in

നൂതന സാങ്കേതികവിദ്യയുടെ നേര്‍ക്കാഴ്ചയുമായി മേക്കര്‍വില്ലേജ് സ്റ്റാര്‍ട്ടപ്പുകള്‍

ടൈക്കോണ്‍ കേരള സമ്മേളനത്തിലെ പ്രദര്‍ശനവിഭാഗത്തില്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ നേര്‍ക്കാഴ്ചയാവുകയാണ് മേക്കര്‍ വില്ലേജ്. കള്ളുചെത്ത് യന്ത്രം മുതല്‍ സമുദ്രാന്തര്‍ഭാഗ പര്യവേക്ഷണത്തിനായുള്ള വാട്ടര്‍ ഡ്രോണ്‍ വരെ പ്രദര്‍ശനത്തിലുണ്ട്.ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത സാധ്യതകളെ അത്യാധുനിക സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുന്നതാണ് മേക്കര്‍ വില്ലേജ് ഒരുക്കിയ പ്രദര്‍ശനത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍. അത്യാധുനിക സാങ്കേതിക വിദ്യയായ ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവ അടിസ്ഥാനമാക്കിയാണ് ഉപകരണങ്ങള്‍ മിക്കതും നിര്‍മ്മിച്ചിരിക്കുന്നത്.
മേക്കര്‍വില്ലേജിലെ ഏറ്റവും മികച്ച ഉത്പന്നങ്ങളിലൊന്നായ ഐറോവ് ജലാന്തര്‍ഭാഗ ഡ്രോണ്‍ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമാണ്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വാങ്ങുകയും വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരണം നല്‍കുകയും ചെയ്യുന്ന ഉത്പന്നമാണിത്.

കള്ള് ചെത്തുന്നതിന് മൊബൈല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ‘നവ ഡിസൈന്‍’ വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ഈ ഉത്പന്നം ചെത്തു തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുകയില്ലെന്നു മാത്രമല്ല, ആയാസരഹിതമായി കള്ള് ചെത്തുന്നതിന് സഹായിക്കുകയും ചെയ്യും.ആശുപത്രികളില്‍ രോഗികള്‍ക്ക് ഡ്രിപ്പ് നല്‍കുന്നത് നിയന്ത്രിക്കാനും നിരീക്ഷിക്കാനും പിഴവില്ലാതെയാക്കാനുമുള്ള ഉപകരണമാണ് ഈവ്ലാബ്സ് എന്ന കമ്പനി മുന്നോട്ടു വയ്ക്കുന്നത്. രോഗിയുടെ പ്രായം, ആരോഗ്യാവസ്ഥ തുടങ്ങിയവ കണക്കിലെടുത്ത് ഓരോ തുള്ളിയും ശരീരത്തിലേക്ക് കയറ്റുന്നത് വ്യത്യാസം വരാം. ഇത് മൊബൈല്‍ ഫോണ്‍വഴിയും കേന്ദ്രീകൃത സംവിധാനം വഴിയും നിരീക്ഷിക്കാമെന്നതും ഈ ഉപകരണത്തിന്‍റെ മേډയാണ്.
ഏഴ് ദിവസം വരെ ഹൃദയമിടിപ്പ് റെക്കോര്‍ഡ് ചെയ്യാനുള്ള ചെറു ഉപകരണമാണ് വേഫര്‍ചിപ്പ്സ് ടെക്നോ സൊല്യൂഷന്‍സ് അവതരിപ്പിക്കുന്നത്. കേവലം പെന്‍ഡ്രൈവിന്‍റെ മാത്രം വലുപ്പമുള്ള ഈ ഉപകരണം നെഞ്ചില്‍ ഒട്ടിച്ചു വച്ചാല്‍ ഏഴ് ദിവസം വരെയുള്ള ഹൃദയമിടിപ്പിന്‍റെ സങ്കീര്‍ണതകള്‍ റെക്കോര്‍ഡ് ചെയ്യാനാകും. 
വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് പരസഹായം കൂടാതെ നീങ്ങാന്‍ സഹായിക്കുന്ന വീല്‍ചെയറുകളാണ് ഡിസിന്‍ടോക്സ് ടെക്നോളജീസ് അവതരിപ്പിക്കുന്നത്. രോഗികള്‍ക്ക് സ്വയം ഇരിക്കാനും എഴുന്നേല്‍ക്കാനും സഹായിക്കുന്ന സംവിധാനവും ഇവര്‍ വീല്‍ചെയറില്‍ ഒരുക്കിയിരിക്കുന്നു.
നഗരങ്ങളിലെ മലിനീകരണ തോത് തത്സമയം അളക്കുന്നതിനും അത് വിശകലനം ചെയ്യുന്നതിനുമുള്ള സംവിധാനമാണ് അല്‍കോഡെക്സ് ടെക്നോളജീസ് മുന്നോട്ടു വയ്ക്കുന്നത്.

