Movie prime

മലയാളത്തിലെ പഴയകാല കൃതികളെപ്പറ്റി പ്രതിമാസ ചർച്ച സംഘടിപ്പിക്കണമെന്ന് എൻ പ്രഭാകരൻ

N Prabhakaran പഴയകാല കൃതികളോട് അപരിചിതത്വം പുലർത്തുന്നവരായി പുതിയ തലമുറ മാറിക്കഴിഞ്ഞു. ഇത് അപകടകരമാണ്. നമ്മുടെ സാംസ്കാരിക ജീവിതത്തിൽ കാര്യമായ ഇടപെടലുകൾ നടത്തിയ പഴയ കൃതികളിൽ ഏതെങ്കിലുമൊന്നിനെ കുറിച്ചുള്ള പ്രഭാഷണവും ചർച്ചയും സംസ്ഥാനത്തെ എല്ലാ ഗ്രന്ഥാലയങ്ങളിലും മാസത്തിൽ ഒരിക്കലെങ്കിലും സംഘടിപ്പിക്കണം. ഇപ്പോൾത്തന്നെ പ്രതിമാസ സാഹിത്യചർച്ച നടത്തുന്നതിന് ലൈബ്രറി കൗൺസിൽ എല്ലാ ഗ്രന്ഥാലയങ്ങൾക്കും ഒരു തുക കൊടുക്കുന്നുണ്ടെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ആ തുക ഇരട്ടിയാക്കിയാൽ മുകളിൽ നിർദേശിച്ച കാര്യം നടപ്പിലാക്കാം. ലൈബ്രറി കൗൺസിലിന് അതൊരു ഭാരമാവുകയേയില്ല.N PRABHAKARAN പഴയകാല കൃതികളുടെ More
 
മലയാളത്തിലെ പഴയകാല കൃതികളെപ്പറ്റി പ്രതിമാസ ചർച്ച സംഘടിപ്പിക്കണമെന്ന് എൻ പ്രഭാകരൻ

N Prabhakaran

പഴയകാല കൃതികളോട് അപരിചിതത്വം പുലർത്തുന്നവരായി പുതിയ തലമുറ മാറിക്കഴിഞ്ഞു. ഇത് അപകടകരമാണ്. നമ്മുടെ സാംസ്‌കാരിക ജീവിതത്തിൽ കാര്യമായ ഇടപെടലുകൾ നടത്തിയ പഴയ കൃതികളിൽ ഏതെങ്കിലുമൊന്നിനെ കുറിച്ചുള്ള പ്രഭാഷണവും ചർച്ചയും സംസ്ഥാനത്തെ എല്ലാ ഗ്രന്ഥാലയങ്ങളിലും മാസത്തിൽ ഒരിക്കലെങ്കിലും സംഘടിപ്പിക്കണം. ഇപ്പോൾത്തന്നെ പ്രതിമാസ സാഹിത്യചർച്ച നടത്തുന്നതിന് ലൈബ്രറി കൗൺസിൽ എല്ലാ ഗ്രന്ഥാലയങ്ങൾക്കും ഒരു തുക കൊടുക്കുന്നുണ്ടെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ആ തുക ഇരട്ടിയാക്കിയാൽ മുകളിൽ നിർദേശിച്ച കാര്യം നടപ്പിലാക്കാം. ലൈബ്രറി കൗൺസിലിന് അതൊരു ഭാരമാവുകയേയില്ല.N PRABHAKARAN

പഴയകാല കൃതികളുടെ പുതിയ വായന സാധ്യമാക്കാൻ നിർദേശവുമായി മലയാളത്തിലെ മുതിർന്ന എഴുത്തുകാരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവെയ്ക്കുന്നത്.

……..
വായന ഒഴിച്ചു കൂടാനാവാത്ത ഒരു ജീവിതാവശ്യമാണെന്ന് കരുതുന്ന എത്രയോ പേർ നമുക്കിടയിലുണ്ട്. വായിക്കേണ്ടുന്ന കൃതികളുടെ കാര്യത്തിൽ ഓരോരുത്തരും അവരവരുടെതായ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. കഥയും നോവലും കവിതയും വായിക്കുന്ന അത്രയും തന്നെയോ അതിൽ കൂടുതലോ താൽപര്യത്തോടെ പലരും ചരിത്രം, ദർശനം, നരവംശശാസ്ത്രം,മന:ശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്ന കൃതികൾ വായിക്കുന്നുണ്ടാവാം.

ഇന്ന വിഭാഗത്തിന് മുൻഗണന നൽകണം എന്ന് നിർബന്ധിക്കാൻ ആർക്കും അധികാരമില്ല. ഭാഷയിലെ വലിയ എഴുത്തുകാരായി പൊതുവെ കരുതപ്പെടുന്നവരുടെ കൃതികളെങ്കിലും നിങ്ങൾ വായിച്ചിരിക്കണം എന്നു പോലും ആരോടും ശാഠ്യം പിടിക്കുന്നതിൽ അർത്ഥമില്ല. മലയാളത്തിൽ ഓരോ വർഷവും ശ്രദ്ധേയമായ നൂറുകണക്കിന് കൃതികൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഇംഗ്‌ളീഷ് പുസ്തകങ്ങളും വിവിധ ഭാഷകളിൽ നിന്നുള്ള കൃതികളുടെ പരിഭാഷകളും സുലഭമാണ്. നെറ്റ് വഴിയുള്ള വായന വളരെയേറെപ്പേർ ശീലിച്ചുകഴിയുകയും ചെയ്തു.

