Movie prime

എം.എസ്.എം. ഇ യൂണിറ്റുകളുടെ എണ്ണം ഇരട്ടിയായി: മന്ത്രി 

 

സംസ്ഥാനത്തെ എം.എസ്.എം.ഇ വ്യവസായ യൂണിറ്റുകളുടെ എണ്ണം കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയായി വർധിച്ചെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു. 2016 മുതലുള്ള കാലയളവിൽ 100 ശതമാനം വർധനയാണ് എം.എസ്.എം.ഇ യൂണിറ്റുകളുടെ എണ്ണത്തിൽ ഉണ്ടായത്. 

സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സംരംഭകരെ പിന്തിരിപ്പിക്കുന്നതാണെന്ന തരത്തിൽ തെറ്റായ പ്രചരണം ബോധപൂർവ്വം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ഇത് വസ്തുതകൾക്ക് നിരക്കുന്നതല്ല. വ്യവസായ സൗഹൃദാന്തരീക്ഷം സർക്കാർ നയമായി ഏറ്റെടുത്തിട്ടുണ്ട്. നിക്ഷേപകരുടെ ബുദ്ധിമുട്ടുകൾ പരിഗരിക്കുന്നതിന് സ്റ്റാറ്റ്യൂട്ടറി ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റി രൂപീകരിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. 

2018 ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും നിയമം, കെ. സ്വിഫ്റ്റ്, 2019 ലെ എം.എസ്.എം. ഇ വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ നിയമം, ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ ബ്യൂറോ, വിവിധ ഏജൻസികളുടെ സാമ്പത്തിക സഹായ പദ്ധതികൾ എന്നിവ വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിനായി നടപ്പാക്കി. പുതിയ സർക്കാർ ചുമതലയേറ്റ ശേഷം ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സംരംഭകരുടെ പരാതി കേൾക്കുന്നതിന് മീറ്റ് ദ മിനിസ്റ്റർ പരിപാടി നടന്നുവരികയാണ്. 

സംരംഭകർക്ക് ഭൂമി നൽകുന്നതിനുള്ള ഏകീകൃത നയം പുറപ്പെടുവിക്കും. ചെറുകിട ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും പ്രദർശന കേന്ദ്രം കൊച്ചിയിൽ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കെ.യു. ജനീഷ് കുമാർ, പി.വി. അൻവർ, എം.മുകേഷ്, ഡോ.സുജിത് വിജയൻ പിള്ള, കെ.പി.എ മജീദ്, പി.കെ. ബഷീർ, നജീബ് കാന്തപുരം എന്നിവരുടെ  ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി സഭയെ അറിയിച്ചു.