Movie prime

നമ്മുടെ സ്വന്തം ജോർജ് ഫ്ലോയ്ഡ് നിമിഷം”, ഹത്രാസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യം

George Floyd Moments ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മരണം രാജ്യമെമ്പാടും പ്രതിഷേധങ്ങൾ തീർക്കുന്നു. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽവെച്ച് ഇന്നലെയാണ് പെൺകുട്ടി മരണമടഞ്ഞത്. മൃതദേഹം യു പി പൊലീസ് ഇന്നലെ രാത്രിയിൽ രഹസ്യമായി സംസ്കരിച്ചത് വലിയ വിവാദമായിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരെ വീട്ടിനുളളിൽ പൂട്ടിയിട്ടാണ് പൊലീസുകാർ അതിക്രമം കാട്ടിയതെന്ന് ആരോപിക്കപ്പെടുന്നു. യു പി പൊലീസിൻ്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. ഹത്രാസിലെ പെൺകുട്ടിയെ ആദ്യം ചില പുരുഷന്മാർ ബലാത്സംഗം ചെയ്തു. ഇന്നലെ മുഴുവൻ ഭരണകൂട സംവിധാനവും More
 
നമ്മുടെ സ്വന്തം ജോർജ് ഫ്ലോയ്ഡ് നിമിഷം”, ഹത്രാസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യം

George Floyd Moments

ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മരണം രാജ്യമെമ്പാടും പ്രതിഷേധങ്ങൾ തീർക്കുന്നു. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽവെച്ച് ഇന്നലെയാണ് പെൺകുട്ടി മരണമടഞ്ഞത്. മൃതദേഹം
യു പി പൊലീസ് ഇന്നലെ രാത്രിയിൽ രഹസ്യമായി സംസ്കരിച്ചത് വലിയ വിവാദമായിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാരെ വീട്ടിനുളളിൽ പൂട്ടിയിട്ടാണ് പൊലീസുകാർ അതിക്രമം കാട്ടിയതെന്ന് ആരോപിക്കപ്പെടുന്നു.

യു പി പൊലീസിൻ്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
ഹത്രാസിലെ പെൺകുട്ടിയെ ആദ്യം ചില പുരുഷന്മാർ ബലാത്സംഗം ചെയ്തു. ഇന്നലെ മുഴുവൻ ഭരണകൂട സംവിധാനവും അവരെ ക്രൂരമായി പീഡിപ്പിച്ചു. എത്ര വേദനാജനകമായ സംഭവം എന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ട്വീറ്റ്.

കൂട്ടബലാത്സംഗവും കൊലപാതകവും യു പിയിലെ ചില വർഗങ്ങൾക്ക് പ്രത്യേകമായുള്ള ജംഗിൾ രാജാണെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുവതിയെ സംസ്‌കരിച്ച രീതിയെ അപലപിച്ചു. നമ്മുടെ രാജ്യത്ത് ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നു. വസ്തുതകൾ അടിച്ചമർത്തപ്പെടുന്നു. ഒടുവിൽ, ശവസംസ്കാരം നടത്താനുള്ള കുടുംബത്തിന്റെ അവകാശങ്ങൾ പോലും അപഹരിക്കപ്പെടുന്നു. ഇത് അപമാനകരവും അന്യായവുമാണ് എന്ന് രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ആശുപത്രിയിൽവെച്ച് പെൺകുട്ടി മരണമടഞ്ഞ വാർത്ത പുറംലോകം അറിഞ്ഞതോടെയാണ് ഹത്രാസ് കൂട്ടബലാത്സംഗം രാജ്യം ചർച്ചചെയ്തു തുടങ്ങിയത്. സോഷ്യൽ മീഡിയയിലാണ് പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചത്. ചന്ദ്രശേഖർ ആസാദിൻ്റെ നേതൃത്വത്തിലുള്ള ഭീം ആർമി പ്രവർത്തകർ ആശുപത്രിക്ക് പുറത്ത് തമ്പടിച്ചു. പ്രതികളെ തൂക്കിലേറ്റുക എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയത്. തങ്ങൾ അറിയാതെയാണ് മൃതദേഹം പൊലീസ് കൊണ്ടുപോയതെന്ന് യുവതിയുടെ സഹോദരന്മാർ പരാതിപ്പെട്ടു.

കൊടും കുറ്റവാളികൾക്ക് പോലും ഇതിനേക്കാൾ മാന്യമായ ശവസംസ്കാരം ലഭിക്കുമെന്ന് യോഗേന്ദ്ര യാദവ് തൻ്റെ ട്വീറ്റിൽ കുറ്റപ്പെടുത്തി. ബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടിയെ കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ പുലർച്ചെ രണ്ടരയോടെ പോലീസ് കൊണ്ടുപോയി സംസ്‌കരിക്കുക. ഒരു ദളിത് കുടുംബം അല്ലായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമോ? രാജ്യത്തിന് തന്നെ നാണക്കേടാണിത്. നമ്മുടെ സ്വന്തം ജോർജ് ഫ്ലോയ്ഡ് നിമിഷമാണിത്, യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സ്വന്തം മകളെ അവസാനമായൊന്ന് വീട്ടിലേക്ക് കൊണ്ടുപോകാനും അവളുടെ സംസ്കാര ചടങ്ങുകൾ നടത്താനുമുള്ള അവസരം ഒരു പിതാവിന് നിഷേധിച്ചത് കൊടും ക്രൂരതയാണെന്ന് അവർ അഭിപ്രായപ്പെട്ടു. തന്റെ മകൾക്ക് നീതി ലഭിക്കണമെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത്. പെൺകുട്ടിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കുന്നതിന് പകരം അവർക്കുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കുകയാണ് സർക്കാർ ചെയ്തത്. മരണത്തിൽ പോലും അവരോട് അനീതി ചെയ്തു. അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് യാതൊരു വിധത്തിലുള്ള ധാർമിക അവകാശവും ഇല്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതിയും യുവതിയെ സംസ്‌കരിച്ച രീതിയെ അപലപിച്ചു.

ക്രിക്കറ്റ് താരം വിരാട് കോലി സംഭവത്തെ മനുഷ്യത്വരഹിതമെന്ന് ആക്ഷേപിച്ചു. ഹത്രാസിൽ സംഭവിച്ചത് മനുഷ്യത്വരഹിതവും ക്രൂരതയെ മറികടക്കുന്ന അതിക്രമവുമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നാണ് തൻ്റെ പ്രതീക്ഷയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

2012-ലെ നിർഭയ കൂട്ടബലാത്സംഗത്തിന് സമാനമായ അതിക്രൂരമായ സംഭവമാണ് ഹത്രാസിൽ ഉണ്ടായത്. യുവതിയുടെ നാവ് മുറിച്ചെടുക്കുകയും നട്ടെല്ല് തകർക്കുകയും ചെയ്തിരുന്നു. വായിൽ ദുപ്പട്ട കുത്തിത്തിരുകിയ നിലയിൽ ആളൊഴിഞ്ഞ പറമ്പിലാണ് പെൺകുട്ടി കിടന്നിരുന്നത്.