Movie prime

കരുണാകരനേക്കാൾ വലിയ ക്രൂരത അരങ്ങേറിയിട്ടും മുഖ്യമന്ത്രി വിജയൻ ക്രൂരനാകാതിരിക്കുന്നത് എന്തുകൊണ്ടാണ് ?

വാളയാറും മാവോയിസ്റ്റ് വേട്ടയും യു എ പി എയും അടക്കമുള്ള നിരവധി വിഷയങ്ങളിൽ ആഭ്യന്തര വകുപ്പ് പൊതുസമൂഹത്തിൽ നിന്ന് വിമർശനങ്ങൾ നേരിടുകയാണ്. വാളയാറിൽ അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ അട്ടിമറി നടന്നു. പതിനൊന്നും ഒൻപതും വയസ്സുള്ള കുഞ്ഞുങ്ങളുടെ ആസൂത്രിത കൊലപാതകം ആത്മഹത്യയാക്കി തീർക്കാനുള്ള ഗൂഢ നീക്കമാണ് അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും നടന്നത്. ഇടതുമുന്നണി ഭരണത്തിൽ ശിശുക്ഷേമ സമിതിയുടെ തലപ്പത്തിരിക്കാനുള്ള ചുമതല നൽകിയത് പോലും പോക്സോ കേസിൽ പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകന്. സി പി എമ്മിന്റെ പ്രഖ്യാപിത നയം കാറ്റിൽപറത്തി രണ്ടുയുവാക്കൾക്കെതിരെ യു എ പി എ ചുമത്തി കേസെടുത്തു. More
 
കരുണാകരനേക്കാൾ വലിയ ക്രൂരത അരങ്ങേറിയിട്ടും മുഖ്യമന്ത്രി വിജയൻ ക്രൂരനാകാതിരിക്കുന്നത് എന്തുകൊണ്ടാണ് ?

വാളയാറും മാവോയിസ്റ്റ് വേട്ടയും യു എ പി എയും അടക്കമുള്ള നിരവധി വിഷയങ്ങളിൽ ആഭ്യന്തര വകുപ്പ് പൊതുസമൂഹത്തിൽ നിന്ന് വിമർശനങ്ങൾ നേരിടുകയാണ്. വാളയാറിൽ അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ അട്ടിമറി നടന്നു. പതിനൊന്നും ഒൻപതും വയസ്സുള്ള കുഞ്ഞുങ്ങളുടെ ആസൂത്രിത കൊലപാതകം ആത്മഹത്യയാക്കി തീർക്കാനുള്ള ഗൂഢ നീക്കമാണ് അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും നടന്നത്. ഇടതുമുന്നണി ഭരണത്തിൽ ശിശുക്ഷേമ സമിതിയുടെ തലപ്പത്തിരിക്കാനുള്ള ചുമതല നൽകിയത് പോലും പോക്സോ കേസിൽ പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകന്. സി പി എമ്മിന്റെ പ്രഖ്യാപിത നയം കാറ്റിൽപറത്തി രണ്ടുയുവാക്കൾക്കെതിരെ യു എ പി എ ചുമത്തി കേസെടുത്തു. കേന്ദ്ര നേതൃത്വം പോലും ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പിന് തെറ്റുപറ്റിയെന്ന് വിലയിരുത്തിയിട്ടും തികച്ചും ബാലിശമായ സാങ്കേതിക ന്യായങ്ങളിൽ തൂങ്ങി യു എ പി എ യെ ന്യായീകരിക്കാനാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അടക്കമുള്ളവർ ശ്രമിച്ചത്. വധശിക്ഷക്കും വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കും എതിരാണെന്ന് പറയുന്ന ഒരു പാർട്ടി അധികാരത്തിലിരിക്കുമ്പോൾ വ്യാജ ഏറ്റുമുട്ടൽ കൊലകൾ നിർബാധം അരങ്ങേറുകയാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വ്യാജ ഏറ്റുമുട്ടൽ കൊലകൾ അരങ്ങേറിയത് പിണറായി വിജയൻ സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ്. നടന്നത് വ്യാജ ഏറ്റുമുട്ടൽ തന്നെയെന്ന് തീർത്തു പറയുകയും വ്യക്തമായ തെളിവുകളോടെ രംഗത്ത് വരികയും ചെയ്ത് ഭരണമുന്നണിയെ പ്രതിരോധത്തിലാക്കിയത് മുന്നണിയുടെ ഭാഗമായ സി പി ഐ തന്നെ. അടിയന്തരാവസ്ഥയിലെ ക്രൂരതകളുടെ പേരിൽ കേരളംകണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരിയായി കരുണാകരനെ അവതരിപ്പിക്കാറുള്ള ഇടതുപക്ഷം ഭരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ഇടതുപക്ഷ നിരീക്ഷകൻ ബിബിത് കോഴിക്കളത്തിലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നത് ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പിനെയും ആഭ്യന്തര മന്ത്രിയെയും പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യുന്നതുകൊണ്ടാണ്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരള രാഷ്ട്രീയത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായിട്ടാണ് കരുണാകരൻ അറിയപ്പെടുന്നത്. ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അത്തരമൊരു ചിത്രീകരണത്തിന് ആസ്പദമായ കൃത്യങ്ങൾ കരുണാകരൻ ചെയ്തു എന്നത് നേരാണ്. ഈച്ചരവാര്യരുടെ കണ്ണീരുരുകിവീണ നാടാണ് കേരളത്തിന്റേത്. ഷാജിയുടെ ‘പിറവി’യും വിജയന്റെ ‘ കടൽത്തീരത്തും’ ഉൾപ്പെടെ അവ നമ്മെ വീണ്ടും വീണ്ടും കണ്ണീരിലാഴ്ത്തി.

