Movie prime

കേരളത്തിന്‍റെ ‘ഷെര്‍ലക് ഹോംസ്’ ഡോ.ബി.ഉമാദത്തന്‍ വിട വാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം

umadethan കേരളത്തിന്റെ ഷെര്ലക് ഹോംസ് എന്നറിയപ്പെടുന്ന പ്രശസ്ത ഫോറന്സിക് സര്ജനും മുന് മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടറും എഴുത്തുകാരനുമായിരുന്ന ഡോ.ബി.ഉമാദത്തന്റെ ഓര്മയ്ക്ക് ഇന്ന് ഒരു വയസ്സ്. 2019 ജൂലൈ 4ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്നായിരുന്നു അന്ത്യം. ഗവ. മെഡിക്കോ ലീഗല് എക്സ്പെര്ട്ട് ആന്റ് കണ്സള്ട്ടന്റ്, കേരള പൊലീസിന്റെ മെഡിക്കോ ലീഗല് ഉപദേശകന്, ലിബിയ സര്ക്കാരിന്റെ മെഡിക്കോ ലീഗല് കണ്സല്ട്ടന്റ് എന്നീ നിലകളില് അദ്ദേഹം നല്കിയ സംഭാവനകള് നിരവധിയാണ്.umadethan കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കാൻ കുഴങ്ങിയ പൊലീസിന് പലപ്പോഴും More
 
കേരളത്തിന്‍റെ ‘ഷെര്‍ലക് ഹോംസ്’ ഡോ.ബി.ഉമാദത്തന്‍ വിട വാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം

umadethan

കേരളത്തിന്റെ ഷെര്‍ലക് ഹോംസ് എന്നറിയപ്പെടുന്ന പ്രശസ്ത ഫോറന്‍സിക് സര്‍ജനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും എഴുത്തുകാരനുമായിരുന്ന ഡോ.ബി.ഉമാദത്തന്‍റെ ഓര്‍മയ്ക്ക് ഇന്ന് ഒരു വയസ്സ്. 2019 ജൂലൈ 4ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഗവ. മെഡിക്കോ ലീഗല്‍ എക്‌സ്‌പെര്‍ട്ട് ആന്റ് കണ്‍സള്‍ട്ടന്റ്, കേരള പൊലീസിന്റെ മെഡിക്കോ ലീഗല്‍ ഉപദേശകന്‍, ലിബിയ സര്‍ക്കാരിന്റെ മെഡിക്കോ ലീഗല്‍ കണ്‍സല്‍ട്ടന്റ് എന്നീ നിലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിരവധിയാണ്.umadethan

കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കാൻ കുഴങ്ങിയ പൊലീസിന് പലപ്പോഴും വഴികാട്ടിയായത് ഫോറൻസിക് വിദഗ‌്ധനായിരുന്ന ഡോ. ബി ഉമാദത്തന്‍റെ സേവനമായിരുന്നു. കീറാമുട്ടിയായ ചെറുതും വലുതുമായ നൂറുകണക്കിന് കേസുകൾക്ക‌് അദ്ദേഹത്തിന്റെ നിരീക്ഷണപാടവം തുമ്പുണ്ടാക്കി. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും മൃതദേഹത്തിൽനിന്നും ലഭിക്കുന്ന നേരിയ സൂചനകളിൽനിന്ന‌് നിർണായകമായ തെളിവുകൾ വേർതിരിച്ചെടുക്കാൻ അദ്ദേഹത്തിന‌് അതിയായ സാമർഥ്യമുണ്ടായിരുന്നു.

കുപ്രസിദ്ധ സുകുമാരക്കുറുപ്പ് കേസ് പുറത്തുവന്നത‌് ഉമാദത്തന്റെ കൃത്യമായ ഇടപെടൽമൂലമാണ‌്. കൊല്ലപ്പെട്ടത‌് സുകുമാരക്കുറുപ്പല്ല, ചാക്കോയാണെന്ന‌ നിർണായക കണ്ടെത്തൽ നടത്തിയത് അദ്ദേഹമായിരുന്നു. 1984ലാണ‌് ഇൻഷുറൻസ‌് തുക തട്ടിയെടുക്കുന്നതിന‌് ഫിലിം റെപ്രസന്റേറ്റീവായ ചാക്കോയെ കൊന്ന‌് കാറിനുള്ളിലിട്ട‌് കത്തിച്ചത‌്. കാറിൽ അവശേഷിച്ചത‌് തലയോട്ടിയും കാൽപ്പാദവും മാത്രമായിരുന്നു.

ഡിഎൻഎ പരിശോധനപോലും അസാധ്യമായിരുന്ന അക്കാലത്ത് മൃതദേഹം പോസ‌്റ്റുമോർട്ടം നടത്തിയത‌് ഡോ. ഉമാദത്തനായിരുന്നു. കംപ്യൂട്ടർ സാങ്കേതികവിദ്യ കേട്ടുകേള്‍വി മാത്രമായിരുന്ന സമയത്ത് മുഖത്തിലെ അസ്ഥികളുടെ ഘടനയും അതുവഴിയുള്ള മുഖാകൃതിയും സൃഷ്ടിച്ചെടുത്ത് ആ മുഖാകൃതിയിലേക്ക‌് ഫോട്ടോയിലെ മാതൃകയിലുള്ള വായ, ചുണ്ട‌്, മൂക്ക‌്, തലമുടി എന്നിവ ചേർത്ത് സൂപ്പര്‍ ഇമ്പോസിഷന്‍ നടത്തിയാണ് കൊല്ലപ്പെട്ടത‌് ചാക്കോയാണെന്ന‌് സ്ഥിരീകരിച്ചത‌്. സാങ്കേതിക വിദ്യയൊന്നും വികസിച്ചിട്ടില്ലാത്ത അക്കാലത്ത‌് നടന്ന നീക്കം ഇന്നും അത്ഭുതമാണ്.

വിരമിച്ച ശേഷവും പ്രധാന കേസുകളിൽ പൊലീസ‌് ഡോ. ഉമാദത്തന്റെ സേവനം തേടിയിരുന്നു. പലപ്പോഴും ഫോറൻസിക് മേഖലയിലെ സംശയങ്ങൾക്ക് അവസാനവാക്കായിരുന്നു അദ്ദേഹം. പെരുമ്പാവൂരിലെ ജിഷ വധക്കേസിൽ പ്രതിയിലേയ്ക്ക് എത്തിച്ചേരാൻ അദ്ദേഹത്തിന്റെ അഭിപ്രായം പൊലീസിന‌് സഹായകമായി.
.അദ്ദേഹത്തിന്‍റെ ഒരു പൊലീസ‌് സർജന്റെ ഓർമക്കുറിപ്പുകൾ എന്ന പുസ‌്തകത്തിൽ പാനൂർ സോമൻ വധക്കേസ‌്, സിസ്റ്റർ അഭയ കൊലപാതകം, മിസ‌് കുമാരിയുടെ മരണം, റിപ്പർ കൊലപാതകങ്ങൾ തുടങ്ങി നിരവധി കേസുകളുടെ ചുരുളുകൾ അഴിഞ്ഞതിനെക്കുറിച്ച് പറയുന്നുണ്ട്.

ഒരു പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം, അവയവദാനം അറിയേണ്ടതെല്ലാം, കേരളത്തിന്റെ കുറ്റാന്വേഷണചരിത്രം, ഡൈവിങ് കവചവും ചിത്രശലഭവും എന്നീ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.