in

വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം, വിട വാങ്ങിയത് രാഷ്ട്രീയ- മാധ്യമ രംഗത്തെ അതികായന്‍

ഇന്നലെ അന്തരിച്ച രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി.വീരേന്ദ്രകുമാറിന് നാടിന്റെ അന്ത്യാഞ്ജലി. കോഴിക്കോട് ചാലപ്പുറത്തെ വസതിയിലുള്ള ഭൗതിക ശരീരം ജന്മദേശമായ വയനാട്ടിലെ കൽപ്പറ്റയിലെ വീട്ടുവളപ്പിൽ വൈകിട്ട് അഞ്ചിന് ഒദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഹൃദയാഘാതത്തെ തുടർന്ന് രാത്രി പതിനൊന്നരയ്ക്ക് സ്വകാര്യ ആശുപ്രത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, സാംസ്കാരികരംഗത്തെ നിരവധി പ്രമുഖർ അനുശോചിച്ചു.

“എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗം ജനാധിപത്യ-മതേതരത്വ ചേരിക്ക് കനത്ത നഷ്ടമാണ്. അടിയന്തരാവസ്ഥ കാലത്ത് ഒരു ജയിലിൽ ഒരുമിച്ച് കഴിഞ്ഞിരുന്നു. വർഗീയ ഫാസിസത്തിനെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടി. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വീരേന്ദ്രകുമാർ മുൻനിരയിലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.”

“ബഹുമുഖ പ്രതിഭയായിരുന്നു വീരേന്ദ്രകുമാർ. എച്ച്.ഡി. ദേവ ഗൗഡ, ഐ.കെ. ഗുജ്റാൾ എന്നിവരുടെ കാലത്ത് കേന്ദ്ര മന്ത്രിയായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ച പ്രതിഭാധനനായ വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ പുരസ്കാരങ്ങളും ലഭിച്ചു. പരിസ്ഥിതി സംരക്ഷണവും മനുഷ്യാവകാശവും അദ്ദേഹത്തിന്റെ രചനകളുടെ പ്രമേയമായി. മാതൃഭൂമിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമെന്ന നിലയിൽ മാദ്ധ്യമരംഗത്ത് വിലമതിക്കാനാവാത്ത സംഭാവനകളാണ് അദ്ദേഹം നൽകിയത്. പാവങ്ങൾക്കും പാർശ്വവൽകരിക്കപ്പെട്ടവർക്കും വേണ്ടി അദ്ദേഹം എന്നും നിലകൊണ്ടു. അദ്ദേഹത്തിന്റെ വേർപാടിൽ യഥാർത്ഥ ദേശസ്നേഹിയെയും മഹാനായ നേതാവിനെയുമാണ് രാജ്യത്തിന് നഷ്ടമാവുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു”, ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു അറിയിച്ചു.

“എന്റെ പ്രിയപ്പെട്ട സുഹൃത്ത് കൂടിയായിരുന്നു എം പി വീരേന്ദ്രകുമാർ. എന്റെ കുറേ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ ലൈബ്രറിയിൽ എന്റെ കൈയൊപ്പോടെ കാണും, അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും ആ കൈയൊപ്പോടെ എന്റെ ലൈബ്രറിയിലും സൂക്ഷിക്കുന്നു. എന്റെ അടുത്തൊരു സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം”, എം.ടി വാസുദേവന്‍നായര്‍ പറഞ്ഞു.

“എപ്പോൾ വിളിച്ചാലും നർമ്മത്തോടെ, എല്ലാ സംസാരവും തമാശ കലർത്തി അദ്ദേഹം സംസാരിക്കുമായിരുന്നു. എപ്പോഴും സ്നേഹത്തോടെ, ഏറ്റവും അടുത്തൊരാളോട് സംസാരിക്കുന്നത് പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. പിറന്നാളിന് പോലും എന്നെ വിളിച്ചിരുന്നു. ആശംസ നേർന്നു. ഏറ്റവുമൊടുവിൽ വിളിച്ചപ്പോൾ പുറത്ത് പോകാൻ പറ്റുന്നില്ല, വയ്യ എന്നൊക്കെ പരിഭവത്തോടെ പറഞ്ഞു. അതൊന്നും സാരമില്ല, എല്ലാം പെട്ടെന്ന് ശരിയാകുമെന്ന് ഞാൻ പറഞ്ഞു. എപ്പോൾ വിളിക്കുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കൂടി അദ്ദേഹം ഫോൺ കൈമാറും. ആ അമ്മ, എപ്പോഴും ഇനി വരുമ്പോ വീട്ടിൽ വരണമെന്ന് പറയും”, മോഹന്‍ലാല്‍ പറഞ്ഞു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

പു ക സ നേരിടുന്ന ജീർണത ഇടതുപക്ഷ രാഷ്ട്രീയത്തിന് വന്ന നിലപാട് ജീർണത

ജനകീയ സമരങ്ങളോട് അനുഭാവം പുലര്‍ത്തിയ നേതാവ്