in

ആഗോള നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി  മേക്കര്‍ വില്ലേജും ക്വാല്‍കോമും കൈ കോര്‍ക്കുന്നു.

കൊച്ചി:അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കാന്‍ ബഹുരാഷ്ട്ര ഇലക്ട്രോണിക് ഭീമനായ ക്വാല്‍കോമും മേക്കര്‍ വില്ലേജും കൈകോര്‍ക്കുന്നു. രാജ്യത്തെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി വകുപ്പുമായി ക്വാല്‍കോം ഇന്ത്യ ഒപ്പിട്ട ധാരണാപത്രമനുസരിച്ചാണ്  ഈ സഹകരണം.

ഈ ധാരണ പ്രകാരം നടക്കുന്ന സഹകരണ പരിപാടിയുടെ രാജ്യത്തെ ആദ്യ കേന്ദ്രമാണ് മേക്കര്‍വില്ലേജ്. നാല് ഘട്ടങ്ങളിലായി നടക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ആറംഗ ക്വാല്‍കോം സംഘം മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പരിശീലന കളരികള്‍, വ്യക്തിഗത ചര്‍ച്ചകള്‍ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്.

അടുത്ത ആറു മാസം കൊണ്ട് നാലുഘട്ടമായി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകളുടെ സമസ്ത മേഖലകളിലും ക്വാല്‍കോമിന്‍റെ പിന്തുണ ലഭിക്കും. മൂന്നു വിഭാഗങ്ങളായി 15 സ്റ്റാര്‍ട്ടപ്പുകളെയാണ് തെരഞ്ഞെടുക്കുന്നത്. കോളേജ്  വിദ്യാര്‍ത്ഥികളുടെ അഞ്ച്, മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള അഞ്ച്, വ്യാവസായികമായി പ്രവര്‍ത്തിക്കുന്ന അഞ്ച് എന്നിങ്ങനെയാണ് സ്റ്റാര്‍ട്ടപ്പുകളുടെ  തെരഞ്ഞെടുപ്പ്.

സംരംഭങ്ങളുടെ ആശയം, മാതൃക, ഉത്പന്നം, ബൗദ്ധിക സ്വത്തവകാശ സംരംക്ഷണം, ഉത്പന്ന രൂപരേഖ, വിപണനം തുടങ്ങി എല്ലാ വിഷയങ്ങളിലും ക്വാല്‍കോമിന്‍റെ പിന്തുണയുണ്ടാകും. ഓരോ വിഷയത്തിലും ആശയവിനിമയം നടത്താന്‍ ക്വാല്‍കോമിന്‍റെ അന്താരാഷ്ട്ര വിദഗ്ധരാണ് മേക്കര്‍വില്ലേജിലെത്തുന്നത്. ഫെബ്രുവരിയില്‍ ഈ പരിപാടി പൂര്‍ത്തിയാകുമ്പോള്‍ കേരളത്തില്‍ നിന്നും ആഗോള നിലവാരത്തിലുള്ള അഞ്ച് സ്റ്റാര്‍ട്ടപ്പുകളെയെങ്കിലും യാഥാര്‍ത്ഥ്യമാക്കുകയാണ് ഈ സഹകരണത്തിന്‍റെ ലക്ഷ്യം.

അന്താരാഷ്ട്രതലത്തില്‍ പരിചയസമ്പന്നതയുള്ള വ്യക്തികളുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നു എന്നതാണ് ഈ സഹകരണത്തിന്‍റെ പ്രാധാന്യമെന്ന് ക്വാല്‍കോം ഇന്ത്യയുടെ ഇന്‍കുബേഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ പുഷ്കര്‍ ആപ്തെ പറഞ്ഞു. പരിശീലന കളരി കൂടാതെ, സ്കീമാറ്റിക്കല്‍ ലേ ഔട്ട് തുടങ്ങിയ സങ്കീര്‍ണമായ വിഷയങ്ങളടക്കം ആറുമാസം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ക്വാല്‍കോമിന്‍റെ പരിശീലന പരിപാടിയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് മേക്കര്‍വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

കേരളത്തിലെ സംരംഭങ്ങളുടെ മേന്മകളും ബലഹീനതകളും ആഴത്തില്‍ മനസിലാക്കാന്‍ ക്വാല്‍കോമിന് സാധിക്കും. ഇതു വഴി അന്താരാഷ്ട്ര രംഗത്തിനനുയോജ്യമായ നിലയില്‍ ഇവിടുത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയെ പാകപ്പെടുത്താനും ഈ സഹകരണത്തിലൂടെ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിചയസമ്പന്നരായ ഇലക്ട്രോണിക് കമ്പനികള്‍ പോലും ആഗ്രഹിക്കുന്നതാണ് ക്വാല്‍കോം പോലുള്ള സ്ഥാപനങ്ങളുമായുള്ള സഹകരണമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്-കേരള ഡയറക്ടറും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒയുമായ ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. ക്വാല്‍കോമിന്‍റെ ആഗോള പരിചയ സമ്പന്നതയുടെ കലവറയാണ് ക്വാല്‍കോമിന്‍റെ സഹകരണത്തോടെ മേക്കര്‍ വില്ലേജിന് ലഭിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോഷ്, ഇന്‍റല്‍, ഐബിഎം തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളുമായി മേക്കര്‍വില്ലേജിന് ഇതിനകം തന്നെ സഹകരണമുണ്ട്.  രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായതിനാലാണ് മേക്കര്‍വില്ലേജിനെ പദ്ധതിയുടെ ആദ്യ കേന്ദ്രമായി തെരഞ്ഞെടുത്തതെന്നും പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.

ക്വാല്‍കോം സീനിയര്‍ ഡയറക്ടര്‍ എന്‍ജിനീയറിംഗ് രമേഷ് റാവു, പ്രിന്‍സിപ്പല്‍ എന്‍ജിനീയര്‍ കിരണ്‍ ചിക്കപ്പ, പേറ്റന്‍റ് കൗണ്‍സല്‍ പ്രകാശ് ബേലെകുന്ദ്രി, സീനിയര്‍ സ്റ്റാഫ് ഐപി എന്‍ജിനീയര്‍ ഹേമാങ് ഷാ എന്നിവരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ആന്ധ്രക്ക് നാലു തലസ്ഥാനങ്ങൾ; ജഗൻ റെഡ്‌ഡി അമിത്ഷായുമായി ചർച്ച നടത്തി 

ജലസംരക്ഷണം സംസ്‌കാരത്തിന്റെ ഭാഗമാക്കണം:  വിദ്യാഭ്യാസ മന്ത്രി