in ,

മേക്കര്‍ വില്ലേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സൈന്യത്തില്‍ അവസരങ്ങള്‍

പ്രതിരോധ ഗവേഷണത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സഹകരണം ഉറപ്പാക്കുന്ന ഇന്നൊവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സ്(ഐഡെക്സ്) പദ്ധതി പ്രകാരമുള്ള മൂന്നാമത് ഡിഫന്‍സ് ഇന്ത്യ സ്റ്റാര്‍ട്ടപ് ചലഞ്ച് പദ്ധതിയ്ക്ക് കൊച്ചി മേക്കര്‍ വില്ലേജില്‍ തുടക്കമായി.

ഐഡെക്സ് പങ്കാളിയാകാന്‍ ഒന്നര മാസം മുമ്പ് മേക്കര്‍ വില്ലേജിന് അവസരം ലഭിച്ചതിനെത്തുടര്‍ന്ന് നടന്ന ചലഞ്ചിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേരിട്ട് സൈന്യത്തിനുവേണ്ട ഉല്പന്നങ്ങള്‍ നിര്‍മിക്കാനാവും.

ദക്ഷിണ മേഖലാ നാവിക കമാന്‍ഡ് മേധാവി റിയര്‍ അഡ്മിറല്‍ ആര്‍.ജെ നഡ്കര്‍ണി ഡിഫന്‍സ് ഇന്ത്യ സ്റ്റാര്‍ട്ടപ് ചലഞ്ച് ഉദ്ഘാടനം ചെയ്തു. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലാ വികസന കമ്മീഷണര്‍ ഡി.വി സ്വാമി ഇതിനൊപ്പമുള്ള ഡിഫന്‍സ് ഇന്ത്യ ഓപ്പണ്‍ ചലഞ്ചിനു തുടക്കം കുറിച്ചു.

നാവിക, കര, വ്യോമ സേനാ വിഭാഗങ്ങളില്‍നിന്നുള്ള 15 മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സംഘവും  ഐഡെക്സിലെ സീനിയര്‍ ഉദ്യോഗസ്ഥരുമാണ് ചലഞ്ചില്‍  പങ്കെടുത്തത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സാങ്കേതിക സ്റ്റാര്‍ട്ടപ്പുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രതിനിധികളും പരിപാടിയില്‍ പങ്കാളികളായി.

നൂതന സാങ്കേതികവിദ്യയിലൂന്നി പ്രവര്‍ത്തിക്കുന്ന മികച്ച നിലവാരമുള്ള സ്റ്റാര്‍ട്ടപ്പുകളാണ് മേക്കര്‍ വില്ലേജിലുള്ളതെന്ന് റിയര്‍ അഡ്മിറല്‍ നഡ്കര്‍ണി പറഞ്ഞു സമീപകാലത്തായി സൈന്യം എല്ലാ മേഖലയിലും തദ്ദേശീയമായിക്കൊണ്ടിരിക്കുകയാണ്. ചില പ്രത്യേക സാങ്കേതികവിദ്യകള്‍ പങ്കിടാന്‍ ഇന്ന് ലോകത്ത് ആര്‍ക്കും താല്പര്യമില്ല. ഐഡെക്സ് പോലെയുള്ള പരിപാടികള്‍ ഈ കുറവ് പരിഹരിക്കുകുയം രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായ സങ്കീര്‍ണതകള്‍ പരിഹരിക്കുന്നതിലും മികച്ച സൈനിക ശക്തിയാകാന്‍ വേണ്ട സാങ്കേതികവിദ്യ അതിവേഗം വികസിപ്പിക്കുന്നതിലും ഇന്ത്യ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ പ്രതിരോധ മേഖലയില്‍ നൂതനത്വം പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികള്‍ പ്രശംസനീയമാണെന്ന് ഡി.വി  സ്വാമി ചൂണ്ടിക്കാട്ടി.

അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന സൈന്യവും അച്ചടക്കത്തിന്‍റെ കെട്ടുപാടുകളില്ലാതെ സൃഷ്ടിപരമായ മാര്‍ഗത്തിലൂടെ പ്രവര്‍ത്തിക്കുന്ന മേക്കര്‍ വില്ലേജും തമ്മിലുള്ള സഹകരണം സമാനതകളില്ലാത്തതാണെന്നും ഇതൊരു വലിയ ചുവടുവയ്പാണെന്നും മേക്കര്‍ വില്ലേജ് സിഇഒ ശ്രീ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഐഡെക്സ് പ്രോഗ്രാം ഓഫീസര്‍ അഖില്‍ പ്രതാപ് സിങ് നന്ദി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി ഉന്നതപഠന, ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-കേരള (ഐഐഐടിഎം-കെ) യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം സംഘം പരിശോധിച്ചു.

പ്രതിരോധ ഉത്പാദന രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം നല്‍കുന്നതിനായി 2018-ലാണ് കേന്ദ്രസര്‍ക്കാര്‍ ഐഡെക്സിന് രൂപം നല്‍കിയത്. പ്രതിരോധം, എയ്റോസ്പേസ് എന്നീ മേഖലകളിലെ സാങ്കേതികവിദ്യാ വികസനത്തില്‍ ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തുകയാണ് ഐഡെക്സിന്‍റെ ലക്ഷ്യം.

ഓരോ സേനാവിഭാഗത്തില്‍നിന്നും അവതരിപ്പിക്കപ്പെടുന്ന മൂന്നു പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങളാണ്  സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കേണ്ടത്.  ഇതിനൊപ്പംതന്നെ ഡിഫന്‍സ് ഇന്ത്യ ഓപ്പണ്‍ ചാലഞ്ചുമുണ്ട്. . പ്രതിരോധ, വ്യോമയാന മേഖലകള്‍ക്ക് പ്രയോജനപ്പെടുന്ന ഏത് ആശയവും സാങ്കേതികവിദ്യയും ഉല്പന്നവും അവതരിപ്പിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും. വ്യവസായ സ്ഥാപനങ്ങള്‍ക്കും ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്കും സേനാവിഭാഗങ്ങളുമായി നേരിട്ടു ബന്ധപ്പെടാന്‍ കഴിയും എന്നതാണ് ഇതിന്‍റെ പ്രത്യേകത. പ്രതിരോധ വകുപ്പിനു കീഴിലുള്ള ഡിഫന്‍സ് ഇന്നൊവേഷന്‍ ഓര്‍ഗനൈസേഷനും മേക്കര്‍ വില്ലേജും സഹകരിച്ചാണ്  ഇതിനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നത്.

ഉല്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനു പുറമെ ഐഡെക്സ് ഒന്നര കോടി രൂപയുടെ ഗ്രാന്‍റും തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്നുണ്ട്. ഡിഫന്‍സ് ഇന്നൊവേഷന്‍ ഓര്‍ഗനൈസേഷനാണ് ഐഡെക്സ് പദ്ധതിയുടെ സംഘാടകര്‍. മേക്കര്‍വില്ലേജിലെ മൂന്നു കമ്പനികള്‍ ഇപ്പോള്‍തന്നെ ഐഡെക്സിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ദേശീയ ബാലശാസ്ത്ര കോൺഗ്രസിനു തുടക്കമായി

കേരളത്തിന്റെ പാരമ്പര്യം മത നിരപേക്ഷതയുടേത്: മുഖ്യമന്ത്രി