in

വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന മോദിയുടെ പ്രസംഗം വാചോടാപം: മുല്ലപ്പള്ളി

തിരുവനന്തപുരം: അധികാരത്തിലെത്തിയാല്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ കോടതി മുതല്‍ പാര്‍ലമെന്റുവരെ എല്ലാ വേദികളിലും പോരാടുമെന്ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം അദ്ദേഹം നടത്തുന്ന സ്ഥിരം വാചോടാപത്തിന്റെ ഭാഗമെന്ന്  കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

വിശ്വാസി സമൂഹത്തോടുള്ള വഞ്ചനയും അനാദരവുമാണ് മോദിയുടെ പ്രസംഗം.വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കുമെന്ന് പറയുന്ന മോദി അധികാരം കയ്യിലിരുന്നപ്പോള്‍ വിശ്വാസികള്‍ക്ക് വേണ്ടി എന്താണ് ചെയ്തത്. ശബരിമല പ്രശ്നം പ്രക്ഷോഭമായി മാറിയശേഷം രണ്ട് തവണ പാര്‍ലമെന്റ് സമ്മേളിച്ചിട്ടും വിശ്വാസികള്‍ക്ക് വേണ്ടി ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും എന്തുകൊണ്ട് തയ്യാറായില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.

ശബരിമല വിഷയം ആളിക്കത്തിച്ച് നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച ബി.ജെ.പിയും വിശ്വാസിസമൂഹത്തെ വഞ്ചിച്ച പ്രധാനമന്ത്രിയായ മോദിയും  അധികാരത്തിലെത്തിയാല്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് പറഞ്ഞാല്‍ അതുവിശ്വാസിക്കാന്‍ യഥാര്‍ത്ഥ ഭക്തര്‍ തയ്യാറാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 

പ്രധാനമന്ത്രിയുടെ വാക്കുകള്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയാനുള്ള ബോധം കേരള ജനതയ്ക്കുണ്ട്. വാഗ്ദാനങ്ങളെന്ന പേരില്‍ കള്ളത്തരം പറയുന്നതില്‍ വിദഗ്ധനാണ് പ്രധാനമന്ത്രി. 2014 ലെ തെരഞ്ഞെടുപ്പില്‍ മോദി നടത്തിയ വാഗ്ദാനങ്ങളുടെ അവസ്ഥ തിരിച്ചറിഞ്ഞവരാണ് ഇന്ത്യന്‍ ജനത.  

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍  വിശ്വാസികള്‍ക്കുവേണ്ടി പുനഃപരിശോധന ഹര്‍ജി നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ശബരിമലയെ മറ്റൊരു അയോദ്ധ്യയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിലൂടെ രാജ്യത്തെ ദക്ഷിണ-ഉത്തര ഇന്ത്യയെന്ന് വിഭജിച്ച മോദിക്കുള്ള താക്കീതായിട്ടാണ് മത്സരിക്കാന്‍ രാഹുല്‍ഗാന്ധി വയനാട് തിരഞ്ഞെടുത്തത്. മതനിരപേക്ഷതയുടേയും ബഹുസ്വരതയുടേയും പതാകാവാഹകനായി വയനാട് മത്സരിക്കുക വഴി ഇന്ത്യ ഒന്നാണെന്ന മഹാസന്ദേശമാണ് രാഹുല്‍ഗാന്ധി നല്‍കുന്നത്.

ഹിന്ദുവും മുസ്ലീമും ക്രൈസ്തവരും ജൈനരും ഏകോദര സഹോദരങ്ങളെപ്പോലെ സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്ന മതേതരത്വത്തിന്റെ സംഗമഭൂമിയാണ് വയനാട്. നാനത്വത്തില്‍ ഏകത്വം ഇതാണ് വയനാടില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബ്രട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ കുറിച്യര്‍പ്പടയുടെ നാടാണിത്. കര്‍ണ്ണാടകയോടും തമിഴ്നാടിനോടും ചേര്‍ന്നുകിടക്കുന്ന വയനാട് ഇന്ത്യയുടെ പരിച്ഛേദം തന്നെയാണ്. രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ  ജനാധിപത്യവിശ്വാസികളുടെ ആഗ്രഹമാ ണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

വിദ്യാഭ്യാസ മേഖലയില്‍ നൂതന ഐടി ആശയങ്ങള്‍ക്കായി സ്റ്റാര്‍ട്ടപ് മിഷന്‍ – യൂണിറ്റി ചലഞ്ച്

പ്രധാനമന്ത്രി മോഡിയുടെ പ്രാസ്താവനകൾ അസത്യങ്ങൾ: മുഖ്യമന്ത്രി