in

2024-ൽ മേഗൻ മെർക്കൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ബ്രിട്ടീഷ് പത്രം

Megan Merkel
അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ രണ്ടാം തവണ മത്സരിക്കേണ്ട എന്ന തീരുമാനമെടുത്താൽ 2024-ൽ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥിയായി മേഗൻ മെർക്കൽ വന്നേക്കുമെന്ന് അഭ്യൂഹങ്ങൾ. ബ്രിട്ടീഷ് ദിനപത്രമായ ഡെയ്ലി മിററാണ് ഇതു സംബന്ധിച്ച വാർത്ത നൽകിയത്. സീനിയർഡെമോക്രാറ്റുകളുമായി മേഗൻ മെർക്കൽ നെറ്റ് വർക്കിങ്ങ് നടത്തുകയാണ്. ടോണി ബ്ലെയറിൻ്റെ ഡൗണിങ്ങ് സ്ട്രീറ്റ് ടീമംഗവും വാഷിങ്ങ്ടണുമായി അടുത്ത ബന്ധം പുലർത്തുന്നതുമായ മുതിർന്ന ലേബർ പാർടി നേതാവിനെ ഉദ്ധരിച്ചാണ് പത്രം വാർത്ത നൽകിയിട്ടുള്ളത്. ലേബർ പാർടി നേതാവ് ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.
സസെക്സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരി രാജകുമാരനും മേഗൻ മെർക്കലിനും രാജകുടുംബവുമായുള്ള അകൽച്ചയും അഭിപ്രായ ഭിന്നതകളും മറനീക്കി പുറത്തു വരുന്നതിനിടയിലാണ് മേഗൻ്റെ അമേരിക്കൻ മോഹം കൂടി വാർത്തയാവുന്നത്. Megan Merkel

1981-ൽ കാലിഫോർണിയയിലെ ലോസ് എയ്ഞ്ചലസിൽ തോമസ് മെർക്കൽ, ഡോറിയ റഗ്ലാൻ്റ് എന്നിവരുടെ മകളായാണ് മേഗൻ മെർക്കലിൻ്റെ ജനനം.
ഡോറിയ കറുത്ത വർഗക്കാരിയും തോമസ് വെള്ളക്കാരനുമാണ്.  നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ പഠന കാലത്താണ് മേഗൻ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. 2018-ൽ ഹാരി രാജകുമാരനെ വിവാഹം ചെയ്തതോടെ അവർ സസക്സിലെ ഡച്ചസ് ആയി മാറി. 2019-ലാണ് മകൻ ആർച്ചി ജനിക്കുന്നത്. കഴിഞ്ഞ ദിവസം ലോക പ്രശസ്ത ടെലിവിഷൻ അവതാരക ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിലൂടെ വംശീയ വിവേചനത്തെക്കുറിച്ചും ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് നേരിട്ട അവഗണനയെ പറ്റിയും വെളിപ്പെടുത്തലുകൾ നടത്തിയതോടെയാണ് മേഗൻ വാർത്തകളിൽ വീണ്ടും നിറയുന്നത്. ഭർത്താവ് ഹാരിക്കൊപ്പമാണ് അവർ ഓപ്രയുമായുള്ള അഭിമുഖം നടത്തിയത്.  

