in

കരുതല്‍ സ്പര്‍ശം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇത്തരം അതിക്രമങ്ങളില്‍ നല്ലൊരു ശതമാനവും സ്വന്തം കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ നേരിടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ശിശു സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയും വനിത ശിശുവികസന വകുപ്പ് മറ്റു വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ജൂണ്‍ 1 ഗ്ലോബല്‍ പാരന്റിംഗ് ഡേ മുതല്‍ നവംബര്‍ 14 ചില്‍ഡ്രന്‍സ് ഡേ വരെ ബൃഹത്തായ സാമൂഹ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ‘കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കായി’ എന്ന പേരില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുകയാണ്. ഈ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നാം തീയതി തിരുവനന്തപുരം ഡി.പി.ഐ. ജവഹര്‍ സഹകരണ ആഡിറ്റോറിയത്തില്‍ വച്ച് രാവിലെ 10.00 മണിയ്ക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കുന്നു.

സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്,  തമിഴ്‌നാട് ചീഫ് ഡോ. പിനോക്കി ചക്രവര്‍ത്തി, ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സുരേഷ്, ഐ.സി.പി.എസ്. പ്രോഗ്രാം മാനേജര്‍ സുന്ദരി സി. എന്നിവര്‍ പങ്കെടുക്കും. 

ഉദ്ഘാടന ശേഷം രാവിലെ 11 ന് റെസ്‌പോണ്‍സിബിള്‍ പാരന്റിംഗ് എന്ന വിഷയത്തില്‍ മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ്, ഉച്ചയ്ക്ക് 12 ന് ആരോഗ്യ പൂര്‍ണമായ ബാല്യം – രക്ഷിതാക്കളുടെ ചുമതലകള്‍ എന്ന വിഷയത്തില്‍ എസ്.എ.ടി. ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. കെ.ഇ. എലിസബത്ത്, ഉച്ചയ്ക്ക് 2 ന് സോഷ്യല്‍ മീഡിയ – കുട്ടികളുടെ അമിത താത്പര്യം മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് എന്ന വിഷയത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. സഞ്ജയ് കുമാര്‍, വൈകുന്നേരം 3 മണിക്ക് കുട്ടികളിള്‍ നേരിടുന്ന പ്രശ്‌നങ്ങളേയും പരിഹാരങ്ങളേയും പറ്റി ബോധിനിയുടെ റീന സാബിന്‍ എന്നിവര്‍ സംസാരിക്കും. വൈകുന്നേരം 3.30ന് തുറന്ന ചര്‍ച്ചയും ഉണ്ടായിരിക്കും. സംസ്ഥാനതല പരിപാടിയോടൊപ്പം തന്നെ എല്ലാ ജില്ലകളിലും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് റെസ്‌പോണ്‍സിബിള്‍ പാരന്റിംഗ് എന്ന വിഷയം സംബന്ധിച്ച് സെമിനാറുകളും സംഘടിപ്പിക്കുന്നതാണ്.

അഞ്ചര മാസത്തോളം നീണ്ടുനില്‍ക്കുന്ന ബൃഹത്തായ പരിപാടികള്‍ക്കാണ് ശനിയാഴ്ച തുടക്കം കുറിക്കുന്നത്. വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, എന്നിവയുടെ സഹകരണം ഉറപ്പാക്കിക്കൊണ്ടാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ഈ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകള്‍, റസിഡന്‍സ് അസോസിയേഷന്‍, കുടുംബശ്രീ, അങ്കണവാടി എന്നിവ മുഖേന വിപുലമായി റെസ്‌പോണ്‍സിബിള്‍ പാരന്റിംഗ് എന്ന വിഷയത്തെ സംബന്ധിച്ച് ബോധവത്ക്കരണ പരിപാടികള്‍ നടപ്പിലാക്കും. അതോടൊപ്പം തന്നെ ജൂണ്‍, ജൂലായ് മാസങ്ങളില്‍ അങ്കണവാടികള്‍ മുഖേന ദുര്‍ഘടഘട്ടത്തില്‍ കഴിയുന്ന കുട്ടികളെ കണ്ടെത്തുന്നതിന് സര്‍വേ നടത്തുന്നതാണ്. ഇതിന്റെ ഭാഗമായി നിലവിലുള്ള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍, വില്ലേജ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍, ബ്ലോക്ക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍, പഞ്ചായത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ എന്നിവ ശാക്തീകരിച്ച് ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെസ്‌പോണ്‍സിബിള്‍ പാരന്റിംഗ് ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കുന്നതാണ്. ഈ ക്ലീനിക്ക് മുഖേന രക്ഷകര്‍ത്താക്കള്‍ക്ക് പാരന്റിംഗ് സംബന്ധിച്ച അവബോധം സൃഷ്ടിക്കുവാന്‍ നടപടികളും സ്വീകരിക്കുന്നതാണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കര്‍ഷക ആത്മഹത്യ: അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കേരളം കാണാനെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 6.82% വര്‍ദ്ധന