arnab goswami
in

“ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് പാർട്ട് 2”: അർണാബിൻ്റെ അറസ്റ്റിനെപ്പറ്റി മഹാരാഷ്ട്ര മന്ത്രി

Arnab Goswami

റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫും മാനേജിങ്ങ് ഡയറക്റ്ററുമായ അർണാബ് ഗോസ്വാമിയുടെ അറസ്റ്റിനെ “ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് പാർട്ട് 2” എന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്. ഭാര്യയെ കൊന്ന കുറ്റത്തിന് ടിവി ക്രൈം ഷോയുടെ അവതാരകൻ പിടിയിലായതിനെ അനുസ്മരിപ്പിക്കുന്നതാണ് അർണാബിൻ്റെ അറസ്റ്റെന്ന് നവാബ് മാലിക് അഭിപ്രായപ്പെട്ടു.

ആദ്യം സീ ടിവിയിലും പിന്നീട് ദൂരദർശനിലും സംപ്രേഷണം ചെയ്ത ടെലിവിഷൻ ഷോ ആയിരുന്നു ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്. ഷോ ആങ്കർ ചെയ്ത സുഹൈബ് ഇല്യാസി 2000 മാർച്ചിൽ ഭാര്യയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത് വലിയ വാർത്തയായിരുന്നു. തെളിവുകളുടെ അഭാവത്തിൽ 2018 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

“ഒരുകാലത്ത് കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും എടുത്തുകാട്ടി അതിനെതിരെ ജനകീയ അഭിപ്രായം രൂപീകരിച്ച ഒരു ടിവി ഷോ ഉണ്ടായിരുന്നു. ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന പ്രശസ്തമായ ആ പരിപാടി ആങ്കർ ചെയ്ത ആൾ തന്നെ പിന്നീട് സ്വന്തം ഭാര്യയുടെ കൊലപാതകത്തിന് പിടിക്കപ്പെട്ടു,” സുഹൈബ് ഇല്യാസിയുടെ പേര് പരാമർശിക്കാതെയുള്ള ട്വീറ്റിൽ ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക് പരിഹസിച്ചു. 2018-ൽ 53 കാരനായ ഒരു ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയിൽ പ്രേരണാ കുറ്റത്തിനാണ് അർണാബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേ സമയം,അർണാബ് ഗോസ്വാമിയുടെ അറസ്റ്റിൽ യാതൊരു പ്രതികാര ബുദ്ധിയും പ്രവർത്തിച്ചിട്ടില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു. അധികാരത്തിൽ വന്നതിനുശേഷം മഹാരാഷ്ട്ര വികാസ് അഖാഡിയോ എംവിഎ സർക്കാരോ ഒരിക്കലും ആരോടും പ്രതികാരം ചെയ്തിട്ടില്ല.അറസ്റ്റുമായി സംസ്ഥാന സർക്കാരിനോ രാഷ്ട്രീയ പാർട്ടികൾക്കോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

നിയമത്തിലെ നടപടിക്രമങ്ങൾ ശരിയായ രീതിയിലാണ് മഹാരാഷ്ട്ര സർക്കാർ പിന്തുടരുന്നത്. തെളിവുകൾ ഉണ്ടെങ്കിൽ ആർക്കെതിരെയും പൊലീസിന് നടപടിയെടുക്കാൻ കഴിയും. പ്രതികാരബുദ്ധിയോടെ സംസ്ഥാന സർക്കാർ പ്രവർത്തിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ അരാജകത്വമില്ല. നിയമവാഴ്ചയാണ് നടപ്പാക്കുന്നത്. നിയമം പാലിക്കുന്നുണ്ടെന്നും മുംബൈ പൊലീസ് ഒരു പ്രൊഫഷണൽ സേനയാണെന്നും സഞ്ജയ് റൗട്ട് പറഞ്ഞു.

മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കറുത്ത ദിനമാണ് എന്ന പ്രചരണം ശരിയല്ല. മാധ്യമപ്രവർത്തകരും ധാർമികത പാലിക്കണം. മാധ്യമങ്ങൾ അന്വേഷണ ഏജൻസിയോ കോടതിയോ അല്ല. ഈ നിരീക്ഷണം പരമോന്നത കോടതിയുടേതാണ്. നാമെല്ലാവരും പത്രപ്രവർത്തകരാണ്. തെറ്റ് ചെയ്യുന്നവർ ആരായാലും ശിക്ഷിക്കപ്പെടും.

അതേസമയം, മഹാരാഷ്ട്ര സർക്കാരിനും കോൺഗ്രസിനും അതിന്റെ നേതൃത്വത്തിനും എതിരെ സംസാരിച്ചതിനും ശബ്ദമുയർത്തിയതിനുമാണ് അർണാബ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീൽ കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കൊലപാതകമാണ് അർണാബിൻ്റെ അറസ്റ്റിലൂടെ നടന്നിരിക്കുന്നത്. അദ്ദേഹം സർക്കാരിനും കോൺഗ്രസിനും പാർട്ടി മേധാവി സോണിയ ഗാന്ധിക്കും എതിരെ സംസാരിക്കുന്നു. എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ മാത്രം നിങ്ങൾക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കഴിയില്ല.

നേരത്തേ അവസാനിപ്പിച്ച ഒരു ആത്മഹത്യാ കേസാണ് വീണ്ടും കുത്തിപ്പൊക്കിയതെന്നും പാട്ടീൽ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിനുള്ള ഇത്തരം ശ്രമങ്ങൾ അടിയന്തരാവസ്ഥയിലും നടത്തിയിരുന്നു. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ ഇന്ദിരാഗാന്ധിക്ക് തോൽവി നേരിടേണ്ടി വന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

kangana ranaut

തലൈവിക്കായി കൂട്ടിയത് 20 കിലോഗ്രാം, മുതുകിന് സാരമായ കേടുപാട് പറ്റിയെന്ന് കങ്കണ

diabetes

ത്വക്കിലെ മാറ്റങ്ങൾ നോക്കി പ്രമേഹത്തെ തിരിച്ചറിയാം