നിര്‍മ്മിത ബുദ്ധി ക്യാമറയെ അടിസ്ഥാനമാക്കി യൂണിഫോം, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവ ജീവനക്കാര്‍ കൃത്യമായി ധരിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുള്ള സംവിധാനമാണ് ഇഗ്നിറ്റേറിയം വികസിപ്പിച്ചെടുത്തത്. ഗതാഗത നിരീക്ഷണം, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങിയ വൈവിധ്യമുള്ള പശ്ചാത്തലങ്ങളില്‍ ഇത് ഉപയുക്തമാക്കാവുന്നതാണ്.ഇന്‍റര്‍നെറ്റ് സഹായമില്ലാതെ എഫ്എം ബാന്‍ഡ് ഉപയോഗിച്ച് വാഹനങ്ങളെ നിരീക്ഷിക്കാനുള്ള ഉപകരണമാണ് എച് ഡബ്ല്യു ഡിസൈന്‍ ലാബ് അവതരിപ്പിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്തവര്‍ക്കുപോലും പൊതുഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബസിന്‍റെ സമയവും അത് സ്വന്തം സ്റ്റോപ്പില്‍ എത്ര സമയത്തിനുള്ളില്‍ എത്തുമെന്നുമടക്കമുള്ള കാര്യങ്ങള്‍ ഇതു വഴി ചെയ്യാനാകും. 

കേബിളുകളുടെ സഹായമില്ലാതെ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ഡേറ്റ കൈമാറ്റം ചെയ്യുന്ന ജലാന്തര്‍ വാഹനമാണ് ദേവാദിടെക് വികസിപ്പിക്കുന്നത്. ആറു മീറ്റര്‍ നീളമുള്ള മിസൈല്‍ ആകൃതിയിലുള്ള വാഹനം പര്യവേഷണം നടത്തി അതിന്‍റെ വിവരങ്ങള്‍ മാതൃകപ്പലിലേക്ക് എത്തിക്കുന്നു. അണക്കെട്ടുകള്‍, നദീ പര്യവേക്ഷണം തുടങ്ങിയ മേഖലകളില്‍ ഇത് കാതലായ മാറ്റം കൊണ്ടു വരും.
ശീതീകരണം വേണ്ടിവരുന്ന ഭക്ഷ്യമേഖലകളില്‍ തണുപ്പിന്‍റെ അളവ് നിരീക്ഷിക്കാനുള്ള ഉപകരണമാണ് ടെനോവ സിസ്റ്റംസ് രൂപപ്പെടുത്തിയിട്ടുള്ളത്. തണുപ്പിന്‍റെ അളവ് നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുകയും അതിന്‍റെ തത്സമയ വിവരങ്ങള്‍ മൊബൈലിലേക്കോ കമ്പ്യൂട്ടറിലേക്കോ നല്‍കുന്നതാണ് ഈ ഉപകരണം. തണുപ്പിന്‍റെ അളവിന്‍റെ വ്യതിയാനം മൂലം ശീതീകരിച്ച ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വ്യാപകമായി കേടുവരുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.
പോലീസ്, അര്‍ധസൈനിക വിഭാഗങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്ന ഡിജിറ്റല്‍ വയര്‍ലെസ് സെറ്റുകളാണ് ട്രിയാക്സോണ്‍ ടെക്നോളജീസിന്‍റെ ഉത്പന്നം. അനലോഗ് വയര്‍ലസ് സെറ്റുകളേക്കാള്‍ ശബ്ദ വ്യക്തതയും ഊര്‍ജ്ജക്ഷമതയും ഇത് അവകാശപ്പെടുന്നു. വൈദ്യുത വാഹനങ്ങളുടെ മോട്ടോറിനെ കൃത്യമായ അനുപാതത്തില്‍ നിയന്ത്രിക്കുന്ന കണ്‍ട്രോള്‍ സംവിധാനമാണ് സീഡ് ടെക്നോളജീസ് അവതരിപ്പിക്കുന്നത്. 

സമൂഹത്തിന്‍റെ എല്ലാ മേഖലയിലുള്ളവര്‍ക്കും ഉതകുന്ന ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ സാമൂഹികമായ സേവനം മാത്രമല്ല, വലിയൊരു വിപണി സാധ്യത കൂടി കണ്ടെത്തുകയാണ് മേക്കര്‍ വില്ലേജ് ചെയ്യുന്നതെന്ന് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത കമ്പനികളില്‍ നല്ലൊരു ഭാഗം വിപണിയിലേക്കിറങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ആകെ 15 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് മേക്കര്‍ വില്ലേജ് ഒരുക്കിയിട്ടുള്ളത്. ഇലക്ട്രോണിക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ ഇന്‍കുബേറ്റര്‍ സംവിധാനമാണ് കളമശ്ശേരിയിലുള്ള മേക്കര്‍ വില്ലേജ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  ടൊവിനോ തോമസ് പുറത്തിറക്കും

രാജ്യം ഏകാധിപത്യ ത്തിലേക്ക് നീങ്ങുന്നതിൻറെ വ്യക്തമായ സൂചന: സുധീരൻ