Movie prime

സുഗതകുമാരി വിടവാങ്ങി

SugathaKumari മണ്ണിനും മഴയ്ക്കും പെണ്ണിനും പുഴയ്ക്കും വേണ്ടി ശബ്ദമുയർത്തിയ മലയാളത്തിൻ്റെ എക്കാലത്തേയും ദീപ്തമായ കാവ്യതേജസ്സിന് അന്ത്യപ്രണാമം. ഏഴു പതിറ്റാണ്ടോളം കാലം കേരളീയ ജീവിതത്തിൽ നിറഞ്ഞുനിന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരി സുഗതകുമാരി വിടവാങ്ങി. ദീർഘകാലമായി വിവിധ അസുഖങ്ങൾ ബാധിച്ച് പൊതുജീവിതത്തിൽ നിന്നും അകന്നുനിന്നിരുന്ന കവയിത്രി കോവിഡ് ബാധിച്ചാണ് അരങ്ങൊഴിയുന്നത്. SugathaKumari കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ബോധേശ്വരൻ്റെയും സംസ്കൃത അധ്യാപിക വി കെ കാർത്ത്യായനി അമ്മയുടെയും മകളായി 1934 ജനുവരി 22-ന് പത്തനംതിട്ടയിലെ ആറന്മുളയിലാണ് സുഗത കുമാരിയുടെ ജനനം. തിരുവനന്തപുരം More
 
സുഗതകുമാരി വിടവാങ്ങി

SugathaKumari
മണ്ണിനും മഴയ്ക്കും പെണ്ണിനും പുഴയ്ക്കും വേണ്ടി ശബ്ദമുയർത്തിയ മലയാളത്തിൻ്റെ എക്കാലത്തേയും ദീപ്തമായ കാവ്യതേജസ്സിന് അന്ത്യപ്രണാമം. ഏഴു പതിറ്റാണ്ടോളം കാലം കേരളീയ ജീവിതത്തിൽ നിറഞ്ഞുനിന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരി സുഗതകുമാരി വിടവാങ്ങി. ദീർഘകാലമായി വിവിധ അസുഖങ്ങൾ ബാധിച്ച് പൊതുജീവിതത്തിൽ നിന്നും അകന്നുനിന്നിരുന്ന കവയിത്രി കോവിഡ് ബാധിച്ചാണ് അരങ്ങൊഴിയുന്നത്. SugathaKumari

കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ബോധേശ്വരൻ്റെയും സംസ്കൃത അധ്യാപിക വി കെ കാർത്ത്യായനി അമ്മയുടെയും മകളായി 1934 ജനുവരി 22-ന് പത്തനംതിട്ടയിലെ ആറന്മുളയിലാണ് സുഗത കുമാരിയുടെ ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ നിന്ന് ബിരുദം നേടി. തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

പ്രകൃതിയുടെയും മനുഷ്യരുടെയും പാരസ്പര്യത്തിലും ഇഴയടുപ്പത്തിലും അവർ അഗാധമായി വിശ്വസിച്ചു. കവിതകൊണ്ടും നിലപാടു കൊണ്ടും പ്രകൃതിയിലെ സമസ്ത ജീവജാലങ്ങളുടെയും ആത്മാവിലേയ്ക്കുള്ള ജാലകങ്ങളാണ് പ്രിയകവി തുറന്നിട്ടത്. സൈലൻ്റ് വാലി, ചാലിയാർ, ആറന്മുള സമരങ്ങളിൽ സജീവ സാന്നിധ്യമായി നിലകൊണ്ട അവർ കേരളത്തിൻ്റെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായി പ്രവർത്തിച്ചു.

അഭയയിലൂടെ നിരാലംബരുടെയും നിന്ദിതരുടെയും അമ്മയായി മാറിയ തേജസ്സാർന്ന ആ വ്യക്തിത്വം മൃഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും പോരാടി. വനിതാ കമ്മീഷൻ്റെ ആദ്യത്തെ അധ്യക്ഷയായിരിക്കെ കൈക്കൊണ്ട നിരവധി നടപടികളിലൂടെ സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ചു. ശ്രേഷ്ഠ ഭാഷാ സംരക്ഷണത്തിനായി അക്ഷീണം യത്നിച്ച അവർക്ക് 2006-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, സരസ്വതി സമ്മാൻ, മാതൃഭൂമി സാഹിത്യ പുരസ്കാരം, ഓടക്കുഴൽ അവാർഡ്, ആശാൻ പുരസ്കാരം, വള്ളത്തോൾ അവാർഡ്, ലളിതാംബിക അവാർഡ്, ബഷീർ പുരസ്കാരം, ഒ എൻ വി ലിറ്റററി പുരസ്കാരം തുടങ്ങി എണ്ണമറ്റ ബഹുമതികൾ നേടിയിട്ടുണ്ട്.

മുത്തുച്ചിപ്പി, പാതിരാപ്പൂക്കൾ, പാവം മാനവഹൃദയം, പ്രണാമം, ഇരുൾച്ചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, കൃഷ്ണകവിതകൾ, മേഘം വന്നു തൊട്ടപ്പോൾ, കാടിനു കാവൽ എന്നിവയാണ് ശ്രദ്ധേയമായ കൃതികൾ.

ദീർഘകാലമായി വിവിധ അസുഖങ്ങൾ അവരെ അലട്ടിയിരുന്നു. ഭർത്താവ് ഡോ. കെ വേലായുധൻ നായർ 2003-ൽ മരണമടഞ്ഞു. അന്ത്യാഭിലാഷം അനുസരിച്ച് ശാന്തികവാടത്തിൽ, പൂർണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാരം നടത്തുന്നത്