narendra modi
in

ജിഡിപി യുടെ ഒരു ശതമാനത്തെയാണ് മോഡി പത്തു ശതമാനമായി വീർപ്പിച്ചത്

കോവിഡ് കാലത്തെ മോദി സർക്കാറിൻ്റെ സാമ്പത്തിക പാക്കേജിനെ രൂക്ഷമായി വിമർശിച്ച് പി ജെ ബേബി. 

മോഡി-നിർമല ഉത്തേജക തട്ടിപ്പിൽ മുഖം തിരിച്ച് നില്ക്കുകയാണ് കോർപ്പറേറ്റ് ലോകമെന്നും അദ്ദേഹം വിലയിരുത്തുന്നു. രാഷ്ട്രപതിയെയും രാഷ്ട്രപതി ഭവനെയും ഇപ്പോൾ വില്പനക്ക് വെച്ചിട്ടില്ലെങ്കിലും ആളുണ്ടെങ്കിൽ അതും വില്ക്കാൻ തയ്യാറെന്ന മട്ടിലാണ് സർക്കാറിൻ്റെ നിൽപ്പെന്ന് പരിഹസിക്കുന്നു.

പി.ജെ.ബേബി

……

2014-ൽ മോഡി അധികാരത്തിലേറിയ ശേഷം ഓരോ ബജറ്റിനു ശേഷവും ഓരോ സാമ്പത്തിക പ്രഖ്യാപനത്തിനു ശേഷവും നാം പിറ്റേന്നു കേട്ടുകൊണ്ടിരുന്നത് ഓഹരി വിപണിയിലെ കുതിച്ചു ചാട്ടങ്ങളാണ്.

പക്ഷേ ഇത്തവണ GDP യുടെ ‘പത്തു ശതമാനം ‘വരുന്ന പാക്കേജിന്റെ അവതരണം നിർമല സീതാരാമൻ അവതരിപ്പിച്ചു തീർത്തപ്പോൾ സംഘി വാട്സാപ്പ് ഗ്രൂപ്പുകൾ ആവേശഭരിതരായി മധ്യ വർഗ കൂട്ടായ്മകളിൽ കുതിച്ചു ചാടുന്ന “ഭാരതക്കടുവ”യെ അവതരിപ്പിക്കുന്നുണ്ടെങ്കിലും കോർപ്പറേറ്റ് ലോകത്തെ പറ്റിക്കാൻ പറ്റിയില്ല. ഓഹരി വിപണി ഒറ്റ ദിവസം കൊണ്ട് മൂന്നര ശതമാനമിടിഞ്ഞ് മുപ്പതിനായിരത്തിലെത്തി.

മോഡി ഒരു ഗംഭീര കഥയാണ് വിറ്റത്. അതിങ്ങനെയാണ്…

കൊറോണയെ നേരിട്ട ഇന്ത്യൻ രീതിയെ ലോകം മുഴുവൻ പ്രശംസിക്കുന്നു. ഇന്ത്യ കൊറോണയെ നേരിടാൻ മറ്റു രാജ്യങ്ങളെ സഹായിക്കുന്നു, ഇനിയും സഹായിക്കും.

കൊറോണ കാരണം ചൈനയിൽ നിന്നും ഒട്ടനവധി പാശ്ചാത്യ കമ്പനികൾ കൂട്ടത്തോടെ പുറത്തേക്കു പോകുകയാണ്. അവർക്കായി ഇന്ത്യ എല്ലാ സൗകര്യങ്ങളും ചെയ്യുകയാണ്. തൊഴിൽ നിയമങ്ങൾ എടുത്തുകളയുന്നു. പാരിസ്ഥിതിക നിയമങ്ങൾ എടുത്തുകളയുന്നു. പട്ടേൽ പ്രതിമയും നാഗ്പൂർ ആറെസ്സെസ് ആസ്ഥാനവും ഒഴികെ സകലതും അവർക്ക് ആദായ വിലക്ക് വില്ക്കാൻ തയ്യാർ. (രാഷ്ട്രപതിയെയും രാഷ്ട്രപതി ഭവനെയും ഇപ്പോൾ വില്പനക്ക് വച്ചിട്ടില്ലെങ്കിലും ആളുണ്ടെങ്കിൽ അതും വില്ക്കാൻ തയ്യാർ എന്ന മട്ടിലാണ് നില്പ്) .

