Movie prime

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നാട് സ്വീകരിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ നാടും വിദ്യാർഥികളും രക്ഷാകർത്താക്കളും സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം വന്നതോടെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് രംഗം നല്ലതുപോലെ മെച്ചപ്പെടുകയും അടിസ്ഥാനസൗകര്യങ്ങൾ വർധിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നുവർഷംകൊണ്ട് അഞ്ചുലക്ഷത്തോളം വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിൽ വന്നുചേർന്നത് അതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന പ്രൈമറി സ്കൂളുകൾക്കുള്ള ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അക്കാദമിക് രംഗം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന സവിശേഷമായ പദ്ധതിയാണ് More
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നാട് സ്വീകരിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ നാടും വിദ്യാർഥികളും രക്ഷാകർത്താക്കളും സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം വന്നതോടെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് രംഗം നല്ലതുപോലെ മെച്ചപ്പെടുകയും അടിസ്ഥാനസൗകര്യങ്ങൾ വർധിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നുവർഷംകൊണ്ട് അഞ്ചുലക്ഷത്തോളം വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിൽ വന്നുചേർന്നത് അതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന പ്രൈമറി സ്‌കൂളുകൾക്കുള്ള ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അക്കാദമിക് രംഗം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന സവിശേഷമായ പദ്ധതിയാണ് ഹൈടെക് ലാബ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലായി 493 കോടി രൂപയുടെ പദ്ധതിയിലൂടെ 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയിരുന്നു. അതിന്റെ തുടർച്ചയ്ക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. ഡിജിറ്റൽ ഉള്ളടക്കവിന്യാസം, സമഗ്ര പോർട്ടൽ, മുഴുവൻ അധ്യാപകർക്കും ഐടി അധിഷ്ഠിത പരിശീലനം എന്നിവ ലക്ഷ്യമിടുന്നതാണ് പദ്ധതി. സംസ്ഥാനത്തെ 9941 പ്രൈമറി സ്‌കൂളുകളിൽ 292 കോടി രൂപയുടെ പദ്ധതികൂടി നടപ്പാക്കുമ്പോൾ ഒന്നു മുതൽ 12 വരെ ക്‌ളാസുകളിലായി, പതിനയ്യായിരത്തോളം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി 41 ലക്ഷം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഐടിയുടെ സാധ്യത പഠനബോധനപ്രക്രിയയ്ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന് തിരിച്ചറിഞ്ഞാണ് ഐടി അധിഷ്ഠിത പഠനപ്രക്രിയയ്ക്ക് സർക്കാർ തുടക്കം കുറിച്ചത്. വിദ്യാർഥികളുടെ സർവതോൻമുഖമായ വളർച്ചയ്ക്ക് ഹൈടെക് ലാബ് പദ്ധതി ഉപകാരപ്പെടുന്നുണ്ടെന്ന് അധ്യാപകരും രക്ഷാകർത്താക്കളും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഹൈടെക് ലാബ് പദ്ധതി നടപ്പാക്കുന്നതോടെ കേരളം ഇന്ത്യൻ വിദ്യാഭ്യാസരംഗത്ത് ആദ്യ ഡിജിറ്റൽ സംസ്ഥാനമായി മാറുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് എന്ന സങ്കേതത്തിലേക്കു നാം കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്. ആധുനികസാങ്കേതികവിദ്യ പഠനസ്ഥലത്ത് എത്തിക്കുക സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുന്നത്.

അത് തുടർപ്രവർത്തനങ്ങളിലൂടെ ഉപയോഗപ്പെടുത്തുക എന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതലത്തിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് ക്‌ളബ്ബുകൾക്കുള്ള പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. കോഴിക്കോട് ജില്ലയിലെ ഫാത്തിമാബി മെമ്മോറിയൽ ഹൈസ്‌കൂൾ ഒന്നാം സ്ഥാനവും കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് ഗവ.എച്ച്.എസ്സ് രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് കരിപ്പൂർ ഗവ.ഹൈസ്‌കൂൾ മൂന്നാം സ്ഥാനവും നേടി.

ബീമാപ്പള്ളി ജിഎച്ച്എസ്സിലെയും ശിശുവിഹാർ സ്‌കൂളിലെയും പ്രഥമാധ്യാപകർ മുഖ്യമന്ത്രിയിൽനിന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ പ്രവർത്തനത്തിൽ കഴിഞ്ഞ വർഷം ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച സ്‌കൂളുകൾക്കുള്ള അവാർഡുകൾ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിതരണം ചെയ്തു.

വി.എസ്. ശിവകുമാർ എം.എൽ.എ, നവകേരളമിഷൻ കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ നന്ദിയും പറഞ്ഞു.

സംസ്ഥാനത്തെ 9941 പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബ് പദ്ധതിയ്ക്കായി കിഫ്ബി 292 കോടി രൂപ അനുവദിച്ചതിനെത്തുടർന്ന് 55086 ലാപ്ടോപ്പുകൾ, യു.എസ്.ബി. സ്പീക്കറുകൾ, 23170 മൾട്ടിമീഡിയ പ്രൊജക്ടറുകൾ എന്നിവയ്ക്കുള്ള ടെൻഡർ നടപടികൾ മേയിൽ പൂർത്തിയായിരുന്നു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലകളിലെ എട്ടു മുതൽ പന്ത്രുവരെ ക്ലാസുകളുള്ള 4752 സ്‌കൂളുകളിലായി 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയതിന്റെ തുടർച്ചയായാണ് പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും ഹൈടെക് ലാബുകൾ വരുന്നത്.

പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 82000 പ്രൈമറി അധ്യാപകർക്ക് അവധിക്കാലത്ത് പ്രത്യേക ഐ.ടി. പരിശീലനം നൽകി. 8191 പ്രൈമറി സ്‌കൂളുകളിൽ ബ്രോഡ്ബാൻഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ‘സമഗ്ര’ റിസോഴ്സ് പോർട്ടലിന്റെ ഉപയോഗം പരിശീലനത്തിൽ അധ്യാപകരെ പരിചയപ്പെടുത്തി. എഡ്യൂടെയിൻമെന്റ് രൂപത്തിൽ വിവിധ വിഷയങ്ങൾ ഐ.ടി. ഉപയോഗിച്ച് പഠിക്കാൻ കഴിയുന്ന കളിപ്പെട്ടി (പ്രൈമറി), ഇ@വിദ്യ (അപ്പർ പ്രൈമറി) പാഠപുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമാക്കിയിട്ടുണ്ട്.