ചാവുതറയെന്നത് കേരളമാകെയായി. കരുണാകരൻ ചെയ്ത തെറ്റുകൾ ഏതൊക്കെയാണ്. അതിൽ ഏറ്റവും പ്രധാനമാണ് അടിയന്തിരാവസ്ഥയിലെ രാജന്റെ കൊലപാതകംതന്നെ. രണ്ടാമത് വയനാട്ടിലെ തിരുനെല്ലിയിൽ കൊന്ന് കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ട സഖാവ് വർഗീസ്.

ഇതുസംബന്ധിച്ചും അനേകം സിനിമകളും കഥകളും ആവർത്തിച്ചു നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. രാജന്റെ ശവശരീരംപോലും ഇന്നുമെവിടെയെന്ന് ആർക്കുമറിയാതെ പോയ ഭീകരതക്ക് കാരണക്കാരനാണ് കരുണാകരൻ. ഇന്നത്തെ മുഖ്യമന്ത്രിയായ വ്യക്തിയെ വരെ അക്കാലത്ത് ലോക്കപ്പ് മർദ്ദനത്തിന് വിധേയനാക്കി. ചോരപുരണ്ട വസ്ത്രങ്ങളുമായി അന്നത്തെ എം.എൽ.എ വിജയൻ നിയമസഭയിൽ പൊട്ടിത്തെറിച്ചു.

കരുണാകരൻ ചരിത്രത്തിൽ ക്രൂരനായ ഭരണാധികാരിതന്നെയെന്ന് സംശയമില്ല. ചെഗുവേരമുതൽ ഇങ്ങ് രാജൻവരെ; ഭരണകൂടം ശവശരീരത്തെ പോലും ഭയപ്പെടുന്നു. സ്ഥിതിഗതികൾക്ക് എന്ത് മാറ്റമാണ് കേരള രാഷ്ട്രീയത്തിൽ ഉണ്ടായിരിക്കുന്നതെന്ന് പറയണം ആരെങ്കിലും.

ഏഴു വർഗ്ഗീസുമാരാണ് ഈ ഭരണകാലയളവിൽ ഭരണകൂട ഭീകരതക്കിരയായി കൊല്ലപ്പെട്ടത്. ഇരുപത്തിയൊന്നുപേർ ലോക്കപ്പ് മർദ്ദനങ്ങൾക്കു വിധേയരായി കൊലചെയ്യപ്പെട്ടു. കരുണാകരനേക്കാൾ വലിയ ക്രൂരത അരങ്ങേറിയിട്ടും മുഖ്യമന്ത്രി വിജയൻ ക്രൂരനാകാതിരിക്കുന്നത് എന്തുകൊണ്ടാണ് ?

കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെടുകയാണ്. അടിയന്തിരാവസ്ഥ അവസാനിച്ച് നാൽപതു കൊല്ലങ്ങൾക്കിപ്പുറവും അനേകം ഈച്ചരവാര്യർമാരുടെ കണ്ണുനീരു നമ്മൾ കാണാതെ പോകുന്നത് എന്തുകൊണ്ടാണ്? രാജന്റെ ശവശരീരത്തിനോട്,വർഗീസിന്റെ ശവശരീരത്തിനോട് കാണിച്ച അതേ ക്രൂരതയാണ് ഇന്നും കേരളാപ്പോലീസ് തുടരുന്നത്. അവരുടെകണ്ണുകള് ചൂഴ്ന്നെടുക്കപ്പെട്ടിരിക്കുന്നു.

മഞ്ചക്കട്ടി ഊരിൽ പോലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കാർത്തിക് എന്ന കണ്ണന്റെ കണ്ണുകൾ രണ്ടും നഷ്ടപ്പെട്ട് പുഴുവരിച്ച അവസ്ഥയിൽ ആകാൻ ആരാണ് കാരണക്കാർ ? “മരണത്തിനു മുൻപോ മരണം കഴിഞ്ഞയുടനെയോ സഖാവിന്റെ കാലുകൾ തമ്മിൽ കൂട്ടിക്കെട്ടിയിട്ടുണ്ടായിരിക്കാം….. വെറും ഒന്നര ദിവസത്തിനുള്ളിൽ മൃതദേഹം ഈ അവസ്ഥയിൽ എത്തുമോ?

സ്വന്തം മകന്റെ അഴുകി വികൃതമായ ഈ ശരീരം കണ്ട് ഹൃദയം പൊട്ടി വിലപിച്ച ഒരു അമ്മയുടെ കണ്ണീരിന് കേരള ജനതയുടെ മന:സാക്ഷി മറുപടി നൽകേണ്ടതുണ്ട്.” ഷൈന പി.എ. ചോദിക്കുന്ന ചോദ്യങ്ങൾകേരളീയ സമൂഹം ചോദിക്കേണ്ടതുണ്ട്. “പത്തു വർഷത്തിനു ശേഷം ഈ തരത്തിൽ നിന്റെ ദേഹം കാണാനാണോ ഞാൻ ജീവിച്ചിരുന്ന” തെന്ന അമ്മയുടെ നോവുന്ന ചോദ്യവും ഉത്തരം തേടുന്നു.

എല്ലാവരും മൗനത്തിലാണ്. ബാബരി മസ്ജിദ് കാര്യത്തിലും ശബരിമലയുടെ കാര്യത്തിലും. എല്ലാമെല്ലാം……. ഭീതിപ്പെടുത്തുന്ന മൗനങ്ങളാൽ മുദ്രിതമാക്കപ്പെട്ടിരിക്കുകയാണ് അന്തരീക്ഷം. ഫാസിസത്തെ ചരിത്രത്തിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു അപഭ്രംശമായി കാണുന്നതിനുപകരം എപ്പോഴും നമ്മോടൊപ്പമുള്ള ഒന്നായി ജനാധിപത്യത്തിലും ലിബറൽ – ഇടതുപക്ഷ വിശ്വാസികളിലുമെല്ലാം അന്തർലീനമായി വർത്തിക്കുന്ന അധികാരക്കൊതിയുടെ പ്രത്യക്ഷീകരണമായി തിരിച്ചറിയുന്പോഴേ അതിന്റെ അന്തർധാരകൾ നേരാംവണ്ണംചുരുളഴിയുകയുള്ളൂ.

ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി വരുന്ന സർവാധിപത്യ ഭരണകൂടത്തെ തൂത്തെറിയൽ എളുപ്പമാണ്. എന്നാൽ ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സംജാതമാകുന്ന ഫാസിസമാണ് അപകടകരം.