മേഗൻ്റെ അമേരിക്കൻ സ്വപ്നത്തെ കുറിച്ചുള്ള വാർത്തകളും ലോകം ചർച്ച ചെയ്തു തുടങ്ങി. ക്യാമ്പയ്ൻ,ഫണ്ട് റെയ്സിങ്ങ് ടീമുകളെ നിയോഗിക്കാനുള്ള ഒരുക്കത്തിലാണ്  സസെക്സിലെ ഡച്ചസ് എന്നും ഇതിനായി മുതിർന്ന ഡെമോക്രാറ്റുകളുമായി അവർ നെറ്റ്‌വർക്കിംഗ് നടത്തുകയാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.മേഗന്റെ രാഷ്ട്രീയ അഭിലാഷങ്ങളെക്കുറിച്ചും അവരെ പിന്തുണയ്‌ക്കുന്നവരെക്കുറിച്ചുമുള്ള ചർച്ചകൾ ബ്ലെയറൈറ്റ്, ഇന്റർനാഷണലിസ്റ്റ്, ഡെമോക്രാറ്റിക് പാർട്ടി നെറ്റ്‌വർക്കുകളിൽ നടക്കുന്നുണ്ട്. ഹോളിവുഡിൽനിന്ന് ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പ്രവേശിച്ച മേഗൻ്റെ രാഷ്ട്രീയമായ അഭിലാഷങ്ങൾ സാക്ഷാൽക്കരിക്കപ്പെട്ടാൽ അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായി ഈ  ബ്രിട്ടീഷ് രാജകുടുംബാംഗം മാറും. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഡച്ചസ് ഓഫ് സസെക്സുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ  വിസമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്.

2020-ലെ യുഎസ് തിരഞ്ഞെടുപ്പ് വേളയിൽ, വിദ്വേഷത്തിൻ്റെ രാഷ്ട്രീയം  നിരസിക്കണമെന്ന് മേഗൻ വോട്ടർമാരോട് ആവശ്യപ്പെട്ടിരുന്നു.
താൻ മേഗന്റെ ആരാധകനല്ലെന്ന മുൻ പ്രസിഡൻ്റ് ഡൊണാൾഡ്
ട്രമ്പിൻ്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെയായിരുന്നു അന്നത്തെ മേഗൻ്റെ പ്രതികരണം.ഹാരി രാജകുമാരനെ വിവാഹം കഴിച്ചപ്പോഴും മേഗൻ അമേരിക്കൻ പൗരത്വം ഉപേക്ഷിക്കാത്തതിന്റെ പ്രധാന കാരണം അമേരിക്കൻ രാഷ്ട്രീയ മോഹമാണെന്ന വാർത്തകളും അക്കാലത്ത് വന്നിരുന്നു. അമേരിക്കൻ രാഷ്ട്രീയ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ സസെക്സിലെ ഡച്ചസ് ഉൾപ്പെടെയുള്ള പൊതു പദവികളെല്ലാം അവർ ഉപേക്ഷിക്കേണ്ടി വരുമെന്നാണ്  
യുഎസ് ഭരണഘടനാ വിദഗ്ധർ പറയുന്നത്.

2024-ൽ പ്രസിഡന്റ് ജോ ബൈഡന് 82 വയസ്സ് പൂർത്തിയാവും. രണ്ടാം തവണ മത്സരിക്കുന്നില്ല എന്ന് അദ്ദേഹം തീരുമാനിച്ചാലേ മേഗന് സാധ്യതകൾ തുറന്നു കിട്ടൂ. മേഗന്റെ രാഷ്ട്രീയ അഭിലാഷങ്ങളെ സുഹൃത്തുക്കളെല്ലാം മുമ്പ് പ്രോത്സാഹിപ്പിച്ചിരുന്നതായി റിപ്പോർട്ടിലുണ്ട്. “അമേരിക്കൻ സ്വപ്നത്തിന്റെ ആൾരൂപം” എന്നാണ് താരപദവിയിലേക്കുള്ള മേഗൻ്റെ വളർച്ചയെ അന്നൊക്കെ അവർ വിശേഷിപ്പിച്ചത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

“സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യുദ്ധം ചെയ്യേണ്ടി വരും,” ലതിക സുഭാഷിനും ശോഭ സുരേന്ദ്രനും ആശംസകൾ നേർന്ന് കെ ആർ മീര

വാളയാറമ്മയും ലതിക സുഭാഷും ഒരുപോലെ ശരിയാണ്, ഒരേസമയം പല ശരികൾ പ്രവർത്തിക്കുന്ന ഇടം കൂടിയാണ് ലോകം; സോഷ്യൽ മീഡിയയിൽ ഡോ. പി ഗീത