Movie prime

നബാര്‍ഡ് 4 പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു 

 

സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങള്‍ക്കായി നബാർഡ് നാല് നവീന പദ്ധതികള്‍ പ്രഖ്യാപിച്ചു. നബാര്‍ഡിന്റെ നാല്‍പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പദ്ധതികൾ. 

ആദ്യ പദ്ധതിയെന്ന നിലയില്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന കേരള വെറ്ററിനറി ആന്റ് സയന്‍സസ് സര്‍വകലാശാലയ്ക്ക് താറാവുകളില്‍ ബാക്ടീരിയ മൂലം ഉണ്ടാകുന്ന 'റൈമെറെളോസിസ്' രോഗത്തിന് വാക്സിന്‍ കണ്ടെത്താനായി 18.50 ലക്ഷം രൂപ ഗ്രാന്‍റ്  അനുവദിച്ചു. നബാര്‍ഡ് തൃശൂര്‍ ജില്ലാ ഡെവലപ്മെന്റ് മാനേജര്‍ സെബിന്‍ ടി ആന്റണി കെവിഎഎസ്യു തൃശൂര്‍ അസിസ്റ്റന്റ് ഡീന്‍ തെരേസയ്ക്ക് അനുമതി പത്രം കൈമാറി.

മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ആദിവാസി മേഖലകളില്‍ ദീര്‍ഘദൂര വയര്‍ലസ് കണക്റ്റിവിറ്റി സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് 5 ലക്ഷം രൂപ അനുവദിച്ചു.  സെന്റര്‍ ഫോര്‍ സോഷ്യല്‍ കമ്പ്യൂട്ടിംഗിന്റെ സാങ്കേതിക സഹായത്തോടെ മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന എന്‍ജിഒ വഴിയാണ് പദ്ധതി നടപ്പിലാക്കുക. നബാര്‍ഡ് മലപ്പുറം ജില്ലാ ഡെവലപ്മെന്റ് മാനേജര്‍ മുഹമ്മദ് റിയാസ് പദ്ധതിയുടെ അനുമതി പത്രം പി വി അബ്ദുള്‍ വഹാബ് എംപിയ്ക്ക് കൈമാറി. ഭാവിയില്‍ നിലമ്പൂരിലെ ആദിവാസി മേഖലകളില്‍ നിന്നുള്ളവര്‍ക്ക് നിലമ്പൂരിലെ ജില്ലാ ഗവണ്മെന്റ് ആശുപത്രിയുമായി ടെലി മെഡിസിന്‍ സേവനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സംവിധാനം ഉപയോഗിക്കാം.

ഔട്ട്ബോര്‍ഡ് മോട്ടോര്‍ (ഒബിഎം) എന്‍ജിന്‍ കേടുപാട് തീര്‍ക്കല്‍ ജോലികള്‍ക്കായി മത്സ്യത്തൊഴിലാളികള്‍ക്കായി അനുവദിച്ച 15 ലക്ഷം രൂപയാണ് മൂന്നാമത്തെ പദ്ധതി. 4.50 ലക്ഷം രൂപയുടെ പദ്ധതി സൗത്ത് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഫിഷര്‍മെന്‍ സൊസൈറ്റീസിനാണ് പദ്ധതി അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി സൊസൈറ്റി 90 മത്സ്യത്തൊഴിലാളികള്‍ക്ക് ഔട്ട്ബോര്‍ഡ് മോട്ടോര്‍ എന്‍ജിന്‍ കേടുപാട് തീര്‍ക്കലില്‍ പരിശീലനം നല്‍കും. കാലവര്‍ഷത്തിലെ മോശം കാലാവസ്ഥയെ നേരിടാന്‍ മത്സ്യത്തൊഴിലാളി സമൂഹത്തെ പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.

സംസ്ഥാന ഗവൺമെന്റിന്  കീഴില്‍ ഗ്രാഫിക് ഡിസൈനര്‍ പ്രോഗ്രാം, എഡബ്ല്യുഎസ് (ആമസോണ്‍ വെബ് സര്‍വീസ്) ക്ലൗഡ് പ്രോഗ്രാം എന്നിവയ്ക്കായി അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമില്‍ (എഎസ്എപി) ഉള്‍പ്പെടുത്തി നബാര്‍ഡ് 15 ലക്ഷം രൂപ അനുവദിച്ചു. 290 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുക.