Movie prime

പ്രണയാതുരമായ കവിതകൾ

ഒരു ഭാഗത്ത് പ്രണയത്തിൻ്റെ കാൽപ്പനിക ഭാവനകളുടെ തിരയടിക്കൽ, മറുഭാഗത്ത് പ്രണയികളെ നോക്കാനും മിണ്ടാനും പ്രയാസമുള്ള സാമൂഹിക കടൽ ഭിത്തികൾ. അതുകൊണ്ടാവാം അത്രമേൽ പ്രണയാതുരമായ കവിതകൊണ്ട് അക്കാല സിനിമകൾ അലങ്കരിക്കപ്പെട്ടത്. ആയിരത്തി തൊള്ളായിരത്തി എഴുപതുകൾ മുതൽ തൊണ്ണൂറുകൾ വരെയുള്ള കാലഘട്ടത്തിലെ പ്രണയാതുരമായ സിനിമാഗാനങ്ങളിലെ മനോഹരമായ കാല്പനികതയെ ഓർത്തെടുത്ത് സുർജിത്ത് കല്ലാച്ചിയുടെ ഫേസ് ബുക്ക് പോസ്റ്റ് ……… വളരെ എളുപ്പത്തിൽ പ്രണയം പറഞ്ഞൊഴിക്കാനും പറത്തി വിടാനും കഴിയാതിരുന്ന ഒരു കാലം കൂടിയാണ് 1970-90 കാലഘട്ടങ്ങൾ മലയാളിക്ക്. കാൽപനിക കവിതയിൽ ആശാനെയും More
 
