതെ കാലദേശപരിമിതികള്‍ക്കതീതമായി കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറം സനാതന സത്യമായി തുടരുന്നു. അതിനെയാണ് സത്യാന്വേഷിയായ മനുഷ്യന്‍ അന്വേഷിക്കുന്നത്; അനശ്വരമായ ഈ സ്‌നേഹത്തെ.

santhimanthramസാധാരണ ഗതിയില്‍ പുറം ലോകത്തില്‍ നിന്നാണ് മനുഷ്യന്‍ അന്വേഷണം തുടങ്ങുന്നത്. അതിനുപയോഗിക്കുന്ന ഉപകരണങ്ങള്‍ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമാണ്. ഇന്ദ്രിയങ്ങള്‍ അഞ്ചാണെന്നു നമുക്കറിയാം. മണമറിയുന്ന മൂക്കും രസമറിയുന്ന നാക്കും കാണാനുള്ള കണ്ണും സ്പര്‍ശം അറിയാനുള്ള ത്വക്കും ശബ്ദം കേള്‍ക്കാനുള്ള ചെവിയുമാണവ. ഇവയിലൂടെയാണ് നാം ബാഹ്യലോകവുമായി ബന്ധപ്പെടുന്നത്. പഞ്ചേന്ദ്രിയങ്ങളിലൂടെ വിവരങ്ങള്‍ മനസ്സിലേക്കെത്തുമ്പോള്‍ അവയെ വ്യവച്ഛേദിച്ചറിയുന്നതിനായി നേരത്തെ അനുഭവിച്ചിട്ടുള്ളതും ഓര്‍മ്മയില്‍ സൂക്ഷിച്ചിരിക്കുന്നതുമായ അറിവുകളുമായി താരതമ്യം ചെയ്ത് വിശകലനം ചെയ്യുന്ന പ്രക്രിയ അവിടെ നടക്കും. അതിന്റെ അടിസ്ഥാനത്തിലാണ് ബുദ്ധി തീരുമാനങ്ങള്‍ കൈക്കൊള്ളുക.

പ്രധാനമായും ബുദ്ധി നിര്‍ണ്ണയിക്കുന്നത് ശരിതെറ്റുകളും നന്മതിന്മകളുമാണ്. ഇതില്‍ ഏതെലെങ്കിലുമൊന്ന് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അതിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തി പഥത്തിലേക്കു പ്രവേശിക്കുക. പ്രവൃത്തിയുടെ ഓരോഘട്ടത്തിലും ഈ വിശകലനങ്ങളും അനുമാനങ്ങളും തീരുമാനങ്ങളും തീര്‍പ്പുകല്‍പ്പിക്കലും നടന്നുകൊണ്ടിരിക്കും. തീരുമാനങ്ങളെ വിലയിരുത്തുന്നത് അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. സംഭരിച്ച വിവരങ്ങളും അതിനെത്തുടര്‍ന്നുണ്ടായ തീരുമാനങ്ങളും തിരിച്ചറിഞ്ഞ് പരിശോധിച്ച് എത്തിച്ചേരുന്ന നിഗമനങ്ങളും ഓര്‍മ്മയില്‍ സൂക്ഷിക്കും. ഈ ഓര്‍മ്മകളാണ് ചിന്തയുടെ അടിസ്ഥാനം. ചിന്ത ഉദ്ദീപിക്കപ്പെടുമ്പോഴൊക്കെ ഈ വിശകലനം ആവര്‍ത്തിക്കും. അതില്‍ നിന്നൊക്കെ ആഴത്തിലുള്ളതെന്നു നാം വിശ്വസിക്കുന്ന കണ്ടെത്തലുകളില്‍ എത്തിച്ചേരും.

ആ കണ്ടെത്തലുകളും അറിവുകളും വീണ്ടും വീണ്ടും സ്ഫുടം ചെയ്ത് അതില്‍ പലതും ആത്യന്തിക സ്ത്യങ്ങളാണെന്നു തീര്‍പ്പുകല്‍പ്പിച്ച് നാം ഉറപ്പിക്കും. ഇവയൊക്കെ സവിശേഷ അറിവുകളായി നമുക്കു തോന്നും; മാത്രവുമല്ല അവ സര്‍വമാനപേര്‍ക്കും ബാധകമായ തത്വമാണെന്ന ബോധവും വിശ്വാസവും നമ്മില്‍ ഉറയ്ക്കുകയും ചെയ്യും. അതില്‍ അഭിമാന ബോധം ഉണ്ടാകുകയും താനൊരു സവിശേഷ ജന്മമാണെന്നു വിശ്വസിച്ച് ആ കണ്ടെത്തലുകള്‍ സ്ഥാപിച്ചെടുക്കാനും അപരനില്‍ അടിച്ചേല്‍പ്പിക്കാനും സംരക്ഷിക്കുവാനുമുള്ള യത്‌നത്തില്‍ സദാ ഏര്‍പ്പെടും. പക്ഷേ ഈ അഭിമാനബോധം ആത്യന്തികമായ സത്യത്തില്‍ നിന്നു അന്വേഷകനെ അകറ്റുന്ന അല്ലെങ്കില്‍ മാറ്റിനിര്‍ത്തുന്ന മാനസ്സികാവസ്ഥയിലാണ് എത്തിക്കുക എന്ന സത്യം മനസ്സിലാക്കുകയുമില്ല.

yoga

അതു മനസ്സിലാകാതെ, അതാണ് ഏറ്റവും ഉത്തമമായ അവസ്ഥയെന്നു കരുതി മനസ്സ് സദാ അതില്‍ അഭിരമിച്ചുകൊണ്ടിരിക്കും. അതോടെ പൂര്‍ണനായ താന്‍ അപൂര്‍ണ്ണതയില്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിക്കുന്നു. അപ്പോള്‍ താനെന്നും തന്റേതെന്നുമുള്ള ബോധം ഉരുത്തിരിയുകയും അതു ശക്തമാകുകയും ചെയ്യും. ക്രമേണ അത് സ്ഥായീഭാവമായി മാറും. ഈ അവസ്ഥയില്‍ നിന്ന് പുറത്തിറങ്ങുന്ന ഒരുവനുമാത്രമേ നിതാന്തമായ സ്‌നേഹാനുഭൂതിയില്‍ ലയിക്കാന്‍ കഴിയുകയുള്ളു.

ബാഹ്യലോകത്തെ പഠിക്കുന്നതുകൊണ്ടു മാത്രം സമാധാനവും സ്‌നേഹവും അനുഭൂതമാകുന്നില്ല. ഈ ലോകത്തെ, പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ ലഭിച്ചിരിക്കുന്ന മനസ്സ് എന്ന മഹാവൈഭവത്തെ കൂടി അറിയണം. അതിനുള്ള ഏക ഉപകരണവും ആ മനസ്സുമാത്രമാണ്. അതുകൊണ്ട് അറിവിന്റെ പൂര്‍ണ്ണതയിലേക്കു കടക്കുന്നതിനായി സ്വന്തം മനസ്സിലേക്കാണു തിരിഞ്ഞു നോക്കേണ്ടത്. ലോകത്തെ അറിയുന്ന ഈ മനസ്സിനെ അറിയുക എന്നത് അറിവിന്റെ പൂര്‍ണ്ണതയ്ക്ക് അനിവാര്യമാണ്.

ഈ പൂര്‍ണ്ണമായ അറിവിനെയാണ് ജ്ഞാനം എന്നു വിശേഷിപ്പിക്കുന്നത്. പരമാമായ ജ്ഞാനത്തിലാണ് പൂര്‍ണ്ണ തൃപ്തി കൈവരിക. ആ തൃപ്തിയില്‍ നിന്ന് മഹാശാന്തതയും അതിലൂടെ സ്‌നേഹവും അനുഭൂതമാകും. ഈ സ്‌നേഹനിര്‍ഝരിയില്‍ സംഭവിക്കുക ജീവിത സാക്ഷാത്കാരമാണ്. അതുകൊണ്ടാണ് ഉള്ളിലേക്കുള്ള ഈ മടങ്ങിപ്പോക്ക് സമാധാനപൂര്‍ണ്ണമായ ലോകജീവിതത്തിന് അനിവാര്യമാകുന്നത്.