പക്ഷേ ആ കഥ വിദേശ വാങ്ങലുകാർ മാത്രമല്ല, നാടൻ വ്യവസായ – വ്യാപാരികളും വിശ്വസിച്ചില്ല. മോഡി ഫോർ പി എം എന്ന മുദ്രാവാക്യം ആദ്യം മുന്നോട്ടുവച്ച കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഇന്നലെത്തന്നെ ശക്തമായി വിയോജിച്ചു. വ്യാപാരികൾക്ക് യാതൊന്നുമില്ലെന്നും 20 ശതമാനം വ്യാപാരികൾ ഉടനെയും അവരെ ആശ്രയിക്കുന്ന പത്തു ശതമാനം പിന്നെയും കട പൂട്ടുമെന്നും ഉടനടി മോഡി ഇടപെട്ട് തങ്ങൾക്കായി പാക്കേജ് മാറ്റണമെന്നും അവർ പറഞ്ഞു.

ഇന്ന് ദ ഹിന്ദു പത്രത്തിൽ പ്രതിഷേധ പ്രളയമാണ്. നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങൾ പാക്കേജിന്റെ യഥാർത്ഥ വലുപ്പം വിലയിരുത്താനിറങ്ങി. അത് ജിഡിപി യുടെ വെറും ഒരു ശതമാനം മാത്രമാണെന്നും തൊഴിലാളികളുടെയോ ബിസിനസുകളുടേയോ അടിയന്തിര നിലനില്പിന്റെ (അതിജീവനത്തിന്റെ) പ്രശ്നങ്ങളെ നേരിടുന്നില്ലെന്നും നോമുറ വിലയിരുത്തി. മറ്റുള്ളവയുടെ എസ്റ്റിമേറ്റുകൾ 0.8 മുതൽ 1.2 വരെയുള്ള റേഞ്ചിലാണ്. ജിഡിപി യുടെ ഒരു ശതമാനത്തെയാണ് മോഡി പത്തു ശതമാനമായി വീർപ്പിച്ചത്!

വാഹന വ്യവസായ സംഘടനയായ സിയാം പറയുന്നത് കഴിഞ്ഞ വർഷം വാഹന വിപണി 18% ഇടിഞ്ഞുവെന്നും ഈ വർഷം അത് 22-35 ശതമാനമാകുമെന്നുമാണ്. ഡിമാൻഡ് വർധിപ്പിക്കാനാകുന്ന യാതൊരു ധനപരമായ നടപടികളുമില്ല എന്നവർ പറയുന്നു.

ഇന്ത്യയും ചൈനയും മാത്രം നേരിയ വളർച്ച നേടും എന്നാണ് ഐ എം എഫ് പറഞ്ഞിരുന്നത്. കോവിഡ് ബാധിതർ ഒരു ലക്ഷം കവിയുകയും അതിനെ നേരിടാൻ ടെസ്റ്റുകൾ വർധിപ്പിക്കാനോ പെരുവഴിയിൽക്കിടക്കുന്ന ജനകോടികളെ വീട്ടിലെത്തിച്ച് സാമൂഹ്യ അകലം പാലിക്കാൻ പറ്റുന്ന അവസ്ഥ സൃഷ്ടിക്കാനോ ഒരു നടപടിയുമില്ലാത്തതും 5-6  മാസത്തിനകം ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള രാജ്യമായി ഇന്ത്യയെ മാറ്റും എന്ന ഭയം വളരുന്നു.

ഏപ്രിൽ-ജൂൺ പാദത്തിലെ കോപ്പറേറ്റുകളുടെ റിസൽട്ടുകൾ വലിയൊരു കോൺട്രാക്ഷനെ (ചുരുങ്ങൽ)മുന്നോട്ടു വെയ്ക്കുന്നതോടെ മോഡി-നിർമല 56 ഇഞ്ച് കാറ്റു വീർപ്പിക്കൽ തകർന്നു തരിപ്പണമാകാനാണ് എല്ലാ സാധ്യതയും.

ചൈനയിലെ വ്യവസായങ്ങൾ കോവിഡ് പേടിച്ച് ഇന്ത്യയിൽ കൂട്ടത്തോടെ ചേക്കേറുന്ന മോഡിയുടെ 56 ഇഞ്ച് ബലൂൺ തുടക്കത്തിൽത്തന്നെ കാറ്റു പോയതാണ് ഇന്നലത്തെ ചിത്രം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ്‌മുക്തമെന്നു പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യന്‍ രാഷ്ട്രമായി സ്ലോവേനിയ

വാക്സിൻ ഇല്ലാതെ കൊറോണയെ പ്രതിരോധിക്കാൻ ചൈനീസ് ശാസ്ത്രജ്ഞർ