പ്രണയാതുരമായ കവിതകൾ
ഒരു ഭാഗത്ത് പ്രണയത്തിൻ്റെ കാൽപ്പനിക ഭാവനകളുടെ തിരയടിക്കൽ, മറുഭാഗത്ത് പ്രണയികളെ നോക്കാനും മിണ്ടാനും പ്രയാസമുള്ള സാമൂഹിക കടൽ ഭിത്തികൾ. അതുകൊണ്ടാവാം അത്രമേൽ പ്രണയാതുരമായ കവിതകൊണ്ട് അക്കാല സിനിമകൾ അലങ്കരിക്കപ്പെട്ടത്.
ആയിരത്തി തൊള്ളായിരത്തി എഴുപതുകൾ മുതൽ തൊണ്ണൂറുകൾ വരെയുള്ള കാലഘട്ടത്തിലെ പ്രണയാതുരമായ സിനിമാഗാനങ്ങളിലെ മനോഹരമായ കാല്പനികതയെ ഓർത്തെടുത്ത് സുർജിത്ത് കല്ലാച്ചിയുടെ ഫേസ് ബുക്ക് പോസ്റ്റ്
………
വളരെ എളുപ്പത്തിൽ പ്രണയം പറഞ്ഞൊഴിക്കാനും പറത്തി വിടാനും കഴിയാതിരുന്ന ഒരു കാലം കൂടിയാണ് 1970-90 കാലഘട്ടങ്ങൾ മലയാളിക്ക്. കാൽപനിക കവിതയിൽ ആശാനെയും ചങ്ങമ്പുഴയെയും പോലുള്ള വലിയ കലപ്പകൾ കൽപ്പനമാരെ ഉഴുതുമറിച്ചിട്ടതിന് ശേഷമുള്ള കാലം.
വിരൽത്തുമ്പുകൾ കൊണ്ട് പോലും തൊടാതെയും ഇനിയൊരിക്കലും കാണുമെന്ന പ്രതീക്ഷകളില്ലെങ്കിലും പരസ്‌പരം പ്രണയം സാധ്യമാണെന്ന് മലയാളി ധരിച്ചുവശായ കാലമാണത്.
ഒരു ഭാഗത്ത് പ്രണയത്തിൻ്റെ ഇത്തരം കാൽപ്പനികഭാവനകളുടെ തിരയടിക്കൽ, മറുഭാഗത്ത് പ്രണയികളെ നോക്കാനും മിണ്ടാനും പ്രയാസമുള്ള സാമൂഹിക കടൽ ഭിത്തികൾ. അതുകൊണ്ടാവാം അത്രമേൽ പ്രണയാതുരമായ കവിതകൊണ്ട് അക്കാല സിനിമകൾ അലങ്കരിക്കപ്പെട്ടത്.
ഓരോ വാക്കിനടിയിലും എണ്ണമറ്റ നിധികളടക്കിയ എത്രയോ മനോഹരഗാനങ്ങൾ ഇക്കാലങ്ങളിൽ മലയാളത്തിലുണ്ടായി. ‘ഹിമശൈല സൈകത ഭൂമിയിൽ‘ (ശാലിനി എൻ്റെ കൂട്ടുകാരി, 1978) എന്ന ഗാനത്തിലെ ‘പ്രഥമോദ ബിന്ദു’ എന്ന വാക്ക് ശ്രദ്ധിച്ചിട്ടില്ലേ ആദ്യത്തെ മഴത്തുള്ളി എന്ന അർത്ഥത്തിലൊതുങ്ങില്ല ആ വാക്ക്. കാളിദാസൻ്റെ കുമാരസംഭവത്തിൽ പാർവ്വതിയുടെ നെറുകയിൽ പതിച്ച് അവിടുന്ന് താഴോട്ടൊഴുകി പെണ്ണിൻ്റെ രഹസ്യങ്ങളെല്ലാം മനസിലാക്കിയ പ്രഥമോദ ബിന്ദുവാണത്. അതുകൊണ്ടാണ് അതിന് അതിഗൂഢ സുസ്മിതം ഉണ്ടായത്. എല്ലാം അറിയുന്ന കൂട്ടുകാരിയുടെ ചിരി…
നാഥാ നീ വരും കാലൊച്ച
( ചാമരം, 1980) എന്ന പാട്ടിലെ പെണ്ണ് കാമുകൻ്റെ കാലൊച്ച കാതോർത്തിരിക്കുകയാണ്. അപ്പോൾ കണ്ണുകളോ! അവർ അവൻ വരുന്ന വഴി പാർത്ത് തൂവൽവിരിച്ച് നിൽക്കുന്നു. കണ്ണടയാതെ കാത്തു നിൽക്കുന്നു എന്നർത്ഥം.
‘നേരിയ മഞ്ഞിൻ്റെ ചുംബനം കൊണ്ടൊരു പൂവിൻ കവിൾ തുടുത്തു’ എന്നൊക്കെ എഴുതാൻ പറ്റുക എന്നത് കവിയുടെ സുകൃതമോ കേൾവിക്കാരൻ്റെയോ എന്നറിയില്ല. എന്തായാലും അന്യായം.
ഇത് വായിച്ചിരിക്കുമ്പോൾ ഇതു പോലെ നൂറ് കണക്കിന് വരികൾ നിങ്ങൾക്കുള്ളിലൂടെ കടന്നു പോകുന്നുണ്ടാവുമെന്നറിയാം. അക്കാല പ്രണയങ്ങളുടെ സവിശേഷതയായ ഗൂഢാത്മകതയാവണം ഇങ്ങനെ കവിതക്ക് കാരണമായിട്ടുണ്ടാവുക എന്ന് തോന്നുന്നു. പ്രണയം എളുപ്പത്തിൽ വിനിമയം ചെയ്യാൻ നിങ്ങൾക്ക് കഴിയുമ്പോൾ അതൊരു വാട്സപ് സ്റ്റാറ്റസായി മാറിയേക്കാം. പക്ഷേ കവിതയാവണമെങ്കിൽ അനുഭൂതിയുടെ ആരുമാരും കാണാപ്പുറങ്ങളിൽ നിന്ന് തികഞ്ഞ രഹസ്യാത്മകതയോടെ അതിങ്ങനെ മെല്ലെ തലയുയർത്തി ചിരിക്കണം.
വാരിളം പൂവുകൾ വാടി വീണാലുമീ
വാടികളിൽ വണ്ടുകളായ്
ഓർമ്മകൾ പാറുന്നുവോ