naseeruddin shah
in

ലവ് ജിഹാദിൻ്റെ പേരിൽ ഹിന്ദു-മുസ്ലിം സംഘർഷം സൃഷ്ടിക്കുന്നതിനെതിരെ നസറുദ്ദീൻ ഷാ

Naseeruddin Shah

ലവ് ജിഹാദിൻ്റെ പേരിൽ രാജ്യത്ത് ഹിന്ദു-മുസ്ലിം വിഭജനത്തിന് ആക്കം കൂട്ടുന്നതിനെതിരെ പ്രശസ്ത നടൻ നസറുദ്ദീൻ ഷാ. ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച വീഡിയോ അഭിമുഖത്തിലാണ് താരം ലൗ ജിഹാദ് വിവാദത്തിൽ പ്രതികരിച്ചത്. Naseeruddin Shah

രാജ്യത്ത് സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള നിഗൂഢമായ നീക്കങ്ങളാണ് നടക്കുന്നത്. ഇക്കാര്യത്തിൽ താൻ അങ്ങേയറ്റം ആശങ്കാകുലനാണ്. യു പി യിലെ ലവ് ജിഹാദ് വിവാദം ബോധപൂർവം ഉണ്ടാക്കുന്നതാണ്. ലവ് ജിഹാദ് എന്ന പദപ്രയോഗം നടത്തുന്നവർക്ക് ജിഹാദ് എന്ന പദത്തിൻ്റെ അർത്ഥം പോലും അറിയില്ല. ലൗ ജിഹാദിലൂടെ രാജ്യത്തെ മുസ്ലിങ്ങളുടെ ജനസംഖ്യ ഹിന്ദുക്കളുടേതിനെ മറികടക്കും എന്ന അസംബന്ധം മുഖവിലയ്ക്കെടുക്കണമെങ്കിൽ എന്തുമാത്രം ബുദ്ധിശൂന്യത വേണം എന്ന് നസറുദ്ദീൻ ഷാ ചോദിച്ചു.

മിശ്രവിവാഹത്തെ കുറ്റകൃത്യമാക്കുകയാണ് ലൗ ജിഹാദ് ആരോപണക്കാരുടെ ലക്ഷ്യമെന്ന് നസറുദ്ദീൻ ഷാ പറഞ്ഞു. ഹിന്ദു-മുസ്ലിം സമന്വയത്തെയാണ് അവർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഹിന്ദുവായ രത്ന പഥക് ആണ് തൻ്റെ ഭാര്യ. തിയേറ്റർ-സിനിമാ അഭിനേത്രിയാണ് അവർ. തൻ്റെ വിവാഹം ഹിന്ദു-മുസ്ലിം മൈത്രിയുടെ ജീവിക്കുന്ന ഉദാഹരണമാണ്. മക്കളോട് എല്ലാ മതങ്ങളെപ്പറ്റിയും തങ്ങൾ ഇരുവരും സംസാരിക്കാറുണ്ട്. എല്ലാ മതങ്ങളുടേയും സാരം അവരെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ന മതത്തിൽ പെട്ടവരാണ് അവർ എന്ന് ഇതേവരെ പറഞ്ഞിട്ടില്ല. അതിൻ്റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല.

ഇത്തരം വിഭജനങ്ങൾ എല്ലാം കാലക്രമേണ മാഞ്ഞു പോകും എന്ന് നസറുദ്ദീൻ ഷാ പറഞ്ഞു. രത്നയെ വിവാഹം ചെയ്യാൻ ഒരുങ്ങിയപ്പോൾ തൻ്റെ മാതാവ് ആദ്യം ചോദിച്ചത് താൻ അവളെ മതം മാറാൻ നിർബന്ധിക്കുമോ എന്നാണ്. ഇല്ലെന്നാണ് മറുപടി പറഞ്ഞത്. വിദ്യാഭ്യാസം ഇല്ലാത്ത, ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചു വളർന്ന മാതാവ് മതപരിവർത്തനം എന്ന ആശയത്തിന് തികച്ചും എതിരായിരുന്നു. അഞ്ച് നേരം നിസ്കരിക്കുകയും ഹജ്ജിന് പോകുകയും ചെയ്ത സ്ത്രീയായിരുന്നു ഉമ്മയെന്നും ഷാ കൂട്ടിച്ചേർത്തു. ലവ് ജിഹാദിൻ്റെ പേരിൽ ചെറുപ്പക്കാർ നേരിടുന്ന പീഡനങ്ങളിൽ നടൻ അതീവ ദു:ഖം രേഖപ്പെടുത്തി. ഇത്തരം ഒരു ലോകമല്ല താൻ സ്വപ്നം കണ്ടിരുന്നത്.

കഴിഞ്ഞ നവംബറിലാണ് ഉത്തർപ്രദേശിൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവന്നത്. നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്കെതിരെ കർശനമായ ശിക്ഷാവിധികളാണ് ആക്റ്റിലുള്ളത്. ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളും സമാനമായ നിയമ നിർമാണങ്ങൾക്ക് ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഹിന്ദു സ്ത്രീകളെ മുസ്ലിം പുരുഷന്മാർ പ്രണയം നടിച്ച് ചതിയിൽ വീഴ്ത്തി വിവാഹം കഴിച്ച് മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു എന്നാണ് ലൗ ജിഹാദ് വിരുദ്ധരുടെ ആരോപണം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഞരമ്പുകൾ എഴുന്നു നില്ക്കുന്ന കൈയിൻ്റെ ചിത്രവുമായി ജോൺ എബ്രഹാം, “ഗൂഗ്ൾ മാപ്പ് ” എന്ന രസികൻ കമൻ്റുമായി ആരാധകർ

covid-19

പുകവലിക്കാർക്കും വെജിറ്റേറിയൻ ഭക്ഷണക്കാർക്കും കോവിഡ് സാധ്യത കുറവെന്ന് സി എസ് ഐ ആർ പഠനം