Movie prime

മുംബൈ അതീവ ജാഗ്രതയിൽ; വരുന്നത് നൂറ്റാണ്ടിലെ ശക്തിയേറിയ ചുഴലി

അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ ആഞ്ഞടിക്കുമെന്ന് കരുതപ്പെടുന്ന ‘നിസർഗ’ ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി വീഡിയോ കോൺഫറൻസ് വഴി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. കൊറോണ രോഗബാധിതരുടെ എണ്ണം നാല്പത്തിയൊന്നായിരം കടന്ന സംസ്ഥാനത്ത് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതി സംജാതമാവും. 1882-നു ശേഷം സംസ്ഥാനം നേരിടാനിരിക്കുന്ന അതിശക്തമായ ചുഴലിക്കാറ്റാവും നിസർഗയെന്ന് കരുതപ്പെടുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാൻ ഇടയുള്ളതായി കാലാവസ്ഥ നിരീക്ഷണ More
 
മുംബൈ അതീവ ജാഗ്രതയിൽ; വരുന്നത് നൂറ്റാണ്ടിലെ ശക്തിയേറിയ ചുഴലി

അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ ആഞ്ഞടിക്കുമെന്ന് കരുതപ്പെടുന്ന ‘നിസർഗ’ ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി വീഡിയോ കോൺഫറൻസ് വഴി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി.

കൊറോണ രോഗബാധിതരുടെ എണ്ണം നാല്‌പത്തിയൊന്നായിരം കടന്ന സംസ്ഥാനത്ത് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതി സംജാതമാവും. 1882-നു ശേഷം സംസ്ഥാനം നേരിടാനിരിക്കുന്ന അതിശക്തമായ ചുഴലിക്കാറ്റാവും നിസർഗയെന്ന് കരുതപ്പെടുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാൻ ഇടയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ നഗരത്തിലും സമീപ ജില്ലകളിലും അതിജാഗ്രതാ നിർദേശങ്ങൾ നല്കി.

ദുരന്തനിവാരണ സേനയുടെ 31 ടീമുകൾ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ട്. 45 പേരാണ് ഒരു സംഘത്തിലുള്ളത്. 90 മുതൽ 100 കിലോമീറ്റർവരെ വേഗത മാത്രമാണ് കാറ്റിന് ഉണ്ടാകുന്നതെങ്കിൽ പോലും തീരപ്രദേശങ്ങളിൽ അത് കനത്ത നാശനഷ്ടങ്ങൾ വരുത്തിവെയ്ക്കും.

ഓല മേഞ്ഞ വീടുകൾ, കുടിലുകൾ എന്നിവ തകരാനിടയുണ്ട്. വൈദ്യുതി, ടെലിഫോൺ ലൈനുകൾ തകരാറിലാവും. വൈദ്യുതി വിതരണം പൂർണമായി തകരാറിലാവാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ചതായി

എൻഡിആർഎഫ് കേന്ദ്രങ്ങൾ അറിയിച്ചു. ആശുപത്രികളെല്ലാം കോവിഡ് രോഗബാധിതരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വൈദ്യുതിബന്ധവും ടെലിഫോൺ ശൃംഖലയും തകരാറിലാവുന്നത് കൂടുതൽ കുഴപ്പങ്ങൾക്കിടയാക്കും.

തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചെന്ന് ദേശീയ ദുരന്ത നിവാരണസേന ഡയറക്റ്റർ ജനറൽ എസ് എൻ പ്രശാന്ത് അറിയിച്ചു. തീരദേശത്ത് 2 മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ ശക്തി പ്രാപിക്കാൻ ഇടയുണ്ട്. മുംബൈ മേഖലയിലും താനെ, റയ് ഗാഡ് ജില്ലകളിലും നാശനഷ്ടങ്ങൾക്ക് ഇടയുണ്ട്.

കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചെത്താൻ നിർദേശം നല്കിയിട്ടുണ്ട്. കൊറോണ ബാധിതരെ പ്രവേശിപ്പിക്കാത്ത ആശുപത്രികളിൽ ‘നിസർഗ’ യെ കരുതിയുള്ള പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ബംഗാളിൽ ആയിരം കോടിയിലേറെ രൂപയുടെ നാശനഷ്ടവും നൂറോളം പേർക്ക് ജീവഹാനിയും വരുത്തിവെച്ച ഉംപുൻ ചുഴലിക്കാറ്റിന് പിന്നാലെയാണ് ശക്തമായ മറ്റൊരു ചുഴലിക്കാറ്റിനെ നേരിടാൻ പടിഞ്ഞാറൻ ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഒരുങ്ങുന്നത്.