ഇങ്ങനെയൊക്കെയുള്ള ഒരു സാഹചര്യത്തിൽ നമ്മുടെ പഴയകാല എഴുത്തുകാരിൽ പലരുടെയും കൃതികൾക്ക് പുതിയ പതിപ്പുകൾ ഉണ്ടാകാത്തതിലോ വായനാസമൂഹം ആ കൃതികളെ ഏറെക്കുറെ പൂർണമായിത്തന്നെ മറന്നതിലോ നാം അതിയായി ദു:ഖിക്കുന്നതിന് വലിയ ന്യായീകരണമുണ്ടാവില്ല. വസ്തുത ഇതാണെങ്കിലും നമുക്ക് ദു:ഖം തോന്നുക സ്വാഭാവികമാണ്. പ്രായമായവർക്ക് തങ്ങൾ ചെറുപ്പകാലത്ത് ആവേശപൂർവം വായിച്ച പുസ്തകങ്ങളൊന്നും ആർക്കും വേണ്ടാതായതിൽ, ഒരു കാലത്ത് തങ്ങൾ വളരെയേറെ സ്‌നേഹിച്ച എഴുത്തുകാരുടെ പേര് പോലും പുതിയ തലമുറയുടെ അറിവിൽ വരുന്നില്ല എന്നതിൽ വലിയ വിഷമം തോന്നും.

എ മൈനസ് ബി (കോവിലൻ)പണി തീരാത്ത വീട്, അരനാഴികനേരം (പാറപ്പുറത്ത്), ആത്മാവിന്റെ നോവുകൾ(നന്തനാർ), തീയുണ്ടകൾക്കും തിരമാലകൾക്കുമിടയിൽ (വിനയൻ)ഇണപ്രാവുകൾ, തെക്കൻ കാറ്റ്(മുട്ടത്തു വർക്കി), നിഴൽപ്പാടുകൾ (സി.രാധാകൃഷ്ണൻ), നഗരത്തിന്റെ മുഖം (ബാലകൃഷ്ണൻ), നിന്റെ കഥ (എന്റയും),ദു:ഖത്തിന്റെ രാത്രികൾ, പൂജക്കെടുക്കാത്ത പൂക്കൾ (എൻ.മോഹനൻ), ഒരു വഴിയും കുറെ നിഴലുകളും(രാജലക്ഷ്മി) നിറമുള്ള നിഴലുകൾ (വിലാസിനി)എന്നിങ്ങനെ കോളേജ് ക്ലാസിലെത്തും മുമ്പ് വായിച്ച നൂറുകണക്കിന് പുസ്തകങ്ങളുടെ പേരുകൾ എനിക്ക് പെട്ടെന്ന് ഓർത്തെടുക്കാനാവും. (എന്റെ തലമുറയിലെ പലർക്കും ഇത് സാധ്യമാവും.)

പക്ഷേ, എനിക്കറിയാം ഇക്കാലത്തെ യുവവായനക്കാ രിൽ വളരെയേറെപ്പേരും അവയിൽ ഒന്നുപോലും കണ്ടിട്ടുണ്ടാവില്ല. ഈയൊരവ സ്ഥയിൽ അപകടങ്ങൾ പലതും പതിയിരിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഇതിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് വഴി എന്ന് ഗൗരവമായി ആലോചിക്കുന്നതിന് ഇനിയും അമാന്തിക്കുന്നതിൽ അർത്ഥമില്ല.

പലതും നമുക്ക് ചെയ്യാനാവും. വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ പറ്റുന്ന ഒരു കാര്യം മാത്രം ഇവിടെ നിർദ്ദേശിക്കാം. നമ്മുടെ സാംസ്‌കാരിക ജീവിതത്തിൽ കാര്യമായ ഇടപെടലുകൾ നടത്തിയ പഴയ കൃതികളിൽ ഏതെങ്കിലുമൊന്നിനെ കുറിച്ചുള്ള പ്രഭാഷണവും ചർച്ചയും സംസ്ഥാനത്തെ എല്ലാ ഗ്രന്ഥാലയങ്ങളിലും മാസത്തിൽ ഒരിക്കലെങ്കിലും സംഘടിപ്പിക്കുക. തുടർച്ചയായി പഴയ കൃതികൾ മാത്രം ചർച്ചയ്‌ക്കെടുത്താൽ മടുപ്പുണ്ടാക്കിയേക്കും. അതുകൊണ്ട് ഓരോ മാസവും ഈരണ്ടാഴ്ച കൂടുമ്പോൾ പരിപാടി നടത്തുക. അതിൽ ഒന്ന് പുതിയ കാലത്തെ ഒരു സാഹിത്യകൃതിയെക്കുറിച്ചും മറ്റൊന്ന് പഴയ കൃതിയെക്കുറിച്ചും ഉള്ള ചർച്ചയായിരിക്കുമെന്ന് തീരുമാനിക്കുക.

ഇപ്പോൾത്തന്നെ പ്രതിമാസ സാഹിത്യചർച്ച നടത്തുന്നതിന് ലൈബ്രറി കൗൺസിൽ എല്ലാ ഗ്രന്ഥാലയങ്ങൾക്കും ഒരു തുക കൊടുക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ആ തുക ഇരട്ടിയാക്കിയാൽ മുകളിൽ നിർദ്ദേശിച്ച കാര്യം സുഖമായി നടപ്പിലാക്കാം. ലൈബ്രറി കൗൺസിലിന് അതൊരു ഭാരമാവുകയേയില്ല. എന്തായാലും, സംസ്ഥാനത്തിന്റെ വലിയൊരു സാംസ്‌കാരികാവശ്യമാണിത് എന്നതുകൊണ്ട് അതിനു വേണ്ടിവരുന്ന നിസ്സാരമായ അധികച്ചെലവ് ഒരു പ്രശ്‌നമായിക്കാണുകയേ ചെയ്യരുത്.